ഇറങ്ങിപ്പോയത് എല്ലാവരോടും പറഞ്ഞിട്ട്, അമ്മയുടെ പിറന്നാളിന് വീട്ടിൽ കയറ്റിയില്ല! കഴിഞ്ഞകാലം പങ്കുവെച്ച് അനുശ്രീ
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ താരം വളർന്നപ്പോൾ സീരിയലുകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. ഈ അടുത്തിടെയാണ് താരം അമ്മയായത്. ഗർഭിണി ആയതോടെ സീരിയലിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് അനുശ്രീ. വിവാഹത്തോടനുബന്ധിച്ച് താരം ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ജീവിതത്തിലെ നല്ല നിമിഷങ്ങളെ ആഘോഷിക്കുകയാണ് താരമിപ്പോൾ. തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ കൺമണി എത്തിയതിന്റെ സന്തോഷത്തിലാണ് അനുശ്രീയും ഭർത്താവ് വിഷ്ണുവും. ഗർഭിണി ആയപ്പോൾ അമ്മ വീട്ടിലേക്ക് വിളിച്ചതും ആദ്യത്തെ മാസങ്ങളിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും താരം മനസുതുറക്കുന്നുണ്ട്.

'ഗർഭിണിയായി ആദ്യത്തെ നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭക്ഷണമൊന്നും ശരിയായി കഴിക്കാൻ പറ്റിയില്ല. എപ്പോഴും മനംപുരട്ടലും ഛർദ്ദിയും. വിഷ്ണുവേട്ടന്റെ വീട്ടിൽ നോൺവെജാണ്. ആ സമയത്ത് എനിക്ക് ഭക്ഷണത്തിന്റ മണം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഞാൻ വീട്ടിലേക്ക് പോയി'.
'നാല് മാസത്തിന് ശേഷം ഈ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. പിന്നീടാണ് ആവശ്യത്തിന് ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങിയത്. പലരും പറഞ്ഞ് കേട്ടിട്ടുണ്ട് പച്ചമാങ്ങ, മസാല ദോശയൊക്കൊ ഗർഭിണി ആവുമ്പോൾ കഴിക്കാൻ തോന്നുമെന്ന്. എന്നാൽ ഞാൻ ഗർഭിണിയായി ഇതുവരെ മസാലദോശ കഴിച്ചിട്ടില്ല. എനിക്ക് കഴിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. അതുപോലെ ആദ്യമൊക്കെ പുളി കഴിക്കാൻ തോന്നിയിരുന്നു'.

'ഞാൻ ഇപ്പോൾ എന്ത് പറഞ്ഞാലും സോഷ്യൽ മീഡിയയിൽ മോശം കമന്റുകളാണ്. അതു പോലെ തന്നെ സപ്പോർട്ട് ചെയ്യുന്നവരും നല്ല അഭിപ്രായം പറയുന്നവരും ഏറെയുണ്ട്. ഒരു അഭിമുഖത്തിൽ അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞത് ഇല്ല എന്നാണ്. കാരണം അപ്പോൾ എനിക്ക് അമ്മയെ അന്ന് മിസ് ചെയ്യുന്നുണ്ടായിരുന്നില്ല'.
'അമ്മയോട് സ്‌നേഹമുണ്ടോ എന്നാണ് ചോദിച്ചിരുന്നതെങ്കിൽ ഞാൻ ഉറപ്പായും പറയും സ്‌നേഹമാണെന്ന്. നമ്മൾ പറയുന്നത് മുഴുവനായി ആരും കേൾക്കില്ല, അവർക്ക് താൽപ്പര്യമുള്ളത് മാത്രം കേട്ട് വെറുതെ വിവാദങ്ങൾ ഉണ്ടാക്കുകയാണ്', അനുശ്രീ പറഞ്ഞു.

'സീത' എന്ന പരമ്പരയുടെ സെറ്റിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. വിഷ്ണു ഏട്ടൻ ക്യാമറ അസിസ്റ്റൻഡ് ആയിരുന്നു അന്ന്. പുള്ളിക്കാരന് എന്നോട് ഇഷ്ടം തോന്നി കുറച്ച് കാലം എന്റെ പിന്നാലെ നടന്നു. ശേഷം കുറച്ച് നാൾ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെയാണ് 'അരയന്നങ്ങളുടെ വീട്ടിലേക്ക്' എന്ന പരമ്പരയിൽ ഒന്നിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയത്.
'എന്നെ ഇംപ്രസ് ചെയ്യാൻ ഓരോരോ കൗണ്ടറുകൾ അടിക്കാനൊക്കെ തുടങ്ങി. പിന്നെ സംസാരിച്ച് തുടങ്ങിയപ്പോഴാണ് രണ്ടാളുടേയും ചിന്തകൾ ഒരുപോലെയാണെന്ന് മനസ്സിലായത്. അങ്ങനെയാണ് പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങിയത്'.
പക്ഷേ തുടക്കത്തിലെ തന്നെ അമ്മ കയ്യോടെ പിടിച്ചു. അമ്മയ്ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോൾ ഉള്ളകാര്യം തുറന്നുപറഞ്ഞു. അതോടെ അമ്മ ഫോൺ വാങ്ങിവെച്ചു. അമ്മ എന്നോട് ഒരുപാട് വഴക്കിട്ടു. എന്നോട് മിണ്ടാതെയും ഭക്ഷണം കഴിക്കാതെയും നടന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഞാൻ അമ്മയോട് കല്യാണക്കാര്യം പറഞ്ഞു. അമ്മ സമ്മതിക്കില്ല വേണമെങ്കിൽ നീ ഇറങ്ങിപ്പൊക്കോ എന്ന് പറഞ്ഞു'.

'എന്റെ കുടുംബത്തിലെ എല്ലാവരോടും പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിപ്പോയത്. ഞാൻ പോയെങ്കിലും എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്കും അങ്ങനെ ഉള്ളതായാണ് എനിക്കും തോന്നിയത്. പക്ഷേ അമ്മയുടെ ദേഷ്യം അതിനൊന്നും സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് വീട്ടിൽ വന്നെങ്കിലും എന്നെ വീട്ടിലേക്ക് കയറ്റിയില്ല'.
'ഒരുപാട് ദേഷ്യപ്പെട്ട ശേഷം എന്നെ ഇറക്കിവിട്ടു. അമ്മക്ക് അത്രയും ദേഷ്യമുള്ളപ്പോൾ എനിക്കും ദേഷ്യമുണ്ടാവില്ലേ. അമ്മയുടെ മകളല്ലേ ഞാനും. പിന്നെ ഗർഭിണിയായപ്പോഴാണ് എന്നെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് വരുന്നത്. ഗർഭിണിയായ സമയത്ത് ബ്രാഹ്മിൺ ഭക്ഷണം കഴിക്കാനായിരുന്നു എനിക്കിഷ്ടം. ഞാൻ അതൊക്കെ അമ്മയെ വിളിച്ച് പറഞ്ഞു. അത് കേട്ടതോടെ അമ്മ എന്നെ വിളിക്കാൻ വരികയായിരുന്നു. ഇപ്പോൾ ഞങ്ങൾ സന്തോഷമായിട്ട് കഴിയുകയാണ്', അനുശ്രീ പുഞ്ചിരി തൂകി പറഞ്ഞുനിർത്തുന്നു.


Click it and Unblock the Notifications