'ആ നാളിൽ ജനിച്ച വ്യക്തി ആശുപത്രി ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു, കാളിദാസ് കാശ് പിരിച്ച് തുടങ്ങി'; ആര്യ ബഡായി!
കുടുംബപ്രേക്ഷകര്‍ക്ക് ചിരപരിചിതയായ താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവിലൂടെ കുടുബപ്രേക്ഷകരുടെ മനസിലിടം നേടി പിന്നീട് അവതാരകയായും കോമഡി ഷോകളിലൂടെയും ബിഗ് ബോസ് ഷോയിലുടെയും ആര്യക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
അവതാരക എന്നതിലും ഉപരിയായി സംരംഭകയുമാണ് ആര്യ. താരത്തിന്റെ ബുട്ടീക് പ്രശസ്തമാണ്. 2018ല്‍ തിരുവനന്തപുരത്ത് അരോയ എന്ന പേരിലുള്ള ബൊട്ടീക്ക് തുടങ്ങിയ ആര്യ കഴിഞ്ഞ വര്‍ഷം മറ്റൊരു ബൊട്ടീക്കിന് കൂടി തുടക്കം കുറിച്ചിരുന്നു. കൊച്ചിയില്‍ കാഞ്ചീവരം എന്ന പേരുള്ള ഈ ബൊട്ടീക്ക് ഉദ്ഘാടനം ചെയ്തത് ആര്യയുടെ മകള്‍ തന്നെയാണ്.

ഭാവന അടക്കമുള്ള സെലിബ്രിറ്റികൾ ആര്യയുടെ സ്ഥിരം കസ്റ്റമറാണ്. ചെറുപ്പം മുതൽ അഭിനയത്തോടുള്ള അതീവ താൽപര്യം ആര്യയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് മോഡലിങിലേക്കും അവതാരകയായും എല്ലാം ആര്യ പലവഴി അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതുകൊണ്ട് തന്നെ സിനിമയിൽ ആര്യയ്ക്ക് ലഭിച്ചത് ഏറെയും കോമഡി ടച്ചുള്ള കഥാപാത്രങ്ങൾ ആയിരുന്നു.
എന്നാൽ സീരിയസ് റോളുകൾ ചെയ്യാനാണ് ആര്യയ്ക്ക് ഏറെയും ആഗ്രഹം. അതിനുള്ള ചില അവസരങ്ങൾ ആര്യയ്ക്ക് ഇപ്പോൾ ലഭിക്കുന്നുമുണ്ട്. സെലിബ്രിറ്റി ജീവിതം ആരംഭിച്ചാൽ പിന്നെ ഉദ്ഘാടനങ്ങൾ ലഭിക്കുക പതിവാണ്. എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ആശുപത്രി ഉദ്ഘാടനം ചെയ്യാൻ ആര്യയ്ക്ക് സാധിച്ചു.
അച്ഛൻ വഴി തന്നിലേക്ക് വന്ന ഉദ്ഘാടനത്തിന് പോയതിന് അന്ന് മിഠായിയാണ് പ്രതിഫലമായി ലഭിച്ചതെന്നും ആര്യ സൈന സൗത്ത് പ്ലസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നു. 'അച്ഛൻ ഞങ്ങളുടെ വീടിന് അടുത്തുള്ള ഇന്ന് തിരുവനന്തപുരത്ത് ഏറ്റവും വലിയ പ്രൈവറ്റ് ആശുപത്രികളിൽ ഒന്നായ ഒരു ആശുപത്രിയുടെ അക്കൗണ്ട്സ് കൈകാര്യം ചെയ്തിരുന്നു. തുടക്കം മുതൽ അച്ഛനാണ് അക്കൗണ്ട്സ് നോക്കിയിരുന്നത്.'
