ഹാഫ് സെഞ്ചുറി അടുക്കാറായി, മുജന്മസുകൃതമാണ് ഇങ്ങനെ ജനിക്കാനായത്! ദൈവം നല്‍കിയ വലിയ അനുഗ്രഹം മറവിയാണ്
അന്നും ഇന്നും മാറ്റങ്ങളില്ലാതെ ഒരുപോലെ തോന്നിക്കുന്ന നടിയാണ് അഞ്ജു അരവിന്ദ്. നടി എന്നതിനപ്പുറം നര്‍ത്തകി കൂടിയായ നടി ഇപ്പോള്‍ അഭിനയത്തെക്കാളും നൃത്തത്തിനാണ് പ്രധാന്യം കൊടുക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമായിട്ടുള്ള അഞ്ജു ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും എത്താറുണ്ട്.
അത്തരത്തില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു കുറിപ്പാണ് വൈറലാവുന്നത്. ഹാഫ് സെഞ്ചുറി അടുക്കാറയെന്നാണ് നടി പറയുന്ന്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ് പോയ ജീവിതത്തെ പറ്റിയും ഈ കാലയളവില്‍ തനിക്ക് പിന്തുണയായി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞുമാണ് നടി എത്തിയിരിക്കുന്നത്.

'ഒക്ടോബര്‍ 24 നാണ് ഞാനെന്ന പ്രതിഭാസം ഭൂമിയില്‍ ലാന്‍ഡ് ചെയ്തത്. പറഞ്ഞത് പോലെ ഹാഫ് സെഞ്ചുറി അടുക്കാറായല്ലോ എന്റെ ഈശ്വരാ... നല്ലൊരു അച്ഛന്റെയും അമ്മയുടേയും മകളായി നല്ല കുടുംബത്തില്‍ ജനിക്കാന്‍ സാധിച്ചത് മുജന്മസുകൃതം. കണ്ണൂര്‍ ജില്ലയിലെ കലാകാരിയായും എന്റെ തറവാടായ കണ്ണോത്ത് തഴത്തുവീടിന്റെ അഭിമാനങ്ങളില്‍ ഒരാളുമാവാന്‍ സാധിച്ചത് ദൈവാനുഗ്രഹം കൊണ്ടുമാത്രം.
ഉരുവചാലിലേ നല്ലവരായ നാടുകാരുടെ മനസ്സില്‍ എപ്പോളും എനിക്കൊരു സ്ഥാനമുണ്ടെന്ന വിശ്വാസം എനിക്ക് അവരെ കൂടുതല്‍ സ്‌നേഹിക്കാനുള്ള കരുത്ത് തരുന്നു. പ്രായം കൂടുംതോറും എന്നിലെ കുട്ടിത്തതിന് പ്രായം കുറഞ്ഞുവരുകയാണോ എന്ന് സംശയം ഇല്ലാതില്ല. ദൈവം എനിക്ക് തന്നിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമായി മറവി ഉള്ളതുകൊണ്ട് പാസ്റ്റില്‍ ജീവിക്കാതെ പ്രസന്റില്‍ ജീവിക്കാന്‍ വളരെ എളുപ്പം.
എന്നാലും കാലത്തിനും, മറവിക്കും ഒന്ന് തൊടാന്‍ പോലും സാധിക്കാതെ എന്റെ മനസ്സിലുള്ള ചില വിങ്ങലും വീര്‍പ്പുമുട്ടുകളുംമുണ്ട്. ഞാന്‍ ഏറെ സ്നേഹിച്ചവരുടെ വിയോഗം.. ജീവിതത്തിലേ ഉയര്‍ച്ച താഴ്ചകളെ മിതത്വതോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. സ്‌കൂളും, സബ് ജില്ലാ, ജില്ലാകലോത്സവങ്ങളില്‍ നിറ സാന്നിധ്യം ആയി നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ എന്റെ കുടുംബത്തിലെ പ്രിയപെട്ട എല്ലാവര്‍ക്കും പങ്കുണ്ട്.

പ്രധാനമായും എന്റെ ഗുരുക്കന്മാരെ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോള്‍ ബാംഗളൂരില്‍ ഒരു നൃത്ത അധ്യാപികയുടെ റോള്‍ ആസ്വദിക്കുമ്പോള്‍ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കിട്ടുന്ന സ്‌നേഹത്തിനുപകരം വെക്കാന്‍ മറ്റൊന്നില്ല. ഒരുപാട് ശിഷ്യ സമ്പത്തുണ്ടാവട്ടേ എന്ന് കലാമണ്ഡലം സരസ്വതി ടീച്ചര്‍ എന്നെ അനുഗ്രഹിച്ചത് ഒരിക്കലും മറക്കാനാവില്ല.
ഇന്ന് എനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച ഓരോരുത്തര്‍ക്കും ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു, സോഷ്യല്‍ മീഡിയയിലെ എല്ലാ സുഹൃത്തുക്കളോടും നന്ദി. വിവാഹജീവിതത്തിലെ പാകപിഴകളെല്ലാം മറികടന്ന്,
മില്ല്യന്‍ ഡോളര്‍ ചിരിയുമായി എന്റെ ജീവിതത്തിലേക്ക് വൈകിവന്ന വസന്തത്തോടൊപ്പവും അന്‍വി മോളോടൊപ്പവും ജീവിതമെന്ന റെയില്‍വേ ട്രാക്കിലൂടെയ് യാത്ര തുടരുമ്പോഴും ദൈവത്തോട് പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും. അപ്പോള്‍ ഹാപ്പി ബെര്‍ത്ത് ഡേ ടൂ മീ... സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു.' എന്നും പറഞ്ഞാണ് അഞ്ജു എഴുത്ത് അവസാനിപ്പിക്കുന്നത്.
സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു അരവിന്ദ് ആദ്യമായി അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ അനിയത്തി വേഷമായിരുന്നു. പിന്നീട് തമിഴില്‍ വിജയുടെ നായികയായി അഭിനയിച്ച് അവിടെയും ഹിറ്റായി. ഒപ്പം തെലുങ്കിലും തമിഴിലുമൊക്കെ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











