ഏറ്റവും നല്ലവനായ മനുഷ്യനെ എനിക്ക് ലഭിച്ചു; അർച്ചന കവി വീണ്ടും വിവാഹിതയായി, വരൻ റിക്ക് വർഗീസ്, വൈറലായി ഫോട്ടോ!
നീലത്താമരയിലെ കുഞ്ഞിമാളുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അർച്ചന കവി. മുപ്പത്തിയഞ്ചുകാരിയായ താരം പതിനാറ് വർഷമായി സിനിമയിലുണ്ടെങ്കിലും ചെയ്തത് വളരെ കുറച്ച് സിനിമകൾ മാത്രമാണ്. ഒരുപാട് സിനിമകൾ ചെയ്യുക എന്നതിലുപരി നല്ല സിനിമകളടെ ഭാഗമാകുക, കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ വർഷം ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അർച്ചന അഭിനയത്തിലേക്ക് തിരികെ വന്നത്.
അതിനിടയിൽ ചില സീരിയലുകളിൽ പോലും മുഖം കാണിച്ചുവെങ്കിലും ഒന്നും വിജയമായി മാറിയില്ല. തന്റെ പ്രൊഫഷണൽ ലൈഫിനെ കുറിച്ച് മാത്രമല്ല പേഴ്സണൽ ലൈഫിനെ കുറിച്ചും നിരന്തരം തന്റെ ഫോളോവേഴ്സുമായി സംസാരിക്കാറുള്ളയാളാണ് താരം.

വിവാഹമോചനത്തെ കുറിച്ചും പിന്നീട് ഉണ്ടായ ക്ലിനിക്കൽ ഡിപ്രഷനെ കുറിച്ചുമെല്ലാം മടി കൂടാതെ അർച്ചന പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അർച്ചന കവി വീണ്ടും വിവാഹിതയായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചന നൽകുന്ന പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്. ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.
എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. മാത്രമല്ല സെലിബ്രിറ്റി ആങ്കർ ധന്യ വർമയും അർച്ചനയ്ക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും വിവാഹ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. അർദ്ധരാത്രിയോടെയാണ് ധന്യ വർമ അർച്ചന കവിയുമായുള്ള ഒരു പുതിയ അഭിമുഖത്തിന്റെ ഗ്ലിംപ്സ് പോസ്റ്റ് ചെയ്തത്.
അതിൽ അർച്ചന തന്റെ പ്രതിശ്രുത വരൻ റിക്ക് വർഗീസാണെന്നും അതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പിന്നാലെ അത് ധന്യ പിൻവലിച്ചു. അർച്ചന വിവാഹം ഓഫീഷ്യലി അനൗൺസ് ചെയ്തശേഷം മാത്രം പ്രസിദ്ധീകരിക്കാമെന്ന് കരുതിയാകും ധന്യ പോസ്റ്റ് പിൻവലിച്ചത്. റെഡ്ഡിറ്റിലും ധന്യയുടെ പോസ്റ്റ് ചർച്ചയായി. യേയ്... അർച്ചി വിവാഹിയായി എന്നായിരുന്നു തമ്പ്നെയിലിൽ എഴുതിയിരുന്നത്.
അർച്ചന വീണ്ടും വിവാഹിതയാകുന്നതിലെ സന്തോഷം ധന്യയുടെ തമ്പ്നെയിലിൽ തന്നെ വ്യക്തമായിരുന്നു. എന്തായാലും അർച്ചനയുടെ തീരുമാനത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. തന്റെ മാനസികാരോഗ്യത്തെ കുറിച്ച് പലവട്ടം മനസ് തുറന്നിട്ടുള്ളയാളാണ്. നടിയുടെ അഭിനയത്തിന് വിമർശനം ലഭിക്കാറുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ അർച്ചന കവിയെ വളരെ ഇഷ്ടമാണ്.

നടിയുടെ ജീവിതത്തിലെ പുതിയ ചുവടുവെപ്പിൽ സന്തോഷവും തോന്നുന്നു എന്നാണ് ഒരാൾ ആശംസ അറിയിച്ച് കുറിച്ചത്. അർച്ചനയുടെ ആദ്യ വിവാഹം 2016ൽ അബീഷ് മാത്യുവുമായിട്ടായിരുന്നു. അന്ന് ഇരുപത്തിനാല് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു.
വിവാഹമോചനം അർച്ചനയുടെ മാനസീകാരോഗ്യത്തെ ബാധിച്ചിരുന്നു. സിനിമയിൽ നിന്ന് വിട്ടുനിന്ന പത്ത് വർഷത്തിനിടെ വിവാഹം, വിവാഹമോചനം, ഡിപ്രഷൻ എന്നിവയിലൂടെ കടന്നുപോവുകയായിരുന്നു എന്ന് ഐഡന്റിറ്റി സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ താരം വെളിപ്പെടുത്തിയിരുന്നു. 2013നുശേഷം ഞാൻ വിവാഹം കഴിച്ചു. പിന്നെ ഡിവോഴ്സ് നടന്നു. ഡിപ്രഷൻ വന്നു. പിന്നെ അതിൽ നിന്ന് റിക്കവർ ചെയ്തു. പിന്നെ ഇപ്പോൾ ഈ പടം ചെയ്തു.
അപ്പൊ ഇതിനെല്ലാം കൂടി ഒരു 10 വർഷം എടുക്കുമല്ലോ എന്നായിരുന്നു സിനിമയിൽ ഗ്യാപ്പ് വരാനുള്ള കാരണം വെളിപ്പെടുത്തി നടി പറഞ്ഞത്. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ അതായത് പിഎംഡിഡി എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്ന് വർഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു.


Click it and Unblock the Notifications











