'അമ്മാ നമുക്കീ വാവയെ വേണമെന്ന് പറഞ്ഞ് ഞാൻ കരയുകയായിരുന്നു, അഞ്ചാം മാസത്തിലാണ് മനസിലായത്'; ആര്യ പാർവതി
ഇൻസ്റ്റഗ്രാം റീല്‍സിലൂടെയും നൃത്ത വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയയായ താരമാണ് ആര്യ പാര്‍വതി. ഇരുപത്തിമൂന്നാം വയസില്‍ താനൊരു ചേച്ചിയാകാൻ പോകുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ആര്യ ആരാധകരോട് പങ്കുവെച്ചത്.
ഗര്‍ഭിണിയായ അമ്മ ദീപ്തി ശങ്കറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കുടുംബത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് തന്റെ ആരാധകരെ അറിയിച്ചത്. '23 വര്‍ഷങ്ങള്‍ക്ക് ശേഷം എനിക്ക് താഴെയൊരു കുഞ്ഞ് കുടുംബത്തില്‍ വരാൻ പോകുന്നു.'
'അതിന്‍റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍. ഒരു വല്യേച്ചിയുടേയും അമ്മയുടേയുമെല്ലാം റോള്‍ ഏറ്റെടുക്കാൻ തയ്യാറായി ഇരിക്കുകയാണ് ഞാൻ. അച്ഛനേയും അമ്മയേയും സ്നേഹം കൊണ്ടും പിന്തുണ കൊണ്ടും അനുഗ്രഹിക്കണം.'
'എളുപ്പം വരൂ കുഞ്ഞേ..' എന്നാണ് സന്തോഷ വാർത്ത പങ്കുവെച്ച് ആര്യ കുറിച്ചത്. സോഷ്യല്‍ മീഡിയ താരങ്ങള്‍ അടക്കം നിരവധി പേരാണ് ആര്യക്കും അച്ഛനും അമ്മയും ആശംസകളറിയിച്ച് എത്തിയത്. സുഖമായി പ്രസവിക്കട്ടേയെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ അമ്മയ്ക്കും കുഞ്ഞിനും രണ്ടിടത്താകാൻ സാധിക്കട്ടെയെന്നുമെല്ലാം ഏറെ പേര്‍ ആശംസിച്ചിരുന്നു.

ഇപ്പോഴിത അമ്മയുടെ ഗർഭകാലത്തെ വിശേഷങ്ങൾ ആര്യ പാർവതി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. ആര്യയുടെ അമ്മ ഇപ്പോൾ ഒമ്പത് മാസം ഗർഭിണിയാണ്. 'ആദ്യം അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി വന്ന സന്തോഷമാണ്.'
'അഞ്ചാം മാസത്തിലാണ് അമ്മ ഗർഭിണിയാണെന്ന് മനസിലായത്. പീരിയഡ്സ് നിൽക്കുന്നതിന്റെ ഭാഗമായുള്ള ശാരീരിക മാറ്റങ്ങളുടെ ഭാഗമായാണ് വയർ വീർത്തതെന്നാണ് അമ്മ കരുതിയിരുന്നത്. പ്രോഗ്രാമുകളുടേയും പഠനത്തിന്റേയുമൊക്കെ തിരക്കിനിടെ ഏഴ് മാസം മുമ്പ് ഞാൻ ഒടുവിൽ വീട്ടിലെത്തിയപ്പോൾ അമ്മയോട് തമാശ പോലെ ചോദിച്ചിരുന്നു.'

'അമ്മാ ഇങ്ങനെയെന്തെങ്കിലും ഉണ്ടോ... എന്ന്. ഒരിക്കലും ഇല്ല ആര്യാ... എന്ന് അമ്മ അപ്പോൾ തർക്കിച്ചതുമാണ്. പക്ഷെ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ അൽപ്പം ഡിപ്രഷനിലേക്ക പോയി. എനിക്ക് 23 വയസാണല്ലോ. അപ്പോള്‍ ഉത്തരവാദിത്വങ്ങളൊക്കെ തീരുന്നു.'
'എന്നെ കല്യാണം കഴിപ്പിക്കണം പേരക്കുട്ടികളെ സ്നേഹിച്ച് ജീവിക്കണം എന്നൊക്കെ വിചാരിച്ചിരുന്ന ആൾ പെട്ടെന്ന് വീണ്ടും അമ്മയാകുവാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ ആ കുഞ്ഞിനെ സ്നേഹിക്കാനാകുമോ എന്നൊക്കെ തോന്നുന്ന ഒരു മാനസികാവസ്ഥയുണ്ടല്ലോ അതായിരുന്നു കാരണം.'

'ഞാൻ നാട്ടിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോൾ ആറാം മാസമൊക്കെ ആയപ്പോള്‍ അച്ഛൻ എന്നെ വിളിച്ച് കാര്യം പറഞ്ഞു. അതുവരെ എന്നെ അറിയിച്ചിരുന്നില്ല. കാണുമ്പോൾ ഒരു ഷോക്ക് ആകരുതല്ലോ.... കാര്യം അറിഞ്ഞപ്പോൾ ഞാൻ അമ്മയെ കരഞ്ഞ് കൺവിൻസ് ചെയ്തു.'
'അമ്മാ നമുക്കിതുവേണമെന്ന്. അങ്ങനെ അമ്മ ഓക്കെയായി. അമ്മയ്ക്ക് വേണം എന്നുണ്ട്. പക്ഷെ ഇനിയൊരു കുഞ്ഞിനെ അംഗീകരിക്കാനാകുമോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു. ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ.'

'ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ അമ്മ തലകറങ്ങി വീണ് അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അറിയുന്നത്. അമ്മയ്ക്ക് ഇപ്പോൾ നാൽപത്തി അഞ്ച് വയസ്.'
'അമ്മയുടെ 22 വയസിലാണ് ഞാൻ ജനിച്ചത്. പ്രായം അധികമൊന്നും ആയിട്ടില്ലെങ്കിലും അമ്മയുടെ ആരോഗ്യത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോയെന്ന് ടെൻഷനുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവർക്കും അമ്മയുടെ ഹെൽത്ത് മാത്രമായിരുന്നു പ്രധാനം.'

'പരിശോധനയിൽ കുഴപ്പമൊന്നുമില്ല. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു. അതുകൊണ്ടാണ് നമ്മളും ധൈര്യത്തോടെ മുന്നോട്ട് പോകുന്നത്. ഞാൻ ഉണ്ടാകും മുമ്പെ അമ്മ ഒരു തവണ ഗർഭിണിയായിരുന്നു. ആ കുഞ്ഞ് ഏഴാം മാസത്തിൽ വയറ്റിൽ വെച്ച് തന്നെ പോയി.'
'അതിന്റെ ടെൻഷന്‍ കൂടിയുള്ളതിനാൽ ഞങ്ങൾ വിശദമായി ഡോക്ടറോട് സംസാരിച്ചിരുന്നു. കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ഇപ്പോൾ ഒമ്പത് മാസം കഴിഞ്ഞു. 16 ആം തീയതിയാണ് ഡേറ്റ്.'
'അച്ഛന് ആദ്യം വലിയ ചമ്മലായിരുന്നു. അമ്മയുടെ കാര്യത്തിൽ ടെൻഷനുമുണ്ടായിരുന്നു. രണ്ടുപേരുടേയും ചിന്ത ഞാൻ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു. ഞാൻ സന്തോഷത്തിലാണെന്ന് അറിഞ്ഞപ്പോൾ അവരും സന്തോഷത്തിലായി' ആര്യ പറഞ്ഞു.


Click it and Unblock the Notifications