'പതിനയ്യായിരം രൂപ മാത്രമാണ് അന്ന് അക്കൗണ്ടിലുണ്ടായിരുന്നത്, ദീപക്കേട്ടനെ അടച്ച് ആക്ഷേപിക്കാൻ പറ്റില്ല'; അപർണ
എല്ലാവരും അവരുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹത്തോടെ സ്വന്തമാക്കുന്ന ഒന്നാണ് വീട്. സകല സമ്പാദ്യവും വീടിനായി മാറ്റിവെയ്ക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്. വർഷങ്ങളോളം അധ്വാനിച്ച് സമ്പാദിച്ച പണം ഉപയോഗിച്ച് രമ്യഹര്‍മങ്ങള്‍ നിര്‍മിക്കുന്നവരും നിരവധി. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥമാക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വർധിച്ചു. വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടില്‍ ഇനിയുള്ള കാലമെന്ന സങ്കൽപമൊക്കെ മാറിക്കഴിഞ്ഞു.
വീടെന്ന സ്വപ്‌നത്തിന് വേണ്ടി പരിശ്രമിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇന്ന് കുടുംബമായി ജീവിക്കുന്നയാളായാലും ഒറ്റയ്ക്ക് ജീവിക്കുന്നയാളായാലും സിംഗിള്‍ മദര്‍ ആയാലും അവിവാഹിതയായാലും സ്വന്തമായി ഒരു വീട് എന്നത് ഒരു അനിവാര്യതയാണ്. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാം എന്നതിൽ നിന്നൊക്കെ മാറി തന്റെ സമ്പാദ്യമെന്ന രീതിയിൽ വീട് നിർമിക്കുന്ന പെൺകുട്ടികൾ നിരവധി കേരളത്തിലുണ്ട്.

യുവനടി അപർണ ദാസും അക്കൂട്ടത്തിൽ ഒരാളാണ്. ജോലി ചെയ്ത് സമ്പാദിച്ച് തുടങ്ങിയപ്പോൾ തന്നെ അപർണ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഒരു വർഷം മുമ്പ് അപർണ ആ സ്വപ്നം സാക്ഷാത്കരിച്ച് എടുത്തു. എനിക്ക് ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം... എന്നാൽ ഇത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്... എൻ്റെ സ്വന്തം വീട് എന്നാണ് ഗൃഹപ്രവേശനത്തിനുശേഷം വീടിന്റെ വീഡിയോ പങ്കിട്ട് അപർണ കുറിച്ചത്.
താരത്തിന്റെ അഭിനയ ജീവിതത്തിൽ നാഴികല്ലായി മാറിയ സിനിമയാണ് മനോഹരം. അതുകൊണ്ട് തന്നെ മനോഹരമെന്നാണ് അപർണ തന്റെ സ്വപ്ന ഭവനത്തിനും പേരിട്ടത്. ഭർത്താവ് ദീപക്കിനൊപ്പം മനോഹരത്തിലാണ് വിവാഹശേഷം അപർണ താമസിക്കുന്നത്. ഇപ്പോഴിതാ താൻ വീട് പണിയാൻ സ്ഥലം വാങ്ങാൻ തീരുമാനിക്കുമ്പോൾ സമ്പാദ്യമായി അക്കൗണ്ടിലുണ്ടായിരുന്നത് വെറും പതിനയ്യായിരം രൂപ മാത്രമാണെന്ന് പറയുകയാണ് അപർണ.
കഴിഞ്ഞ ദിവസം മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിൽ പുതിയ വീടിന്റെ വിശേഷങ്ങൾ അപർണ പങ്കിട്ടിരുന്നു. എല്ലാ ആഘോഷങ്ങളും അപർണ കുടുംബസമേതം ആഘോഷിക്കുന്നതും മനോഹരത്തിലാണ്. ഒന്നര വർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ചെറിയ സ്പേസായതുകൊണ്ട് അത് ക്യൂട്ടായി ഒരുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ദീപക്കേട്ടന് വീട് വെക്കാൻ പ്ലാനുണ്ടായിരുന്നു.
അതുമായി ബന്ധപ്പെട്ടുള്ള പ്ലാനിങ്ങുകൾ നടക്കുന്നതിന് ഇടയിലാണ് എന്നാൽ സ്വന്തമായി ഒരു വീട് ഞാനും വെക്കാമെന്ന ചിന്ത വന്നത്. അങ്ങനെ ഓയിലക്സിൽ പ്ലോട്ടുകൾ ഒരുപാട് നോക്കി. ഈ വീടിരിക്കുന്ന സ്ഥലവും അങ്ങനെയൊരിക്കൽ സന്ദർശിച്ചു. കണ്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു. അങ്ങനെ സ്ഥലം ഇഷ്ടമായി. വാങ്ങാൻ പ്ലാനിട്ടു. ആ സമയം എന്റെ കയ്യിൽ വെറും 15000 രൂപ മാത്രമെ അവശേഷിച്ചിരുന്നുള്ളു. എന്നിട്ടും സ്ഥലം വാങ്ങാമെന്ന് ഉറപ്പിച്ചു.

ഇനി തുടർന്ന് എനിക്ക് സിനിമ കിട്ടുമോ ഇല്ലയോയെന്ന് പോലും അന്ന് അറിയില്ലായിരുന്നു. പിന്നെ ലോൺ എടുക്കണമല്ലോ... എന്നിരുന്നാലും ബേസിക്കായിട്ടുള്ള തുക പോലും കയ്യിൽ ഇല്ലാതെയാണ് ഞാൻ ഈ സ്ഥലം വാങ്ങാൻ ഓക്കെ പറഞ്ഞത്. ബാക്കിയെല്ലാം അങ്ങനെ സംഭവിക്കുകയായിരുന്നു. ഇത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണെന്നൊന്നും പറഞ്ഞ് ദീപക്കേട്ടനോട് വഴക്കിടാറില്ല. അദ്ദേഹവും കണ്ണൂരിൽ ഒരു വീട് പണിയുന്നുണ്ട്.
അതുകൊണ്ട് ദീപക്കേട്ടനെ അടച്ച് ആക്ഷേപിക്കാൻ പറ്റില്ല. നാളെ ഞാൻ അവിടെ പോയാൽ കേൾക്കേണ്ടി വരില്ലേ... എന്നാണ് അപർണ പറഞ്ഞത്. മനോഹരം സിനിമയുടെ സെറ്റിൽ വെച്ചാണ് നടൻ ദീപക്ക് പറമ്പോലുമായി അപർണ പ്രണയത്തിലായതും. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.


Click it and Unblock the Notifications