'പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് നേരിട്ടു, നിനക്ക് വേലക്കാരിയുടെ റോളല്ലേ നിലത്തിരുന്നാല്‍ മതിയെന്ന് പറഞ്ഞു'
നീലത്താമര എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അര്‍ച്ചന കവി. നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അർച്ചന അവിസ്മരണീയമാക്കിയിരുന്നു. 15ല്‍ അധികം മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അര്‍ച്ചന ഇന്നും മലയാളികൾക്ക് കുഞ്ഞിമാളുവാണ്. അതിന് മുകളിൽ നിൽക്കുന്നൊരു കഥാപാത്രം അർച്ചനയുടെ കരിയറിൽ സംഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാലും സംശയമാണ്.
സീരിയലിലും മുഖം കാണിച്ചിട്ടുള്ള അർച്ചന തുടക്ക കാലത്ത് അവതാരകയായും ആരാധകരെ സമ്പാദിച്ചിരുന്നു. എന്നാൽ അർച്ചനയുടെ തുടക്കവും മിനി സ്ക്രീനിൽ വിജെയായിട്ടായിരുന്നുവെന്ന് പലർക്കും അറിയാത്ത കാര്യമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് യുട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതാനഭവങ്ങളും വീട്ടുവിശേഷങ്ങളും സമൂഹിക വിഷയങ്ങളെ കുറിച്ചും മെന്റൽ ഹെൽത്തിനെ കുറിച്ചുമെല്ലാം വീഡിയോ ചെയ്ത് നടി പങ്കുവെക്കാറുമുണ്ട്.

പത്ത് വർഷമായി അർച്ചന ഭാഗമായ സിനിമകൾ ഒന്നും തന്നെ പുറത്തിറങ്ങിയിട്ടില്ല. ഒരു സീരിയലിൽ മാത്രമാണ് ഇക്കാലയളവിൽ നടി അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് അർച്ചന ഒരു മലയാള സിനിമയുടെ ഭാഗമായത്. ടൊവിനോ തോമസ് സിനിമ ഐഡന്റിറ്റിയായിരുന്നു അത്. ഡോ. ദേവിക ശങ്കർ എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷൻ ചടങ്ങുകളിലും അർച്ചന സജീവമായിരുന്നു.
ഇപ്പോഴിതാ വളരെ നാളുകൾക്കുശേഷം അർച്ചന ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അരങ്ങേറ്റ ചിത്രമായ നീലത്താമരെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ചർച്ചയായി തീർന്നു. പുതുമുഖമായതിനാൽ സെറ്റിൽ ബുള്ളിയിങ് ഉണ്ടായിരുന്നുവെന്നാണ് പുതിയ അഭിമുഖത്തിൽ അർച്ചന വെളിപ്പെടുത്തിയത്.
നിലത്ത് ഇരിക്കാൻ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നും അർച്ചന പറയുന്നു. സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എം.ടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്‌കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്. എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു.
ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിങ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ... നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു.

ചെറിയ റാഗിങ് പോലെ. ഒരുദിവസം എം.ടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള്‍ വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതോടെ ഞാന്‍ പരിഭ്രമിച്ചുപോയി. എന്റെ വെപ്രാളം സാറിന് മനസിലായോ എന്നറിയില്ല. അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ട് ചോറ് ഉരുളയാക്കി കഴിച്ച് തുടങ്ങി. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി എന്നാണ് അനുഭവം പങ്കിട്ട് അര്‍ച്ചന കവി പറഞ്ഞത്.
എം. ടി വാസുദേവൻ നായരുടെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് നീലത്താമര. 1979 കാലഘട്ടത്തിൽ റിലീസ് ചെയ്ത മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ റിലീസ് ചെയ്ത ഈ ചിത്രം. സിനിമ വാണിജ്യപരമായി വിജയമായിരുന്നു.
ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന പാട്ട് ഇപ്പോഴും റിപ്പീറ്റ് മോഡിൽ ആളുകൾ കേൾക്കുന്ന ഒന്നാണ്. കൈലാഷ്, സംവൃത സുനിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.


Click it and Unblock the Notifications











