ഷീല ദാരിദ്രത്തിലാണ് കഷ്ടത്തിലാണെന്ന് മീഡിയ പറഞ്ഞ് പരത്തും, അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഈ വേഷം കെട്ട്; ഷീല
എവർഗ്രീൻ നായിക വസന്തം ഷീലയെ കുറിച്ച് സിനിമാ പ്രേമികളോട് സംസാരിക്കാൻ മുഖവുരകളുടെ ആവശ്യമില്ല. എഴുപത്തിയേഴുകാരിയായ താരം അന്നും ഇന്നും അതീവ സുന്ദരിയായാണ് മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. വില കൂടിയ പട്ടുസാരികളുടേയും മാച്ചിങ് ആഭരണങ്ങളുടേയും വലിയൊരു ശേഖരം നടിക്കുണ്ട്. ലിപ്സ്റ്റിക്ക് അടക്കമുള്ള ബ്യൂട്ടി പ്രോഡക്ട്സുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ അണിഞ്ഞൊരുങ്ങി നടക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും മീഡിയയിൽ വരാൻ സാധ്യതയുള്ള വാർത്തകൾ ഭയന്നാണ് താൻ കളർഫുൾ സാരികളും ആഭരണങ്ങളും മേക്കപ്പും എല്ലാം ധരിക്കുന്നതെന്നും ഷീല മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
താൻ ഒരുങ്ങി നടന്നില്ലെങ്കിൽ ഒരു നല്ല ഫോട്ടോയും ഒപ്പം ഒരു കിഴവിയുടെ ചാവാൻ പോകുന്ന ഫോട്ടോയും വെച്ച് ഇതാണ് ഇപ്പോഴത്തെ ഷീല എന്നൊക്കെ എഴുതി പ്രചരിപ്പിക്കുമെന്നും നടി പറയുന്നു.

എനിക്ക് സ്വപ്നങ്ങളില്ലെന്ന് ഞാൻ പറഞ്ഞത് ശരിയാണ്. എനിക്ക് ഒരിക്കലും സ്വപ്നങ്ങൾ ഉണ്ടായിട്ടില്ല. സ്വപ്നങ്ങളെ ഇല്ലെനിക്ക്. സിനിമയിൽ അഭിനയിക്കുന്നത് ഒരു സ്വപ്നമെന്ന് പറയാൻ പറ്റില്ല. സിനിമയിലേക്ക് അവസരം വരുന്നു.. ക്യാരക്ടർ കൊള്ളാമെന്ന് തോന്നുന്നു. അഭിനയിക്കുന്നു. അതൊന്നും സ്വപ്നമല്ല. അതായിട്ട് വന്നു അതായിട്ട് പോയി.
നല്ല ഒഴുക്കുള്ള പുഴയിൽ ഇലയിട്ടാൽ ഒരു ഒഴുക്കിൽ പോവില്ലേ. അതുപോലൊരു ഒഴുക്കിൽ പോയിയെന്ന് മാത്രം. അല്ലാതെ സ്വപ്നങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല. ഇങ്ങനെയുള്ള സാരി വേണം, ഇങ്ങനെയുള്ള ആഭരണങ്ങൾ വേണം എന്ന സ്വപ്നം പോലും ഉണ്ടായിട്ടില്ല. ഈ വേഷം കെട്ട് പോലും മനുഷ്യർക്ക് വേണ്ടിയാണ്. അല്ലെങ്കിൽ ഷീല ദാരിദ്രത്തിലാണ് കഷ്ടത്തിലാണ് എന്നൊക്കെ പറയും.
ഇപ്പോഴക്കെ സോഷ്യൽമീഡിയയും യുട്യൂബും എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. ഞാൻ ഒരുങ്ങി നടന്നില്ലെങ്കിൽ ഒരു നല്ല ഫോട്ടോയും ഒപ്പം ഒരു കിഴവിയുടെ ചാവാൻ പോകുന്ന ഫോട്ടോയും വെച്ച് ഇതാണ് ഷീല ഇപ്പോഴത്തെ ഷീല എന്നൊക്കെ എഴുതി പ്രചരിപ്പിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഈ വേഷം കെട്ടൊക്കെ. എനിക്ക് ഒരു വേഷം കെട്ടും ഇഷ്ടമല്ല. എനിക്ക് ചെറിയ പ്രായം മുതൽ ഇതുവരെയും ഒരു സ്വപ്നവും ഉണ്ടായിട്ടില്ല ഷീല പറയുന്നു.
എന്നേക്കും ചെമ്മീനിലെ കറുത്തമ്മയും കള്ളി ചെല്ലമ്മയിലെ ചെല്ലമ്മയും അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനിയും മനസ്സിനക്കരെയിലെ കൊമ്പനക്കാട്ട് കൊച്ചു ത്രേസ്യയുമെല്ലമാണ് ഷീല മലയാളികൾക്ക്. ആറ് പതിറ്റാണ്ടിലധികമായി മലയാള-തമിഴ് സിനിമാ മേഖലകളില്‍ സജീവമാണ് ഷീല. എന്നാൽ വളരെ വിരളമായി മാത്രമാണ് മലയാളത്തിൽ നടി സിനിമകൾ ചെയ്യുന്നത്.

ചെന്നൈയിൽ വിശ്രമ ജീവിതം നയിക്കുന്നതിന് ഇടയിൽ വിനോദമായി ചിത്രരചനയുമുണ്ട്. 1942ൽ തൃശൂരിലെ ഒരു യഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിലാണ് നടിയുടെ ജനനം. ഷീല സെലിൻ എന്നാണ് മുഴുവൻ പേര്. പിതാവ് റെയിൽവേ ജീവനക്കാരനായിരുന്നു. അതിനാൽ തന്നെ പിതാവിനെ ജോലിയിൽ സ്ഥലം മാറ്റം കിട്ടുന്നതിന് അനുസരിച്ച് വിവിധ സ്ഥലങ്ങളിലായിട്ടാണ് ഷീലയുടെ പഠനം പൂർത്തിയായത്.
1962ല്‍ എംജിആര്‍ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് ഷീല അഭിനയത്തിലേക്ക് അരങ്ങേറിയത്. അന്ന് ലൊക്കേഷനിലെത്തിയ ഷീലയുടെ പേര് എംജിആര്‍ മാറ്റി. സരസ്വതി ദേവി എന്നായിരുന്നു പുതിയ പേര്. പ്രേം നസീര്‍, സത്യന്‍, കമലഹാസന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ ഒട്ടേറെ മുന്‍നിര നായകന്മാര്‍ക്കൊപ്പം ഷീല നായികയായി.
അക്കാലത്ത് നായകന്മാർ വാങ്ങുന്നതിനേക്കാൾ പ്രതിഫലം ഷീലയ്ക്ക് ലഭിച്ചിരുന്നു. അക്കാലത്തെ ലേഡി സൂപ്പർസ്റ്റാറെന്നും വിശേഷിപ്പിക്കാം. ഒരിടയ്ക്ക് സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ടുനിന്ന ഷീല മനസിനക്കരയിലൂടെയാണ് തിരിച്ച് എത്തിയത്.


Click it and Unblock the Notifications











