ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല; അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് നടി ആന്‍ ആഗസ്റ്റിന്‍ പറഞ്ഞത്
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് നടി അഗസ്റ്റിന്‍. വിവാഹം കഴിഞ്ഞതോടെ കൂടിയാണ് ആന്‍ സിനിമയില്‍ നിന്നും മാറി നിന്നത്. പിന്നീട് നടിയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടയില്‍ ഭര്‍ത്താവും ക്യാമറാമാനുമായ ജോമോന്‍ ടി ജോണുമായി വിവാഹമോചിതയായെന്ന് അറിയിച്ചു കൊണ്ട് നടി എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടി.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചു വരുന്നത്. എഴുത്തുകാരനായ എം മുകുന്ദന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം ആയിരിക്കും ചിത്രത്തിലുണ്ടാവുക. അതേസമയം സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവ് ഒട്ടും പ്ലാന്‍ ചെയ്യാതെ നടന്ന കാര്യമാണെന്നാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ ആന്‍ അഗസ്റ്റിന്‍ വ്യക്തമാക്കുന്നത്.

ആനിന്റെ വാക്കുകളിലേക്ക്... 'അഭിനയത്തിലേക്ക് തിരിച്ചു വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു പരസ്യ നിര്‍മ്മാണ കമ്പനി ആരംഭിച്ചു. പിന്നീട് ഈയിടെയായി എനിക്ക് ചില അഭിനയിക്കാനുള്ള ചില ഓഫറുകള്‍ വന്നു തുടങ്ങി. ഒടുവില്‍ അത് സംഭവിക്കുകയായിരുന്നു. എന്റെ കരിയര്‍ ഉപേക്ഷിക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ ആ സമയത്ത് ഞാന്‍ അത് ചെയ്തു. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ലെന്നാണ് ആന്‍ പറയുന്നത്.

വീണ്ടും നായികയായി അഭിനയിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെ തിരിച്ച് വരുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് ആന്‍ പറയുന്നത്. ഇതുപോലെ ശക്തമായ മൂന്ന് ഘടകങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍ വൗ എന്ന് പറഞ്ഞ് പോകാതെ ഇരിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ വികാരഭരിതയായി പോയിരുന്നു. അമ്മയും ആന്റിയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സ്‌കൂളില്‍ ആദ്യത്തെ ദിവസം പോയപ്പോള്‍ ഉണ്ടാവുന്ന ഒരുതരം പരിഭ്രമമാണ് അന്നേരം തോന്നിയതെന്നാണ് ആന്‍ പറഞ്ഞത്. എന്നാല്‍ ഹരി സാര്‍ മുതല്‍ സുരാജേട്ടന്‍ വരെ എല്ലാവരും എന്നെ കംഫര്‍ട്ടബിള്‍ ആക്കുകയാണ് ചെയ്തത് എന്നും നടി പറയുന്നു.

ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആന്‍ അഗസ്റ്റിന്‍ അവസാനമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. 2013 ലാണ് ഈ സിനിമ റിലീസിനെത്തുന്നത്. ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും ആനിന് ലഭിച്ചിരുന്നു. ശേഷം നീ-നാ, സോളോ എന്നീ സിനിമകളില്‍ ചെറിയ റോളുകളിലൂടെ ആന്‍ അഭിനയിക്കുകയും ചെയ്തു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമ എത്തുന്നത്.
Recommended Video

2014 ല്‍ ആയിരുന്നു ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണുമായി ആന്‍ വിവാഹിതയാവുന്നത്. കുറേ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2013 ല്‍ ആനിന്റെ പിതാവും മലയാളത്തിലെ പ്രമുഖ നടനുമായ അഗസ്റ്റിന്‍ അന്തരിച്ചതോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് മാറിയത്.


Click it and Unblock the Notifications











