എന്നെക്കുറിച്ച് നാട്ടിൽ പ്രചരിച്ച കഥകൾ, അച്ഛൻ കരഞ്ഞു; 34 വയസിൽ മറ്റൊരു വീട്ടിലേക്ക് പോകാൻ വയ്യ: അനുശ്രീ
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് കടന്ന് വന്ന് നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ ജനപ്രീതി നേടിയ നടിയാണ് അനുശ്രീ. നാട്ടിൻപുറത്തുകാരിയായ അനുശ്രീ സിനിമാ ലോകത്തിന്റെ നിറപകിട്ടിൽ സ്വയം മറന്നിട്ടില്ലെന്ന് ആരാധകർ പറയാറുണ്ട്. നാട്ടിലെ പരിപാടികൾക്കെല്ലാം അനുശ്രീ മുന്നിലുണ്ട്. അതേസമയം സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടുകാരിൽ നിന്നും അനുശ്രീക്ക് പിന്തുണയില്ലായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അനുശ്രീ. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കവെയാണ് നടി മനസ് തുറന്നത്.
ഞാൻ വന്ന സിനിമാ രംഗത്തേക്ക് വന്നകാലത്ത് ആളുകൾ പറഞ്ഞത് പോലെ ഇന്ന് ഒരു പെൺകുട്ടി വരുമ്പോൾ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയിൽ പോകൂ എന്നാണ് പറയുന്നത്. ഞാനൊക്കെ വന്ന സമയത്ത് വളരെ വിഷമം തോന്നുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ആരുടെ അടുത്താണ് ഇത് പറയേണ്ടതെന്ന് അറിയില്ല. കൂട്ടുകാരൊക്കെ നാട്ടിലുള്ളവരാണ്.

അവർക്കെങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരുപക്ഷെ അവരും എന്നെ കുറ്റം പറയുന്നവരിൽ ഉണ്ടാകും. പറയാൻ ആകെയുള്ളയാൾ ലാൽ ജോസ് സാറായിരുന്നു. അദ്ദേഹത്തെ വിളിച്ച് കരയും. വീട്ടിൽ വെച്ച് കരഞ്ഞാൽ ഇത്രയും സങ്കടമാണെങ്കിൽ നീ പോകേണ്ടെന്ന് പറയും. ലാൽ ജോസ് സാറെ വിളിച്ച് സങ്കടം പറയുമ്പോൾ നിന്നെ കുറ്റം പറയുന്നവർ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമാണത്.
ഞാനും അമ്മയും കൂടിയായിരിക്കും ഷൂട്ടിന് പോകുക. തിരിച്ച് വരുമ്പോൾ ഒരുപാട് കഥകൾ കേട്ടായിരിക്കും അച്ഛൻ ഇരിക്കുന്നത്. എന്നോട് പറയില്ല. അമ്മയോട് പറയും. ഇങ്ങനെയാെക്കെയാണ് പുതിയ സ്റ്റോറികൾ എന്ന് അമ്മ പറയുമ്പോൾ എങ്ങനെയാണ് ആൾക്കാർക്ക് ഇങ്ങനെ പറയാൻ പറ്റുക എന്ന് ആലോചിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വീട് മാറി പോയാലോ എന്ന് ചോദിച്ചിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. അച്ഛന് പക്ഷെ നാട്ടിൽ നിന്നും പോകാൻ ഇഷ്ടമല്ല. ഒരിക്കൽ ഇന്റർവ്യൂവിന് ഷൂട്ട് ചെയ്യാൻ വന്നപ്പോൾ അച്ഛൻ അവർ ഇങ്ങനെ പറഞ്ഞു എന്നെല്ലാം പറഞ്ഞ് കരഞ്ഞു. എന്റെ അച്ഛൻ ഇത്രയും കേട്ടിരുന്നോ എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ അച്ഛന് അഭിമാനമാണെന്നും അനുശ്രീ പറയുന്നു.

ഭാവി ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അനുശ്രീ പങ്കുവെച്ചു. എനിക്കേറ്റവും ഇഷ്ടം സിനിമയിൽ അഭിനയിക്കാനാണ്. ആരോഗ്യമുള്ളിടത്തോളം കാലം അതിന് നിയന്ത്രണം വെക്കാതെ എന്നെ സിനിമയിൽ അഭിനയിക്കാൻ വിടുന്ന ആളായിരിക്കണം. പിന്നെ അമ്മ, അച്ഛൻ, ചേട്ടൻ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല. എന്താണ് ഉദ്ദേശം എന്ന് ഇപ്പോൾ എന്റെയടുത്ത് വീട്ടുകാർ ചോദിക്കും. 23 വയസിൽ കല്യാണം കഴിക്കുമ്പോൾ ഇനി മറ്റൊരു വീട്ടിൽ ജീവിക്കാം എന്ന ചിന്ത വരും. ഞാൻ പത്ത് വർഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വയസായി. 34 വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാൻ വയ്യ, അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാം.
വീട്ടിലെ ഇളയ ആളാണ്, വേറെ വീട് വെക്കണം എന്നൊക്കെ ടാസ്കുള്ള ചെക്കൻമാരുണ്ടാകില്ലേ. നിങ്ങൾ വേറെ വീട് വെക്കേണ്ടെന്ന് അവരോട് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ട് വരാം. അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കട്ടെ അമ്മേയെന്ന് ഞാൻ പറയും. അങ്ങനെ ഒരു മാറ്റമെങ്കിലും ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് അമ്മയും ചേട്ടനും പറയും. എന്റെ വീട്ടിലേക്ക് വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചന ക്ഷണിക്കുന്നെന്ന് മാട്രിമോണിയലിൽ പരസ്യം കൊടുക്കുമെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു.


Click it and Unblock the Notifications











