അതിജീവിതയുടെ കൂടെയാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ, ദിലീപിന് വേണ്ടി ഞാൻ വഴിപാടുകൾ നേർന്നു; ദേവൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വിധി വരണമെന്ന് താൻ പ്രാർത്ഥിച്ചിരുന്നുവെന്ന് നടൻ ദേവൻ. എംപയർ ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. അമ്മയിലേക്ക് ദിലീപ് ഇനി തിരിച്ച് വരില്ലെന്നും ദേവൻ പറഞ്ഞു. സത്യം ജയിച്ചു... നീതി ജയിച്ചു... ന്യായം ജയിച്ചു എന്നല്ലാതെ വേറെയൊന്നും ഇല്ല. കുറച്ച് താമസിച്ചാലും സത്യം ജയിക്കും എന്നതാണ് എന്റെ വിശ്വാസം. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം എന്റെ ഹൃദയം തുറന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിച്ചിരുന്നു.
ദിലീപിന് അനുകൂലമായ വിധി വരണമെ ദൈവമേയെന്ന്. പല ക്ഷേത്രങ്ങളിലും ഞാൻ വഴിപാടുകൾ നേർന്നിട്ടുണ്ട്. അത് എന്റെ പൂർണ്ണമായ വിശ്വാസമാണ്. കാരണം ദിലീപ് എന്ന വ്യക്തിയുടെ നന്മകൾ നമ്മൾ മറക്കാൻ പാടില്ല. അയാൾ ഇങ്ങനൊക്കെ ചെയ്തുവെന്ന് തൊണ്ണൂറ് ശതമാനം ആളുകൾക്കും വിശ്വാസമില്ല.

ഞാൻ ഏത് ഫാമിലിയുടെ അടുത്ത് പോയാലും ഏത് സ്ത്രീകളുടെ അടുത്ത് പോയി സംസാരിച്ചാലും അവർ പറയുന്നത് ദിലീപ് അത് ചെയ്തിട്ടുണ്ടാവില്ലല്ലോ എന്നാണ്. പക്ഷെ മൈനോറിറ്റിയാട്ടുള്ള ചില ഫോഴ്സും തൊണ്ണൂറ്റിയഞ്ച് ശതമാനം മീഡിയയും ദിലീപിന് എതിരാണ്. വിശ്വാസമില്ലെങ്കിലും അവർ പ്രൊജക്ട് ചെയ്യുന്നത് ദിലീപ് കുറ്റക്കാരനാണ് എന്നാണ്. കഴിഞ്ഞ ദിവസം വരെ അതാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ദിലീപ് ഒന്നര കോടി രൂപ പൾസർ സുനിക്ക് കൊടുത്തതായിട്ടുള്ള കാര്യങ്ങൾ പോലീസ് കണ്ടെത്തിയെന്ന് വരെ കഴിഞ്ഞ ദിവസം മീഡിയ പറയുന്നത് കേട്ടു. അതിജീവിതയുടെ കൂടെ നിൽക്കണമെന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനാണ്. ആരാണ് അതിജീവിത എന്ന് പറഞ്ഞയാൾ?. അതിജീവിത എന്ന ആൾക്ക് എന്താണ് ഡെഫനിഷൻ.
ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഭയപ്പെടേണ്ട കാലഘട്ടമാണിപ്പോൾ. ഒരു പെണ്ണ് ഒരു കേസ് കൊടുത്താൽ മതി. കഴിഞ്ഞില്ലേ പണി. അതോടെ മീഡിയ മുഴുവൻ നിങ്ങൾക്ക് എതിരാകും. അവർ അതിജീവിതയും ഇരയുമാകും. പുരുഷൻ എന്നയാൾ ഇരയല്ലേ. ടിവിയിൽ ഓരോരുത്തർ വന്ന് കാച്ചുന്ന കാച്ചലുകൾ നമ്മൾ കേൾക്കാറുണ്ട്. പക്ഷെ അതൊന്നും മനസുകൊണ്ട് പറയുന്നതല്ല. വെറുതെ ഒരു വാദത്തിന് വേണ്ടി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
നീതി കിട്ടിയില്ലല്ലോയെന്ന് പറയുന്നവരോട്.... ഇവിടെ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിയുണ്ട്. ഈ കേസ് ഇത്രയും നീണ്ടുപോകാൻ കാരണമെന്താണ്... ഒമ്പത് വർഷത്തോളമായില്ലേ?. കാരണം കോടതി വളരെ ശ്രദ്ധാപൂർവം എന്തെങ്കിലും ഒരു തെളിവുണ്ടോയെന്ന് കണ്ടെത്താൻ കോടതി കാത്തിരുന്നു. പ്രോസിക്യൂഷൻ ചോദിച്ച കാര്യങ്ങൾക്കൊക്കെ വെയിറ്റ് ചെയ്തിരുന്നു.

പ്രോസിക്യൂഷൻ അവസാനം പറഞ്ഞു ഈ കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്ന്. അതൊരു വിഡ്ഢിത്തരമല്ലേ. വാദിക്കും പ്രതിക്കും ആവശ്യമുള്ള രീതിയിൽ കോടതി മാറ്റാൻ പറ്റുമോ?. സുപ്രീം കോടതിയിൽ പോയപ്പോൾ മുഖത്ത് വലിച്ച് എറിഞ്ഞില്ലേ?. വാദിക്കോ പ്രതിക്കോ വേണ്ടി കോടതി മാറ്റാൻ പറ്റില്ല. എട്ട്, ഒമ്പത് വർഷം ഒരു ജഡ്ജ് ഇതിന് വേണ്ടി കാത്തിരുന്നില്ലേ?.
അതിന് അർത്ഥം പോലീസിനും പ്രോസിക്യൂഷനും മാക്സിമം സമയം കൊടുത്തുവെന്നാണ്. അവർ എല്ലാം നീട്ടികൊണ്ട് പോയി. എക്സ്ക്യൂസസ് പറഞ്ഞു. അവസാനം കോടതിക്ക് തോന്നി എവിഡൻസ് കൊണ്ടുവരാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന്. കാരണം തെളിവുകൾ ഇല്ല. അതുകൊണ്ടാണ് എട്ടാം തിയ്യതി വിധി പ്രസ്താവിച്ചത്. ദിലീപ് ഇനി ഒരിക്കലും അമ്മയിലേക്ക് തിരിച്ച് വരില്ല.
അമ്മ സംഘടന ദിലീപിനെ ഈ ആവശ്യം പറഞ്ഞ് സമീപിച്ചാലും ദിലീപ് സമ്മതിക്കില്ല. കാരണം അയാൾ ആത്മാഭിമാനമുള്ള വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മീഡിയയും പോലീസും എല്ലാം അയാളെയും കുടുംബത്തെയും ടോർച്ചർ ചെയ്തു. അദ്ദേഹത്തിന്റെ അമ്മ ഇന്നും എഴുന്നേൽക്കാൻ കഴിയാതെ ബെഡ്ഡിൽ കിടപ്പാണ്. ഇതൊന്നും ആരും കാണുന്നില്ലെന്നും ദേവൻ പറയുന്നു.


Click it and Unblock the Notifications