'ആ ആശുപത്രിയുടെ പുതിയ ബിൽഡിങിന്റെ ഉദ്ഘാടനത്തിന് ഇന്ന നാളിൽ ജനിച്ച ഒരാളെ ആവശ്യമായിരുന്നു. അങ്ങനൊരു നാളുകാരനെ കണ്ടെത്തുന്നതിനുള്ള ശ്രമം ആശുപത്രി അധികൃതർ ആരംഭിച്ചപ്പോൾ എന്റെ പേര് അച്ഛനാണ് അവരോട് പറഞ്ഞത്. അങ്ങനെ ഞാൻ അനിയത്തിപ്രാവ് മോഡലിലുള്ള ചുരിദാറൊക്കെ ധരിച്ച് ആശുപത്രി ഉദ്ഘാടനത്തിന് പോയി.'

'നാടമുറിച്ച് ഉദ്ഘാടനം ചെയ്യാമെന്നൊക്കെ കരുതിയാണ് ഞാൻ പോയത്. പക്ഷെ യഥാർത്ഥത്തിൽ പേഷ്യന്റായി കിടന്ന് പരിശോധിക്കാൻ ഡോക്ടർക്ക് അവസരം ഉണ്ടാക്കികൊടുക്കണം അതായത് ആ ആശുപത്രിയിലെ ആദ്യ പേഷ്യന്റായി കിടന്ന് ഉദ്ഘാടനം നിർവഹിക്കാനാണ് പോയത്. ഡോക്ടർ പരിശോധന തുടങ്ങിയതോടെ ഞാൻ എനിക്ക് അസുഖമില്ലെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.'
'അങ്ങനെ അവസാനം ഡോക്ടർ മിഠായൊക്കെ തന്ന് സമാധാനിപ്പിച്ചു. അതാണ് എന്റെ ആദ്യ ഉദ്ഘാടനം', എന്നാണ് അനുഭവം വിവരിച്ച് ആര്യ പറഞ്ഞത്. പിന്നീട് ജയറാം ഷോയ്ക്കായി അമേരിക്കയിൽ പോയപ്പോഴുണ്ടായ അനുഭവവും ആര്യ പങ്കിട്ടു. 'നാദിർഷ, കാളിദാസ്, ജയറാം, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങൾക്കൊപ്പമാണ് ആ ഷോയ്ക്കായി ഞാൻ യുഎസിൽ പോയത്.'
'അവിടെ എത്തിയശേഷം മെക്സിക്കൻ ബോർഡർ കാണാനായി ഞങ്ങൾ എല്ലാവരും ഒരുമിച്ച് പോയി. ഉൾപ്രദേശത്ത് കൂടിയാണ് യാത്ര. ഹോട്ടലോ ഭക്ഷണം കഴിക്കാൻ കഫെയോ ഒന്നും തന്നെയില്ല. അങ്ങനെ തപ്പി ചെന്നപ്പോൾ ഞങ്ങൾ ഒരു ചെറിയ ഷാക്ക് കണ്ടെത്തി. അവിടെയിരുന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. അതിനിടയിലാണ് ജയറാമേട്ടൻ പറഞ്ഞത് നമുക്ക് ഒരു ചെറിയ പരിപാടി ഒപ്പിക്കാമെന്ന്.'
'അങ്ങനെ ഞങ്ങൾ ജയറാമേട്ടന്റെ കയ്യിലുള്ള ചെറിയ മ്യൂസിക്ക് ഇൻസ്ട്രുമെന്റ്സ് എല്ലാം വെച്ച് പാട്ടും ഡാൻസുമെല്ലാം ചെയ്തു. ഏകദേശം സ്ട്രീറ്റ് പെർഫോമേഴ്സിനെ പോലെയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ പാട്ടും ഡാൻസും എല്ലാം കണ്ട് ആളുകൾ കൂടി. ആള് കൂടിയതോടെ ആരും പറയാതെ തന്നെ തലയിൽ ഇരുന്ന തൊപ്പി ഊരി ജനങ്ങൾക്കിടയിലൂടെ നടന്ന് പിരിവ് തുടങ്ങി. കോയിൻസ് അടക്കം പതിനൊന്ന് ഡോളർ അന്ന് കിട്ടി', എന്നാണ് ആര്യ രസകരമായ അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications