താരങ്ങളെ അമിതമായി പുകഴ്ത്തില്ല, അവസരം ചോദിച്ച് പോയില്ല; അസിന്റെ സ്വഭാവ രീതി ചർച്ചയായപ്പോൾ
അസിനെ കണ്ടിട്ട് വർഷങ്ങളായെങ്കിലും നടിയെ ആരാധകർ മറന്നിട്ടില്ല. അത്രത്തളം ഹിറ്റ് സിനിമകൾ സമ്മാനിച്ച നടിയാണ് അസിൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും സൂപ്പർതാരങ്ങൾക്കൊപ്പം അസിൻ തുടരെ സിനിമകൾ ചെയ്തു. തൊട്ടതെല്ലാം ഹിറ്റാക്കി അസിൻ മുന്നേറി. എന്നാൽ കരിയറിൽ ഒരു ഘട്ടത്തിലും വിട്ടുവീഴ്ചകൾക്ക് അസിൻ തയ്യാറായില്ല. ബോളിവുഡിലെത്തിയപ്പോൾ പോലും ഇതിൽ മാറ്റം വന്നില്ല. അതീവ ഗ്ലാമറസായി അഭിനയിക്കില്ലെന്നത് നടിയുടെ തീരുമാനമായിരുന്നു.
അവസരങ്ങൾ തേടി അസിൻ പോയില്ല. ഇതേക്കുറിച്ച് ഒരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അസിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇതുവരെ ഞാൻ ആരെയും വിളിച്ച് സർ, നിങ്ങൾ ആ പ്രൊജക്ട് ചെയ്യുന്നില്ലേ, എനിക്കത് ചെയ്യാൻ താൽപര്യമുണ്ട്, അടുത്ത പ്രൊജക്ടിന് എന്നെ പരിഗണിക്കൂ, ഞാനിവിടെ ഡേറ്റ് ഫ്രീയായി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ല.
ആൾക്കാർക്ക് ഈ കുട്ടിക്ക് ഇത്ര ടാലന്റുണ്ട്, അല്ലെങ്കിൽ ഇത്ര ടാലന്റേ ഉള്ളൂ എന്നെല്ലാം അറിയാം. അപ്പോൾ അതിനനുസരിച്ചുള്ള റോൾ വരുമ്പോൾ അവർ വിളിക്കും എന്ന വിശ്വാസമുണ്ട്. ഇനി അവരെ വിളിച്ച് ശല്യം ചെയ്ത് ബാധ്യതയാകാൻ താൽപര്യമില്ല. അതുകൊണ്ട് ഇതുവരെ ഞാൻ ഒരു റോളിന് വേണ്ടി ഒരിടത്തും വിളിച്ചിട്ടുമില്ല, പോയിട്ടുമില്ലെന്ന് അസിൻ വ്യക്തമാക്കി.
നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചെങ്കിലും അത് വലിയ ഭാഗ്യമാണെന്ന് പറയുകയോ അവരെ അമിതമായി പുകഴ്ത്തുകയോ അസിൻ ചെയ്തിട്ടില്ല. ഇതേക്കുറിച്ചും നടി അന്ന് വിശദീകരിച്ചു. എനിക്കവരുമായെല്ലാം പ്രൊഫഷണലായ, ഫ്രണ്ട്ലിയായ റിലേഷൻഷിപ്പാണ്. എനിക്കെല്ലാവരെയും ഇഷ്ടമാണ്. അഭിനേതാക്കളെന്ന നിലയിലും വ്യക്തികളെന്ന നിലയിലും ഓരോരുത്തർക്കും അവരുടേതായ സ്വഭാവ സവിശേഷകളുണ്ട്. പക്ഷെ ഞാനങ്ങനെ ആരെ പറ്റിയും ഓവറായി സംസാരിക്കാറില്ല. എന്നെക്കുറിച്ചും ഓവറായി സംസാരിക്കുന്ന സ്വഭാവമില്ലെന്ന് അസിൻ വ്യക്തമാക്കി.

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാത്തത് വലിയ കുറവായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അസിൻ മറുപടി നൽകി. തീർച്ചയായും, ഞാൻ കണ്ട് വളർന്നത് മലയാള സിനിമയാണ്. നായകൻമാരെക്കുറിച്ചുള്ള എന്റെ ആദ്യത്തെ സങ്കൽപ്പത്തിലുള്ളവരാണ് മോഹൻലാൽ സാറും മമ്മൂട്ടി സാറും. ഒരു നല്ല അവസരം ലഭിക്കുമ്പോൾ അവർക്കൊപ്പം അഭിനയിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്ന് അസിൻ പറഞ്ഞു.
സിനിമാ രംഗത്തേക്ക് വന്ന ശേഷം തന്റെ ജീവിതത്തിൽ അതുവരെ വിശ്വസിച്ച മൂല്യങ്ങളിൽ മാറ്റം വന്നിട്ടില്ലെന്നും അസിൻ അന്ന് വ്യക്തമാക്കി. നമ്മൾ നമ്മുടെ മൂല്യങ്ങളിൽ ശക്തരാണെങ്കിൽ അത് എവിടെ ചെന്നാലും മാറില്ല. നമുക്കെന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചെയ്യാനുള്ള ഐഡിയ ഉണ്ടെങ്കിൽ നമ്മുടെ വഴി തെളിയും. പ്രശ്നങ്ങളുണ്ടായാൽ അത് നേരിടാൻ തയ്യാറായിരിക്കണം.
ഞാൻ എന്റെ മോട്ടാേയായി എടുത്തിരിക്കുന്നത് അതാണ്. എനിക്ക് എന്റേതായ രീതിയിൽ വിജയം മതി. അതിൽ നിന്ന് വിട്ടുള്ള വിജയം എനിക്ക് വേണ്ടെന്നും അസിൻ പറഞ്ഞു. സിനിമയിൽ വന്ന് ധനികരായ കുടുംബമല്ല അസിന്റേത്. നേരത്തെ പണക്കാരാണ്. കരിയറിൽ ഏത് വിധേനയും പിടിച്ച് നിൽക്കേണ്ട ആവശ്യം അസിന് ഇല്ലായിരുന്നു. വിവാഹ ശേഷം നടി സിനിമാ രംഗം പൂർണമായും വിട്ടു.


Click it and Unblock the Notifications











