'നടിയായിരുന്നപ്പോൾ കണക്ക് നോക്കാതെ ചെലവഴിച്ചു; ഭാര്യയായപ്പോൾ ജോലിക്കാരെ പോലും ഒഴിവാക്കി'
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവമായിരുന്ന നടിയാണ് അരുണ മുചേർല. ആന്ധ്രാക്കാരിയായ അരുണ ഒരുപിടി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഊമക്കുയിൽ, പിൻനിലാവ്, ശ്രീകൃഷ്ണ പരുന്ത് തുടങ്ങിയവയെല്ലാം അരുണ അഭിനയിച്ച മലയാള സിനിമകളാണ്. വിവാഹശേഷമാണ് അരുണ അഭിനയ രംഗത്ത് നിന്നും പിൻവാങ്ങിയത്. ബിസിനസുകാരനായ മോഹനെയാണ് അരുണ വിവാഹം ചെയ്തത്. 1987 ലായിരുന്നു വിവാഹം. ചണ്ഡിഗഡ് സ്വദേശിയാണ് മോഹൻ. നാല് പെൺമക്കളാണ് അരുണയ്ക്കും മോഹനും ജനിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ് അരുണ. കുക്കിംഗ് വീഡിയോകളും മറ്റ് ടിപ്സുകളുമായാണ് അരുണ സോഷ്യൽ മീഡിയയിൽ എത്താറ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തിലെ ആദ്യ നാളുകളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അരുണ. വിവാഹത്തിന് ശേഷം പാചകം പഠിച്ചതിനെക്കുറിച്ച് നടി സംസാരിച്ചു.

ചെറുപ്പകാലത്ത് ആന്ധ്രയിലെ വീട്ടിൽ ജോലിക്കാരൊക്കെ ഉണ്ടായിരുന്നു. അവരെന്നെ ഓമനിക്കും. ഞാൻ അടുക്കളയിലൊന്നും പോകില്ല. ഇന്ദിരാഗാന്ധിയെ പോലെ ഇരിക്കും. നീ എത്ര വലിയ ഇന്ദിരാഗാന്ധി ആയാലും അടുക്കളയിൽ ജോലി ചെയ്യണമെന്ന് അമ്മ പറയുമായിരുന്നു. എന്നെ പറ്റി എന്താണ് കരുതിയത് ഞാനതൊന്നും ചെയ്യില്ലെന്ന് പറഞ്ഞു.
എന്നാൽ വിവാഹത്തിന് ശേഷം ഞാൻ മഹാറാണിയൊന്നുമല്ലെന്ന് തിരിച്ചറിഞ്ഞു. കല്യാണത്തിന് ശേഷം എനിക്ക് പാചകം ചെയ്യാനറിയില്ലായിരുന്നു. ഭർത്താവ് കുക്ക് ചെയ്യും. ഞാൻ സംസാരിച്ച് കൊണ്ടിരിക്കും. പിന്നീട് ഒരു ദിവസം എന്റെ അമ്മായിയമ്മ വീട്ടിൽ വന്നു. ഒരിക്കൽ അമ്മയും വന്നു. അമ്മ എന്നെ വഴക്ക് പറഞ്ഞു. രണ്ട് വർഷം വരെയും ഞാൻ പാചകമൊന്നും ചെയ്തിരുന്നില്ല.

അമ്മ വഴക്ക് പറഞ്ഞതോടെ പാചകം ചെയ്യാമെന്ന് കരുതി. കുക്കിംഗ് ക്ലാസുകൾക്കൊപ്പെ പോയിത്തുടങ്ങിയെന്നും അരുണ വ്യക്തമാക്കി. എന്റെ ഭർത്താവ് ബിസിനസുകാരനാണ്. വിവാഹത്തിന് മുമ്പ് ബാക്കിയുള്ള രണ്ട് മൂന്ന് സിനിമകൾ പൂർത്തിയാക്കി. വിവാഹത്തിന് ശേഷം അഭിനയിക്കരുതെന്ന കണ്ടീഷൻ ഭർത്താവിനുണ്ടായിരുന്നു. അദ്ദേഹം ബിസിനസിലായതിനാൽ കുടുംബം നോക്കാൻ ആരുമുണ്ടാകില്ലെന്നതായിരുന്നു കാരണം. എനിക്കും അതിന് സമ്മതമായിരുന്നു.
സന്തോഷകരമായ ജീവിതത്തിന് നമ്മൾ എന്തെങ്കിലുമൊന്ന് വിട്ട് കൊടുക്കേണ്ടതുണ്ടെന്നും അരുണ വ്യക്തമാക്കി. വിവാഹ ജീവിതത്തിന് ശേഷം താൻ സാധാരണ ജീവിതമാണ് നയിച്ചതെന്നും അരുണ പറയുന്നു. നടിയായിരിക്കുമ്പോൾ വലിയ പരിഗണന ലഭിക്കുമായിരുന്നു. ഫ്ലെെറ്റിലായിരുന്നു യാത്രകൾ. ചെലവാക്കുന്നതിനെക്കുറിച്ചൊന്നും ആലോചിക്കില്ല.
എന്നാൽ വിവാഹത്തിന് ശേഷം ഫ്ലെെറ്റിൽ പോകുമ്പോൾ ബഡ്ജറ്റ് നോക്കണം. ഈ കണക്കുകളൊന്നും നടിയായിരിക്കുമ്പോൾ അറിയില്ലായിരുന്നു. പണ്ട് എത്ര വലിയ നടിയായിരുന്നെന്ന് അന്നൊക്കെ ചിന്തിക്കുമായിരുന്നെന്നും അതൊക്കെ സ്വാഭാവികമായി വരുന്ന തോന്നലുകളാണെന്നും അരുണ ചിരിയോടെ പറഞ്ഞ
ഇന്നത്തെ കാലത്തെ വിവാഹബന്ധങ്ങളിൽ സംഭവിക്കുന്നതെന്തെന്നും അരുണ തുറന്ന് പറഞ്ഞു. ഇന്ന് ആർക്കും ക്ഷമയില്ല. മറ്റുള്ളവരോട് ദേഷ്യപ്പെടുന്നതിന് നമ്മൾ ചെയ്തെന്താണെന്ന് സ്വയം ചിന്തിക്കണമെന്നും അരുണ വ്യക്തമാക്കി. ക്ഷമ വളരെ അത്യാവശ്യമാണ്. ഭർത്താവിനേക്കാൾ സമ്പാദിക്കുന്നെന്ന് കരുതി അതിന്റെ ഈഗോ ഉണ്ടാകാൻ പാടില്ലെന്നും അരുണ വ്യക്തമാക്കി.
അന്നൊക്കെ എന്റെ ഭർത്താവ് വീട്ടിലേക്കായി പതിനായിരം രൂപ മാത്രമാണ് തന്നിരുന്നത്. ആ പണം കൊണ്ട് വീട്ടുകാര്യങ്ങളൊക്കെ നോക്കണം. വസ്ത്രങ്ങളും ജോലിക്കാരുമൊന്നും ആവശ്യമില്ല. നായികയായതിനാൽ വീട്ട് ജോലി ചെയ്യാൻ പറ്റില്ല എന്നൊന്നും ഇല്ല. ഒരു ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. അത് പോലും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയായിരുന്നെന്നും അരുണ ചിരിച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications