ആ തോന്നലിന്റെ ശക്തിയാണ് ജീവിപ്പിക്കുന്നത്, മനോഹരന്റെ മോളെ കരയിപ്പിക്കാൻ ആർക്കാ ധൈര്യം?; അച്ഛനെ കുറിച്ച് അനു!
മലയാളത്തിലും തമിഴിലുമായി തിരക്കുള്ള അഭിനേത്രിയാണ് നടൻ അനുമോൾ. 2010ലാണ് അനുമോൾ സിനിമയിലേക്ക് അരങ്ങേറുന്നത്. തുടക്കം തമിഴ് സിനിമയിലൂടെയായിരുന്നുവെങ്കിലും അഭിനേത്രി എന്ന രീതിയിൽ താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് മലയാള സിനിമയുടെ ഭാഗമായശേഷമാണ്. പതിനാല് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രങ്ങൾ വരെ നടി അവതരിപ്പിച്ച് കഴിഞ്ഞു.
ചാനൽ ഷോകളിൽ അവതാരകയായി ശ്രദ്ധേനടിയ ശേഷമാണ് അനുവിന് സിനിമയിൽ നിന്നും വേഷങ്ങൾ ലഭിക്കുന്നത്. കോടിക്ലബ്ബിൽ കയറുന്ന സിനിമകളിൽ അഭിനയിക്കുക എന്നതിലുപരി നല്ല സിനിമകളും കഥാപാത്രങ്ങളും തന്റെ സിനിമാ ജീവിതത്തിൽ സംഭവിക്കുക എന്നതിനോടാണ് അനുവിന് താൽപര്യം. ജീവിതത്തിൽ ഉയർച്ചയുടെ പടവുകൾ കയറുമ്പോൾ ഉള്ളിലൊരു സങ്കടം അനുവിന് എപ്പോഴുമുണ്ട്.

തന്റെ വിജയങ്ങൾ കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട അച്ഛനൊപ്പമില്ലെന്നതാണത്. അനുവിന് ഏഴ് വയസ് പ്രായമുള്ളപ്പോഴാണ് അച്ഛന്റെ മരണം സംഭവിക്കുന്നത്. അതുവരെ അച്ഛനായിരുന്നു അനുവിന്റെ ലോകം. ഇപ്പോഴിതാ അച്ഛന്റെ വേർപാട് സംഭവിച്ച് മുപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ അനു കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.
എപ്പോഴും അച്ഛൻ ഒപ്പമുണ്ടെന്ന തോന്നലാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് അനു കുറിച്ചത്. നാട്ടിലെല്ലാവരുടേയും പറച്ചിൽ എനിക്ക് അച്ഛന്റെ ഛായയും അനിയത്തിക്ക് അമ്മയുടെ ഛായയുമാണെന്ന്. അച്ഛന്റെ ഛായയാണെന്ന് ആര് പറഞ്ഞാലും എനിക്കിഷ്ടാ... ഞാനച്ഛൻ കുട്ട്യന്നെയാ... അച്ഛൻ ഭൂമീന്ന് പോയിട്ട് മൂപ്പത് വർഷമാവുണൂച്ചാലും എന്നാലിന്നും അച്ഛൻ എന്റെയടുത്ത് തന്നെയുണ്ട്.
എന്ത് ആപത്ത് വന്നാലും സങ്കടം വന്നാലും അനുമോളെ... അച്ഛ കൂടെ ഉള്ളപ്പോ ആർക്കാ മനോഹരന്റെ മോളെ കരയിപ്പിക്കാൻ ധൈര്യം അച്ഛ ഇല്ലേ ഇവിടെ എന്ന് പറയണത് പോലെ തോന്നും. ആ തോന്നലെനിക്ക് തരണ ശക്തിയാണ് ഇക്കണ്ട കാലം വരെ എന്നെ ജീവിപ്പിച്ചത്.
ഇനിയും ആ ധൈര്യത്തിൽ തന്നെ ജീവിക്കും എന്നാണ് അനു കുറിച്ചത്. എന്തൊക്കെയുണ്ടെങ്കിലും ഏറ്റവും വേണ്ടപ്പെട്ടത് മാത്രം എനിക്കൊപ്പമില്ല.
അച്ഛനില്ലാത്തതിന്റെ അരക്ഷിതാവസ്ഥ അപകർഷത ഒന്നിനും പകരം തരാനും ആയില്ലെന്നുമാണ് മുമ്പൊരിക്കൽ അച്ഛനെ കുറിച്ച് എഴുതിയപ്പോൾ അനു പറഞ്ഞത്. അച്ഛന്റെ മരണം സംഭവിക്കുമ്പോൾ അനു നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശേഷം അമ്മയുടെ സംരക്ഷണയിലാണ് അനു വളർന്നത്. എല്ലാ സ്വാതന്ത്ര്യവും തന്ന് നന്നായി തന്നെയാണ് തന്നേയും സഹോദരിയേയും അമ്മ ഇവിടെ വരെ എത്തിച്ചതെന്ന് അനു മുമ്പ് പറഞ്ഞിട്ടുണ്ട്.

സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞുവെങ്കിലും മനോഹരേട്ടന്റെ മോൾ എന്ന ടാഗാണ് താൻ ഏറെ ആസ്വദിക്കുന്നതെന്നും അനു പറഞ്ഞിട്ടുണ്ട്. താരത്തിന്റെ പിതാവ് ഒരു അബ്കാരിയായിരുന്നു. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഒരു അബ്കാരിയെ വിവാഹം ചെയ്ത് ജീവിക്കുന്നുണ്ടാകുമെന്ന് അനു മുമ്പ് പറഞ്ഞ് ചർച്ചയായിരുന്നു. പാലക്കാട് സ്വദേശിനിയായ അനു എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്. നൃത്തിലും കമ്പമുള്ള താരം മുപ്പത്തിയേഴിലും അവിവാഹിതയാണ്.
യാത്രകളും അഭിനയവും നൃത്തവും എല്ലാമാണ് അനുവിന്റെ ലോകം. തന്റെ പ്രണയ പരാജയങ്ങളെ കുറിച്ചും താരം മുമ്പ് മനസ് തുറന്നിട്ടുണ്ട്. ടോക്സിക്കായ റിലേഷൻഷിപ്പിൽ ചെന്ന് പെട്ടതിനെ കുറിച്ചും നടി സംസാരിച്ചിരുന്നു. ഏഴ് വർഷത്തോളം ടോക്സിക്കായ ഒരു റിലേഷൻഷിപ്പുണ്ടായിരുന്നുവെന്നും ജീവന് പോലും ആ ബന്ധം ദോഷം ചെയ്യുമെന്ന് തോന്നിയപ്പോഴാണ് പുറത്തേക്ക് വന്നതെന്നുമാണ് അനുമോൾ അടുത്തിടെ പറഞ്ഞത്.
ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പെൻഡുലം, ഒരു അന്വേഷണത്തിന്റെ തുടക്കം എന്നിവയാണ് അവസാനം മലയാളത്തിൽ അനു ചെയ്ത സിനിമകൾ. തമിഴിൽ കഴിഞ്ഞ വർഷം അനു ചെയ്ത ഹാർട്ട് ബീറ്റ് എന്ന വെബ് സീരിസും ഹിറ്റായിരുന്നു.


Click it and Unblock the Notifications











