ക്യാമറയ്ക്ക് മുന്നിൽ വരില്ല... ഞാൻ ഒരു ഫോട്ടോയ്ക്ക് വിളിച്ചാലും വരാൻ മടിയാണ്; ഭർത്താവിനെ കുറിച്ച് അനു സിത്താര!
അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകർക്ക് വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് അനു സിത്താര. കാവ്യ മാധവന്റെ പകരക്കാരിയായി എത്തിയ നടി എന്നൊരു ടാഗ് കൂടി അനു സിത്താരയ്ക്കുണ്ട്. രൂപത്തിലും അഭിനയത്തിലുമുള്ള സാമ്യത തന്നെയാണ് അത്തരമൊരു ടാഗ് അനുവിന് കിട്ടാൻ പ്രധാന കാരണം. മുപ്പതുകാരിയായ അനു സിത്താര വയനാട് സ്വദേശിനിയാണ്.
മറ്റുള്ള നായിക നടിമാരിൽ നിന്നും അനു സിത്താരയുടെ സിനിമാ ജീവിതം അൽപം വ്യത്യസ്തമാണ്. പൊതുവെ നടിമാർ വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽ അനുവിന്റെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. വിവാഹശേഷമാണ് സിനിമയിലേക്ക് അനു എത്തിയത് തന്നെ.

നടിയുടേത് പ്രണയ വിവാഹമായിരുന്നു. അതും ഇരുപത് വയസാകാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ നടന്ന വിവാഹം. 2015 ലാണ് അനു സിത്താരയുടെയും വിഷ്ണു പ്രസാദിന്റെയും പ്രണയ വിവാഹം കഴിഞ്ഞത്. വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ കോഴിക്കോട് വെച്ച നടന്ന ഒരു രജിസ്റ്റര്‍ വിവാഹമായിരുന്നു അത്. സിനിമാ കരിയർ കെട്ടിപ്പടുക്കാൻ അനുവിന് ഏറ്റവും കൂടുതൽ സഹായമായത് ഭർത്താവ് വിഷ്ണുവിന്റെ പിന്തുണയാണ്.
പക്ഷെ വിരളമായി മാത്രമെ ക്യാമറയ്ക്ക് മുന്നിൽ വിഷ്ണു എത്താറുള്ളത്. താൻ വിളിച്ചാൽ പോലും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഭർത്താവിന് മടിയാണെന്നും അതിനാലാണ് താനും ഭർത്താവും ഒരുമിച്ചുള്ള ഫോട്ടോകൾ കുറവായതിന് കാരണമെന്നും പറയുകയാണിപ്പോൾ അനു സിത്താര. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
പുള്ളി ക്യാമറയുടെ മുന്നിലേക്ക് വരില്ല. ഒരിക്കലും വരില്ല. ഭയങ്കര മടിയാണ്. ഞാൻ ഒരു ഫോട്ടോയ്ക്ക് വിളിച്ചാൽ തന്നെ വിഷ്ണു ചേട്ടന് വരാൻ മടിയാണ്. അതുപോലെ എന്റെ സോഷ്യൽമീഡിയ പേജുകൾ നോക്കി കഴിഞ്ഞാൽ ഞാനും വിഷ്ണു ചേട്ടനും ഒരുമിച്ചുള്ള ഫോട്ടോകൾ വളരെ കുറവായിരിക്കും. നിർബന്ധിച്ച് ക്യാമറയ്ക്ക് മുന്നിൽ പിടിച്ച് നിർത്തിയാൽ റൂമിൽ ചെന്ന് കഴിയുമ്പോൾ എനിക്ക് ചീത്ത കേൾക്കും. ഞങ്ങളുടെ വിവാഹം കോഴിക്കോട് രജിസ്റ്റർ മാരേജായാണ് നടന്നത്.
ഇരുപത് വയസാകാൻ ഒരു മാസം മാത്രം ഉള്ളപ്പോഴായിരുന്നു വിവാഹം അനു സിത്താര പറഞ്ഞു. ഫോട്ടോഗ്രാഫറാണ് വിഷ്ണു പ്രസാദ്. സ്കൂൾ കാലം മുതലാണ് ഇരുവരും പ്രണയിച്ച് തുടങ്ങിയത്. അന്ന് അനു സിത്താര പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഒരുപാട് ആള്‍ക്കാരെ പുറകെ നടത്തിയെങ്കിലും പ്രണയം തോന്നിയത് വിഷ്‍ണു ഏട്ടനോട് മാത്രമാണ്.

കല്ല്യാണം കഴിഞ്ഞതുകൊണ്ട് പറയുന്നതല്ല. വിഷ്‍ണുവേട്ടനെ കാണുമ്പോള്‍ ഒരു പ്രണയത്തിന് വേണ്ട എല്ലാ തോന്നലുകളും വണ്ടിയും പിടിച്ചുവരുന്നില്ലേ എന്നൊരു സംശയമുണ്ടായിരുന്നു. ആ സംശയവും മനസില്‍ വെച്ച് മൂന്ന് വര്‍ഷം ഞാന്‍ വിഷ്‍ണുവേട്ടനെ പുറകെ നടത്തി. പിന്നെ കക്ഷി ഈ നടപ്പങ്ങ് നിര്‍ത്തിയാലോയെന്ന് പേടിച്ച് പിടികൊടുത്തു. എന്റെ പിറകെ നടന്ന കണക്ക് വിഷ്‍ണുവേട്ടന്‍ ഇപ്പോഴും പറയാറുണ്ട്. ഇരുപതാം വയസില്‍ വിവാഹം കഴിഞ്ഞത് നേരത്തെ ആയിപ്പോയി എന്നൊന്നും തോന്നുന്നില്ല.
കാരണം വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖം. ആരേയും പേടിക്കേണ്ടല്ലോ. ഇഷ്‍ടം പോലെ സംസാരിക്കാം എന്നാണ് പ്രണയ കാലം ഓർമിച്ചെടുത്ത് ഒരിക്കൽ അനു സിത്താര പറഞ്ഞത്. ഭർത്താവ് മാത്രമല്ല അനുവിന്റെ പ്രൊഫഷണൽ ലൈഫുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്ന പേഴ്സണൽ മാനേജർ റോളും വിഷ്ണുപ്രസാദാണ് ചെയ്യുന്നതെന്ന് പറഞ്ഞാലും തെറ്റില്ല.
ആരോക്കെ നല്ലത് പറഞ്ഞാലും വിഷ്‍ണുവേട്ടന്‍ പറഞ്ഞാലേ അഭിനയം നല്ലതായി എന്ന വിശ്വാസം വരൂ. അതുകൊണ്ട് മിക്കവാറും എന്റെ കൂടെ തന്നെയുണ്ടാവും കക്ഷി. വിഷ്‍ണുവേട്ടന്‍ കൂടെയുണ്ടെങ്കിലേ സമാധാനമാവൂ അനു സിത്താര പറയുന്നു. സന്തോഷമാണ് അവസാനം റിലീസായ അനു സിത്താരയുടെ മലയാള സിനിമ.


Click it and Unblock the Notifications











