കഴിഞ്ഞ വർഷം ഇതേപോലെ ആശംസ അറിയിച്ചതാണ്..., നിങ്ങളിവിടെ തന്നെയുണ്ട്; വൈകാരികമായി അശ്വതി
സീരിയൽ ലോകത്തെ ഏറെ വിഷമിച്ച വാർത്തയായിരുന്നു നടി രഞ്ജുഷ മേനോന്റെ ആത്മഹത്യ. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകായിരുന്നു രഞ്ജുഷയെ. തന്റെ 35ാം വയസിലാണ് രഞ്ജുഷ ലോകത്തോട് വിട പറഞ്ഞത്. രഞ്ജുഷയുടെ പിറന്നാൾ ദിനത്തിലായിരുന്നു മരണം. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ട് രഞ്ജുഷയ്ക്ക്. രഞ്ജുഷയുടെ മരണം അച്ഛനും അമ്മയ്ക്കും ഉൾക്കൊള്ളാനായില്ല. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അന്ന് പറഞ്ഞത്. ആത്മഹത്യ ചെയ്യാനുള്ള കാരണമൊന്നും രഞ്ജുഷയ്ക്കില്ലായിരുന്നെന്നും ഇവർ പറഞ്ഞു.
രഞ്ജുഷയുടെ ജന്മ വാർഷികവും ചരമ വാർഷികവുമാണിന്ന്. നടി ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തായിരിക്കുന്നു. രഞ്ജുഷയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ സുഹൃത്തും സഹപ്രവർത്തകയുമായ നടി അശ്വതി. രഞ്ജുഷ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് അശ്വതി പറയുന്നു. 'കഴിഞ്ഞ വർഷം ഇതേപോലെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച തൊട്ടു പിന്നാലെ ആണ് ഞങ്ങളെ എല്ലാം നടുക്കികൊണ്ട് ആ വാർത്ത വന്നത്... രഞ്ജുമ്മ, നിങ്ങളിവിടൊക്കെ തന്നെ ഉണ്ട് എന്ന് വിശ്വസിക്കാനാ എനിക്കിഷ്ട്ടം,' ഒരുമിച്ചുള്ള ഫോട്ടോകളും വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടും
പങ്കുവെച്ച് കൊണ്ട് അശ്വതി കുറിച്ചതിങ്ങനെ.

രഞ്ജുഷയുടെ മരണം കുടുംബത്തിനുണ്ടാക്കിയ ആഘാതം മാറി വരുന്നതേയുള്ളൂ. അടുത്തിടെ നൽകിയ അഭിമുഖത്തിലും രഞ്ജുഷ ആത്മഹത്യ ചെയ്യില്ലെന്നാണ് നടിയുടെ മാതാപിതാക്കൾ ആവർത്തിച്ചത്. സംവിധായകൻ മനോജ് ശ്രീലകത്തിനെതിരെ ഇവർ ആരോപണവും ഉന്നയിച്ചു. ഇരുവരും ഒരുമിച്ച് കഴിയുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മരണ വിവരം ആദ്യം അറിയിക്കുന്നതും മനോജ് ശ്രീലകമാണ്.
അഭിനയത്തിന് പുറമെ സീരിയൽ പ്രൊഡക്ഷൻ മേഖലയിലും രഞ്ജുഷ സജീവമായിരുന്നു. നടിയുടെ മരണ ശേഷം അശ്വതി വൈകാരികമായി രഞ്ജുഷയ്ക്കൊപ്പമുള്ള സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ചിരുന്നു. 2009 മുതൽ തുടങ്ങിയ സൗഹൃദമാണ് താനും രഞ്ജുഷയും തമ്മിലെന്ന് നടി അന്ന് വ്യക്തമാക്കി. നമുക്ക് കൂട്ടുകാർ ഒരുപാട് പേരുണ്ടാകാം. പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാൻ കഴിയുകയുള്ളു.

എനിക്ക് അങ്ങനെ പങ്കുവെക്കാൻ വിരലിൽ എണ്ണാൻ പറ്റിയ ചുരുക്കം പേരിൽ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ. പിറന്നാൾ ആശംസകൾ മെസ്സേജ് ചെയ്ത്, അടുത്ത വാട്സ്ആപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കുമ്പോൾ കണ്ട ആ വാർത്തയിൽ ഒരു നിമിഷത്തേക്ക് ഭൂമി തല കീഴായ് മറിയുന്ന പോലെ തോന്നി. അടുത്ത നിമിഷം വെറുതെ ആഗ്രഹിച്ചു, ആർക്കോ ടൈപ്പ് ചെയ്തതിൽ പറ്റിയ അബദ്ധം, "ആശംസകൾ" എന്നത് മാറിപ്പോയതായിരിക്കണേ എന്ന്.
നിയന്ത്രണം വിട്ട് കരയുവാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാൻ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തിയാണ് തന്നെ വിട്ടു പോയതെന്നും അശ്വതി വ്യക്തമാക്കി. മുപ്പതോളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള രഞ്ജുഷ മേനോൻ തലപ്പാവ്, ബോംബെ, ലിസമ്മയുടെ വീട്, വൺവേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











