'വിവാഹം അതീവരഹസ്യമാക്കണമെന്ന് ഭര്‍ത്താവ്'; വിവാദസംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അപ്‌സര രത്‌നാകരന്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം, പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങി വിവിധ സീരിയലുകളിലും ചാനല്‍ പരിപാടികളിലെയും നിത്യസാന്നിദ്ധ്യമാണ് അപ്‌സര. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിലെ ജയന്തിയായി തകര്‍ത്തഭിനയിക്കുകയാണ് ഇപ്പോള്‍ നടി.
ഏഷണിയും കുത്തിത്തിരിപ്പുമായി സാന്ത്വനത്തിലെ അംഗങ്ങളുടെ മനസ്സമാധാനം കളയുന്ന നെഗറ്റീവ് കഥാപാത്രമാണെങ്കിലും അപ്‌സരയുടെ മികവാണ് ജയന്തിക്ക് പ്രേക്ഷകപിന്തുണ കിട്ടാന്‍ കാരണം. അടുത്തിടെയായിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസുമായുള്ള അപ്‌സരയുടെ വിവാഹം. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടേയും.
തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ മനസ്സു തുറക്കുകയാണ് ഇപ്പോള്‍ നടി അപ്‌സര രത്‌നാകരന്‍. അമൃത ടി.വി.യില്‍ എം.ജി.ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പാടാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്‌സര തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

അപ്‌സരയുടെ വാക്കുകളില്‍നിന്നും.' ഞങ്ങളുടെ പ്രണയവിവാഹമായിരുന്നു. കൈരളി ചാനലില്‍ ഉള്ളതുപറഞ്ഞാല്‍ എന്ന പരിപാടി ചെയ്യുമ്പോഴായിരുന്നു ചേട്ടനെ പരിചയപ്പെട്ടത്. പിന്നെ അത് പ്രണയമായി. ആദ്യം രണ്ടു വീട്ടിലും ഇക്കാര്യം അവതരിപ്പിച്ചെങ്കിലും അന്ന് ശക്തമായ എതിര്‍പ്പായിരുന്നു. ഞങ്ങള്‍ ഇരുവരും രണ്ട് മതത്തിലുള്ളവരായിരുന്നു. അതിനാല്‍ കുറച്ചുനാള്‍ കാത്തിരിക്കാമെന്നു വിചാരിച്ചു. പിന്നെ കുറച്ചു നാളുകള്‍ക്ക് ശേഷം രണ്ടു വീട്ടുകാരും സമ്മതിച്ചു. അങ്ങനെ കഴിഞ്ഞ നവംബറില്‍ വിവാഹിതരായി.

ആറ്റുകാല്‍ അമ്പലത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യം പ്ലാന്‍ ഉണ്ടാക്കിയത്. അവിടെ വെച്ച് താലികെട്ടണമായിരുന്നു ആഗ്രഹം. എന്നാല്‍ കല്യാണത്തിന്റെ തലേദിവസം ആരൊക്കെയോ വിളിച്ചു കല്യാണത്തെക്കുറിച്ച് ചോദിച്ചു. ചേട്ടന് കല്യാണം രഹസ്യമായി നടത്തണമെന്നുണ്ടായിരുന്നു. ആരേയും അറിയിക്കേണ്ട എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പക്ഷെ, അവിടെ അന്ന് ഞങ്ങള്‍ കാറില്‍ വന്നിറങ്ങിയപ്പോള്‍ കുറേ യൂട്യൂബ് ചാനലുകളുടെ ക്യാമറകളായിരുന്നു എതിരേറ്റത്.
കല്യാണം വളരെ രഹസ്യമായി നടത്തണമെന്നായിരുന്നു ചേട്ടന്‍ നേരത്തെ പറഞ്ഞിരുന്നത്. ഫോട്ടോയോ സേവ് ദി ഡേറ്റോ ഒന്നും വേണ്ടെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ സംഭവിച്ചതോ ഒട്ടും പ്രതീക്ഷിക്കാത്തതും. ഞാനെപ്പോഴും പറയും അതീവരഹസ്യമായിട്ട് നടത്തണമെന്ന് വിചാരിച്ചതുകൊണ്ടായിരിക്കും എല്ലാവരും അറിഞ്ഞത്. ഇല്ലെങ്കില്‍ അത് സാധാരണ പോലെ നടന്നേനേ എന്ന്. ഇത്രയും വിവാദമായ കല്യാണം വേറെയുണ്ടായിട്ടില്ല.

കല്യാണം കഴിഞ്ഞ് പിന്നെ കുട്ടികളെക്കുറിച്ചുള്ള വിവാദം പൊങ്ങിവന്നു. അതേക്കുറിച്ചും അപ്‌സര വിശദീകരിച്ചു.' ഞങ്ങള്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ കുട്ടികളാണവര്‍. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുട്ടികളെ വലിയ കാര്യമാണ്. വിവാഹത്തിനു മുന്‍പ് ചില യാത്രകളിലൊക്കെ കുട്ടികളേയും കൂട്ടിയിരുന്നു. അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൊക്കെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. കല്യാണത്തിനും അവരൊക്കെ ഉണ്ടായിരുന്നു. ആ ചിത്രങ്ങളാണ് പല തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ കാരണമായത്. പിന്നീട് അതിന് വിശദീകരണം നല്‍കിയിരുന്നു.'
കുട്ടിക്കാലം മുതലേ കലയോട് താത്പര്യമുണ്ടായിരുന്ന അപ്‌സരയെ സ്‌കൂളിലെ അധ്യാപികയാണ് പരിപാടികളില്‍ പങ്കെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കിയത്. സ്‌കൂള്‍തലത്തില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള അപ്‌സരയുടെ അമ്മ കെ.പി.എ.സിയിലെ നാടകനടി കൂടിയായിരുന്നു. ഇതേക്കുറിച്ചും അപ്‌സര പരിപാടിയില്‍ സംസാരിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അപ്‌സരയുടേയും ആല്‍ബിയുടേയും വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അപ്‌സരയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ആരോഗ്യം എന്ന മാസികയുടെ കവര്‍ ഫോട്ടോ വഴിയാണ് അഭിനയരംഗത്തേക്ക് അപ്‌സര എത്തുന്നത്.
അപ്‌സര പ്രധാനവേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാല്‍ എന്ന പരിപാടിയുടെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. അഭിനയരംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അപ്‌സര ഇതിനകം 22 ഓളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും അതിഥിയായും പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications