'അധ്യാപകനും വിദ്യാർത്ഥിയുമായിരിക്കെ പ്രണയിച്ചു, മകൾ വഴി ചാൻസ് ചോദിക്കാറില്ല'; അനു സിത്താരയുടെ മാതാപിതാക്കൾ!
കാവ്യ മാധവന് ശേഷം ശാലീന സൗന്ദര്യം കൊണ്ട് മലയാളികളെ ആരാധകരാക്കി മാറ്റിയ നടിയാണ് അനു സിത്താര. വയനാട്ടുകാരിയായ അനു സിത്താര പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. പത്ത് വർഷത്തിനിടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. സിമ്പുവിന്റെ നായികാ വേഷം വരെ അനു സിത്താര അവതരിപ്പിച്ചു.
ഏതൊക്കെ ഭാഷയിൽ സിനിമ ചെയ്താലും അംഗീകാരങ്ങൾ ലഭിച്ചാലും വയനാട്ടിലെത്തി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിലാണ് അനുവിന്റെ സന്തോഷം. വയനാട്ടുകാരിയായതില്‍ ഏറെ അഭിമാനിക്കുന്നയാൾ കൂടിയാണ് നടി. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിട്ടുണ്ട് അനു സിത്താര.
സിനിമയിലേക്കുള്ള വാതിലുകൾ എളുപ്പത്തിൽ തുറന്ന് കിട്ടാൻ നൃത്തവും ഒരു പരിധിവരെ അനുവിനെ സഹായിച്ചു. നടിയുടെ പിതാവും സിനിമാമോഹിയായിരുന്നു. അച്ഛന് നേടാൻ കഴിയാതെ പോയ പലതും അനു സിത്താര അച്ഛന് വേണ്ടി ഇന്ന് നേടിയെടുക്കുന്നു. മക്കളിലൂടെ അറിയപ്പെടാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായി കരുതുന്നവരാണ് അനുവിന്റെ മാതാപിതാക്കൾ.
വിവാഹിതയാകുന്നതിന് മുമ്പ് വരെ അച്ഛൻ സലാമാണ് അനു സിത്താരയ്ക്കൊപ്പം ഷൂട്ടിങിന് തുണപോയിരുന്നത്. വിഷ്ണു അനുവിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് തങ്ങൾക്ക് വിശ്രമം ലഭിച്ചതെന്നും മാതാപിതാക്കൾ പറയുന്നു.

അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. നടിയുടെ മാതാപിതാക്കളും പ്രണയിച്ച് വിവാഹിതരായവരാണ്. 'തുടക്കത്തിൽ ഞങ്ങൾ അധ്യാപകനും വിദ്യാർത്ഥിയുമായിരുന്നു. പിന്നീട് പതിയെ പ്രണയത്തിലേക്ക് വഴിമാറി. നോട്ട്ബുക്കിൽ പ്രണയ ഗാനങ്ങളുടെ വരികളെഴുതി പരസ്പരം കൈമാറുമായിരുന്നു. ഒരിക്കൽ നോട്ട്ബുക്ക് വീട്ടിൽ പിടികൂടി പ്രശ്നമായി.'
'ഞങ്ങൾ രണ്ട് മതസ്ഥരാണ്. വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതിനാൽ ഒളിച്ചോടി വിവാഹം കഴിച്ചു. പക്ഷെ അതിന്റെ പേരിൽ നാട്ടുകാർ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ പ്രണയവും ഒളിച്ചോട്ടവും നാട്ടിൽ പാട്ടാണ്. ചെറുപ്പത്തിൽ തന്നെ മക്കളോടും ഇതെല്ലാം പറഞ്ഞിരുന്നുവെന്നും', അനു സിത്താരയുടെ മാതാപിതാക്കൾ പറയുന്നു.
അനു സിത്താര സിനിമയിലേക്ക് വന്നപ്പോൾ അമ്മയ്ക്ക് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ മകളുടെ സിനിമാ ജീവിതത്തെ കുറിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 'ഒന്നും അല്ലാതിരുന്ന സമയത്താണ് അനു സിനിമയിലേക്ക് വരുന്നത്. അവളുടെ അധ്യാപകർ വരെ പിന്തുണ നൽകിയിരുന്നു. നല്ലൊരു അവസരം നഷ്ടപ്പെടുത്തി കളയരുതെന്നാണ് അവരെല്ലാം ഒന്നടങ്കം പറഞ്ഞത്.'
'സിനിമയിലേക്ക് വിടാൻ ആദ്യം ഒരു ഭയമുണ്ടായിരുന്നു. അവളുടെ മാനുവിന് (അച്ഛന്) സിനിമയും അഭിനയവും താൽപര്യമാണ്. അഭിനയിക്കാനുള്ള മോഹം ഇപ്പോഴും ഉള്ളിലുണ്ട്. അനുവിനൊപ്പവും അല്ലാതെയും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷെ ഇന്നേവരെ മകൾ വഴി അഭിനയിക്കാൻ ചാൻസ് ചോദിച്ചിട്ടില്ല.'

'സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം ഒരുതരത്തിലുള്ള മോശം അനുഭവവും അവൾക്കും ഞങ്ങൾക്കും ഉണ്ടായിട്ടില്ലെന്നും', മാതാപിതാക്കൾ പറയുന്നു. അനു പങ്കാളിയായി കണ്ടെത്തിയ വിഷ്ണുവിനെ ചെറുപ്പം മുതൽ പരിചയമുള്ളതുകൊണ്ടാണ് അവരുടെ വിവാഹത്തെ എതിർക്കാതിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. വിഷ്ണു ഫോട്ടോഗ്രാഫറാണ്. അനു സിത്താരയാണ് മിക്കപ്പോഴും മോഡലാകാറുള്ളത്.
അന്യ ഭാഷ ചിത്രങ്ങളില്‍ നിന്ന് ഒട്ടനവധി വേഷങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം നിരസിച്ചത് കോസ്റ്റ്യൂം പ്രശ്നമായതുകൊണ്ടാണെന്ന് അനു സിത്താര വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയ യുവനടിമാരിൽ ഏറെപ്പേരും ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നവരാണ്. തെലുങ്കിൽ നിന്നാണ് അത്തരം കഥാപാത്രങ്ങൾ ഏറെയും വന്നതെന്നും അനു സിത്താര പറഞ്ഞിരുന്നു. സന്തോഷമാണ് അനു സിത്താര നായികയായി മലയാളത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. തമിഴിൽ സിമ്പുവിന്റെ പത്ത് തലയായിരുന്നു അവസാനം റിലീസ് ചെയ്തത്.


Click it and Unblock the Notifications











