'സമ്പാദ്യമോ വീടോ ഇല്ല ആകെ വാങ്ങിയത് കാർ മാത്രം, വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് 18 വയസിൽ വിവാഹം കഴിച്ചത്'; ആര്യ!
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിനി സ്ക്രീനിലെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച നടിയും അവതാരകയും സംരംഭകയുമെല്ലാമാണ് ആര്യ ബഡായി. ആര്യയ്ക്കൊപ്പം ബഡായി എന്ന് കൂടി ചേർത്താൽ മാത്രമെ പ്രേക്ഷകർക്ക് താരത്തിന്റെ മുഖം വളരെ വേഗത്തിൽ ഓർമയിൽ തെളിയൂ.
നിരവധി സീരിയലുകളിലും ചില സിനിമകളിലും ബിഗ് ബോസിലും വരെ പങ്കെടുത്തിട്ടുണ്ടെങ്കിലും മലയാളികൾക്ക് ആര്യ എന്നും ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ആര്യ ബഡായി ബംഗ്ലാവിന്റെ ഭാഗമായത്.
അത് വലിയൊരു വഴിത്തിരിവാകുകയും ആര്യ പിന്നീട് പ്രശസ്തിയിലേക്ക് കുതിക്കുകയുമായിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായ ശേഷം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നെങ്കിലും താരം പിന്നീട് അതിനെയെല്ലാം അതിജീവിച്ചു. വളരെ ചെറിയ പ്രായത്തിൽ വിവാഹമോചിതയാവുകയും പിന്നീട് ഒരു പെൺകുഞ്ഞിനെയും അമ്മയേയും അനിയത്തിയേയും വരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ആര്യയ്ക്ക് വന്നു.

അച്ഛനില്ലാത്ത കുറവ് തോന്നിപ്പിക്കാതെ അത്രത്തോളം മനോഹരമായാണ് ആര്യ സഹോദരിയുടെ വിവാഹം കാരണവർ സ്ഥാനത്ത് നിന്ന് നടത്തിയത്. നടി അർച്ചന സുശീലന്റെ സഹോരനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. എന്നാൽ മകൾ പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. ശേഷം ബിഗ് ബോസിലേക്ക് പോകും മുമ്പ് ആര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.
എന്നാൽ ബിഗ് ബോസ് കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ആ ബന്ധം ഇല്ലാതെയായി. അതുകൊണ്ട് തന്നെ ഏറെനാൾ മാനസീക വേദന അനുഭവിച്ചിരുന്നുവെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. കക്ഷി അമ്മിണിപിള്ള, സോമന്റെ കൃതാവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഷിബ്ല ഫറ ആര്യയുടെ ഉറ്റ സുഹൃത്താണ്.
ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഷിബ്ലയുമായി സംസാരിക്കവെ പങ്കിട്ടിരിക്കുകയാണ് ആര്യ. പഠനത്തിൽ പിന്നോട്ട് ആയിരുന്നുവെന്നും അച്ഛന്റെയും അമ്മയുടെയും താൽപര്യപ്രകാരം താൻ പതിനെട്ട് വയസിൽ വിവാഹിതയാവുകയായിരുന്നുവെന്നുമാണ് ആര്യ പറയുന്നത്.
'ചെറുപ്പം മുതൽ സിനിമ നടിയാകാനായിരുന്നു ആഗ്രഹം. പക്ഷെ അപ്രതീക്ഷിതമായി സീരിയലിൽ എത്തി. ഭാഗ്യം കൊണ്ട് ഞാൻ ചെയ്തതൊക്കെ ക്യാരക്ടർ റോളുകളാണ്. ഫിലിം ഫീൽഡിലേക്ക് ഞാൻ എത്തുന്നത് ബഡായ് ബംഗ്ലാവിലൂടെയാണ്. ആദ്യം അവിടേക്ക് ക്ഷണം കിട്ടിയിരുന്നെങ്കിലും ഞാൻ അത് വേണ്ടെന്ന് വെച്ചതാണ്. ആ സമയം രോഹിത് (മുൻ ഭർത്താവ്) പറഞ്ഞിട്ടാണ് ഞാൻ അതിലേക്ക് പോകുന്നത്.'

'എന്റെ അച്ഛന്റെ ആഗ്രഹം എന്നെ എഞ്ചിനീയറിങിന് വിടണം എന്നായിരുന്നു. ഞാൻ താത്പര്യമില്ലാതെയാണ് കോച്ചിങ്ങിന് പോയത്. അപ്പോഴും എന്റെ ആഗ്രഹം നടി ആകണം എന്നുതന്നെ ആയിരുന്നു, എൻട്രൻസ് എഴുതിയെങ്കിലും ഭീകര പരാജയം ആയിരുന്നു. അച്ഛന് വേണ്ടിയിട്ടാണ് ഞാൻ അതിനുപോയതുപോലും. അപ്പോഴേക്കും ഞാൻ ഷൂട്ട് ഒക്കെ ചെയ്ത് തുടങ്ങി.'
'ആ സമയത്ത് പ്രൈവറ്റായി ബിഎയ്ക്ക് ജോയിൻ ചെയ്തു. എന്നാൽ അത് കംപ്ലീറ്റ് ചെയ്യാൻ ആയില്ല. വിവാഹം നടന്നു. അത്രയും നേരത്തെ വിവാഹം കഴിക്കാൻ ഞങ്ങൾ പ്രിപ്പേർഡ് ആയിരുന്നില്ല. പക്ഷെ എന്റെ പാരന്റ്സിന്റെ ആഗ്രഹത്തിന് വേണ്ടിയാണ് നേരത്തെ വിവാഹം കഴിച്ചത്.'
'വിവാഹത്തിനുശേഷവും ഞാൻ ഷോയും കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ വീട്ടിൽ കൊടുക്കാൻ ഒന്നും എനിക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ആങ്കറിന് കിട്ടുന്ന വമ്പൻ സാലറി എന്നൊക്കെ പറഞ്ഞ് ചില വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. അതൊന്നും ആരും വിശ്വസിക്കരുത്. മമ്മൂട്ടിയുടെ വീട് കാണിച്ചിട്ടാണ് എന്റെ വീടെന്നും എന്റെ ലക്ഷ്വറി ലൈഫെന്നും പലരും പറഞ്ഞുണ്ടാക്കുന്നത്.'
'പതിനഞ്ച് വർഷമായി ഞാൻ ഈ ഫീൽഡിൽ എത്തിയിട്ട് ഒരു സേവിങ്‌സോ വീടോ എനിക്കില്ല. ആകെപ്പാടെ ഞാൻ വാങ്ങിയത് ഒരു കാർ മാത്രമാണ്. അത് വളരെ അത്യാവശ്യമായതുകൊണ്ട് ഒരു വലിയ കാർ വാങ്ങിച്ചു. അതും ഒരു വലിയ കുടുംബം ഉള്ളതുകൊണ്ട് മാത്രം', എന്നാണ് ആര്യ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് മനസ് തുറന്ന് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications