'മാസങ്ങളോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു, ഒമ്പത് മാസം ഒരു റൂമിനകത്ത് തന്നെ'; അനുഭവിച്ചതിനെ കുറിച്ച് അനുശ്രീ!
നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തനി നാടൻ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയിൽ അനുശ്രീ തന്റേതായ ഇടം കണ്ടെത്തിയത്. ഒട്ടും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ഒരു റിയാലിറ്റി ഷോയിലൂടെ കിട്ടിയ അവസരം മുതലാക്കിയാണ് അനുശ്രീ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.
ലാൽ ജോസിന്റെ ചിത്രത്തിൽ ഫഹദിന്റെ നായികയായി വന്ന് ആദ്യ സിനിമയിൽ തന്നെ അനുശ്രീ പ്രേക്ഷകരെ അമ്പരപ്പിച്ചു. മുപ്പത്തിരണ്ടുകാരിയായ അനുശ്രീ പത്ത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. ആ പത്ത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് അനുശ്രീയുടെ സിനിമാ ജീവിതത്തിനും ഉണ്ടായത്.

ആഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ.
പുതിയ സിനിമയായ കള്ളനും ഭഗവതിയുടേയും പ്രമോഷന് എത്തിയപ്പോഴാണ് അനുശ്രീ അനുഭവം വിവരിച്ച് കരഞ്ഞത്. ബീറ്റ്മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ പ്രചരിക്കുന്നത്. ആദ്യമായാണ് അനുശ്രീ മീഡിയയ്ക്ക് മുമ്പിൽ വന്നിരുന്ന് തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചതും വെളിപ്പെടുത്തിയതും.
'ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.'
'പൾസ് കൈയ്യിൽ കിട്ടുന്നില്ലെന്നൊരു സിറ്റുവേഷൻ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു' എന്നാണ് അനുശ്രീ പറഞ്ഞത്.

അനുശ്രീയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ ആശ്വാസ വാക്കുകളുമായി എത്തി. ഇത്രയും മോശമായ അവസ്ഥയിൽ നിന്നും തിരിച്ച് വന്ന അനുശ്രീക്ക് അഭിനന്ദനങ്ങൾ എന്നാണ് ഏറെയും പേർ കുറിച്ചത്. ട്വൽത്ത് മാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീയുടെ സിനിമ.
വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി നോക്കിയിരുന്നാൽ അവിടെ തന്നെയിരുന്ന് പോകുമെന്നും അത്തരത്തിലുള്ള തീരുമാനങ്ങളൊന്നും താൻ എടുത്തിട്ടില്ലെന്നും അടുത്തിടെ അനുശ്രീ പറഞ്ഞിരുന്നു. താൻ ചെയ്ത പല കഥാപാത്രങ്ങളും നാടൻ കുട്ടി ഇമേജിലുള്ളതാണെന്നും അതിൽ നിന്നും വ്യത്യസ്തമായി ചുരുക്കം സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അനുശ്രീ അടുത്തിടെ പറഞ്ഞിരുന്നു.
'എല്ലാം വ്യത്യസ്തമായി ചെയ്യണമെന്ന് വിചാരിച്ച് കൊണ്ടിരുന്നാൽ ചിലപ്പോൾ നമ്മൾ അവിടെയിരുന്ന് പോകും. ഇങ്ങനെയുള്ള കഥാപാത്രം വന്നാൽ മാത്രമെ ഞാൻ ചെയ്യുന്നുള്ളു എന്ന തീരുമാനം ഒന്നും ഞാനെടുത്തിട്ടില്ല. കൂടുതലായിട്ടും ഞാൻ ചെയ്തിട്ടുള്ളത് നാടൻ കഥാപാത്രങ്ങളാണ്.'
'വ്യത്യസ്തമായതെന്ന് പറയുമ്പോൾ ഇതിഹാസയോ, ട്വൽത്ത് മാനോ പോലെയുള്ള വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്' എന്നാണ് അനുശ്രീ പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കള്ളനും ഭഗവതിയും.


Click it and Unblock the Notifications











