'എന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് നിങ്ങള്‍... നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല'; ആശ ശരത്ത്!
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ജീവിതപങ്കാളി. പതിനെട്ടാം വയസിൽ വിവാഹിതയായ വ്യക്തിയാണ് ആശ.
അഭിനയവും നൃത്തവും കുടുംബജീവിതവുമെല്ലാം ഒന്നിച്ച് കൊണ്ടുപോകാൻ ആശയ്ക്ക് എന്നും കരുത്ത് ശരത്ത് തന്നെയാണ്. സോഷ്യൽമീഡിയ പേജിൽ വളരെ ആക്ടീവായ ആശ ശരത്ത് എപ്പോഴും പങ്കുവെക്കാറുള്ളത് ഭർത്താവ് ശരത്തിന്റെ ചിത്രങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളുമാണ്.
ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് ആശ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 'എന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് നിങ്ങള്‍. എന്റെ ആത്മമിത്രം.. നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ശരത്തേട്ടായെന്നുമായിരുന്നു', ആശ കുറിച്ചത്. ഒപ്പം ശരത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും ആശ ശരത്ത് പങ്കുവെച്ചു.

ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. എന്നും ഇതുപോലെ ഒന്നിച്ച് ചേർന്നിരിക്കാനാവട്ടെ. നിങ്ങൾ തമ്മിലുള്ള ബോണ്ട് നമുക്ക് അറിയാവുന്നതാണെന്നും ഒക്കെയായിരുന്നു ആരാധകർ പറഞ്ഞത്.
'18 വയസിൽ വിവാഹം കഴിച്ച ആളാണ് ഞാൻ. ടിവിയിലൂടെ ഒരു ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടൻ ആലോചനയുമായി വരുന്നത്. വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് ഞങ്ങൾ നേരിട്ട് കണ്ടത്. കാണുന്നതിന് മുമ്പ് അദ്ദേഹം ആദ്യമായി കാസറ്റിൽ ഈറൻ മേഘം പൂവും കൊണ്ട് എന്ന പാട്ട് പാടി മസ്കറ്റിൽ നിന്നും അയച്ച് തന്നിരുന്നു.'
'അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷെ ആ പാട്ടിൽ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസുണ്ടായിരുന്നു. ഇന്നും ഞാൻ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 27 വർഷം പിന്നിട്ടിട്ടും ഞാൻ ഹൃദയത്തോട് ചേർത്തുവച്ച പാട്ടാണിതെന്നും', ആശ മുമ്പൊരിക്കൽ ഭർത്താവിനെ കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.
വിവാഹത്തിനുശേഷം അഭിനയത്തിലേക്ക് എത്തിയ താരമാണ് ആശ. പ്രീഡിഗ്രി കാലത്ത് കമലദളത്തിൽ അഭിനയിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ താൽപര്യക്കുറവ് കാരണം ആ ക്ഷണം ആശ നിരസിക്കുകയായിരുന്നു. ദുബായിൽ റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും ആശ പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി കലാകേന്ദ്ര എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. കൈരളി കലാകേന്ദ്രയ്ക്ക് ദുബായിൽ തന്നെ നാല് ശാഖകൾ ഉണ്ട്. കുങ്കുമപ്പൂവ് എന്ന പരമ്പരയാണ് ആശ ശരത്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.
പിന്നീട് സിനിമയിലും അഭിനയിച്ച് തുടങ്ങിയ ആശ ശരത്തിന്റെ ദൃശ്യം സിനിമയിലെ ഐജി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ആശയ്ക്ക് പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. ഖൈദ്ദ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തര സിനിമയിൽ അരങ്ങേറിയത്. അടുത്തിടെയായിരുന്നു ഉത്തരയുടെ വിവാഹം.


Click it and Unblock the Notifications











