'അടിച്ച് വളർത്താത്തതിന്റെയാണെന്നും കൊന്ന് കളയാനും ആഹ്വാനം കണ്ടു, അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ?'
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് പറേയണ്ടതില്ലല്ലോ... എങ്ങനെ പഠിക്കണം എന്നതിൽ കവിഞ്ഞ് ഭാവി ജീവിതത്തിൽ നാം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എങ്ങനെ അനായാസം തരണം ചെയ്യാമെന്ന് കൂടി അധ്യാപകർ നമ്മ പഠിപ്പിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഓരോ വിദ്യാർഥിയേയും ജീവിത വിജയം കൈവരിക്കാൻ പ്രാപ്തരാക്കുക, നല്ല മാർഗ്ഗങ്ങളിലൂടെ മാത്രം നയിക്കുക എന്നത് ഒരു അധ്യാപകന്റെ കർത്തവ്യമാണ്.
ഒരു കുട്ടിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ മാതാപിതാക്കളുടേതിന് തുല്യമായ പങ്ക് അധ്യാപകർക്കും ഉണ്ടെന്ന് പറയാം. വിദ്യാലയത്തിന്റെ പടിവാതിൽ തുറക്കുന്നവൻ കാരാഗൃഹത്തിന്റെ വാതിൽ അടക്കുന്നു എന്നൊരു ചൊല്ലുണ്ട്. അജ്‌ഞത മനുഷ്യരെ തെറ്റുകളുടെ ലോകത്തേക്ക് നയിക്കുന്നു. അതിൽ നിന്ന് പുറത്ത് കടക്കാൻ മനുഷ്യനെ സഹായിക്കുന്നവനാണ് ഗുരു. മനോഹരമായ ഗുരു ശിഷ്യ ബന്ധങ്ങൾ കുട്ടിക്കാലം മുതൽ കണ്ട് വളരുന്നവരാണ് നാം ഓരോരുത്തരും.

എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വാർത്ത ഏറെ വേദനയുളവാക്കുന്ന ഒന്നായിരുന്നു. ഫോണ്‍ പിടിച്ചുവെച്ചതിന്റെ പേരിൽ തീർത്തുകളയുമെന്ന് അധ്യാപകന് നേരെ ഭീഷണി മുഴക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ വിദ്യാർത്ഥിയെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. ഇപ്പോഴിതാ വിദ്യാർത്ഥിയെ ശിക്ഷിക്കാനും കൊന്ന് കളയാനും വരെ പറഞ്ഞ് വരെ കമന്റ് കുറിച്ചവർക്കെതിരെ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി അശ്വതി ശ്രീകാന്ത്.
അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണെന്ന് അശ്വതി കുറിച്ചു. അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകൾ കണ്ടു. കൊന്ന് കളയാനുള്ള ആഹ്വാനങ്ങൾ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികൾ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ച് പറയുന്ന എത്ര പേരാണ്.
അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ?. ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകൾ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ?. അവരിൽ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നുപോയവരാണ്. അർഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ,
പ്രായോചിതമായ ഗൈഡൻസ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്.

അഗ്രസ്സീവായി പെരുമാറുന്ന കുട്ടികളെ നോക്കിയാൽ മിക്കവാറും അതിലേറെ അഗ്രസ്സീവായ പേരെന്റ് ഉണ്ടാവും അവർക്ക്. അല്ലെങ്കിൽ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് കൊടുക്കാൻ കഴിയാത്ത പേരെന്റ്സ്. അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്ന് കൊടുക്കും പോലെയാണ്. എല്ലാ ക്ലാസിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓർമ്മയിൽ. പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലുമാണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാൻ ശ്രമിച്ച അധ്യാപകരൊക്കെ വളരെ ചുരുക്കമാണ്.
കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി. അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവിതം എത്രയോ മാറിയേനെയെന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്. മാറ്റങ്ങൾ വീട്ടിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്.
ഉള്ളത് പറഞ്ഞാൽ കുഞ്ഞുങ്ങൾക്ക് അവർ ഡിസേർവ് ചെയ്യുന്ന സമയം കൊടുക്കാൻ മിക്കപ്പോഴും നമുക്ക് പറ്റാറില്ല. എല്ലാ തിരക്കും കഴിഞ്ഞ് മിച്ചമുള്ള സമയത്ത് ചെയ്യുന്ന പ്രോസസാണ് പലർക്കും പേരന്റിങ്. പേരെന്റ്റിങ് ഭാരിച്ച ഉത്തരവാദിത്തം ഉള്ള ജോലിയാണ്. അത് അടിച്ചൊതുക്കി നിയന്ത്രിക്കൽ അല്ല. പോയ വഴി തെളിക്കലുമല്ല. ഒരു എളുപ്പപ്പണിയും അതിൽ വർക്ക് ആവില്ല. ഭക്ഷണവും വസ്ത്രവും വിദ്യാഭാസവും കൊടുക്കുന്നതിലും അത് തീരുന്നില്ല.
ആദ്യം പറഞ്ഞത് പോലെ അർഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള, സന്തോഷമുള്ള ചുറ്റുപാടുകൾ, സമയോചിതമായ ചില തിരുത്തലുകൾ, പ്രായോചിതമായ ഗൈഡൻസ്, കൃത്യമായ ബൗണ്ടറികൾ ഒക്കെയും ഉറപ്പു വരുത്തൽ കൂടിയാണ് പേരെന്റിങ്.
തെറ്റുകൾക്ക് നാച്ചുറലായതും ലോജിക്കലായതുമായ ചില പരിണിത ഫലങ്ങൾ അനുഭവിച്ച് തന്നെ അവർ വളരട്ടെ. അതിൽ അധ്യാപകരുടെയും പേരെന്റ്സിന്റെയും ചേർന്നുള്ള എഫേർട്ട് ആവശ്യമാണ് എന്നിങ്ങനെ നീളുന്നു കുറിപ്പ്. പാരന്റിങ് അടക്കമുള്ള വിഷയങ്ങളിൽ മുമ്പും കുറിപ്പുകളും വീഡിയോകളും പങ്കുവെച്ചിട്ടുള്ളയാളാണ് അശ്വതി ശ്രീകാന്ത്.


Click it and Unblock the Notifications