'ദിലീപിന്റെ സ്വഭാവത്തിൽ പണ്ടേ അതുണ്ട്, പുള്ളിയാണെന്ന് അന്നേ ഊഹിച്ചു, പരമ പരിശുദ്ധനെന്ന് സ്ഥാപിക്കാൻ ശ്രമം'
നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയടക്കമുള്ള ആറ് പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത് ഇന്നാണ്. 20 വര്‍ഷം കഠിന തടവാണ് ജഡ്‌ജി ഹണി എം വർഗീസ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് കേസിൽ നിന്നും എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായത്. പി ടി തോമസ് സംഭവം നടന്ന അന്ന് ലാലിന്റെ വീട്ടിൽ ചെന്നില്ലായിരുന്നുവെങ്കിൽ സിനിമാ രംഗത്തുള്ള മാഫിയ ഒരു പരാതി പോലും ഇല്ലാതെ നടിയെ ആക്രമിച്ച കേസ് ഒത്തുതീർപ്പാക്കിയേനെയെന്ന് പറയുകയാണ് ഇപ്പോൾ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അഡ്വ. ജയശങ്കർ.
പരമ പരിശുദ്ധനെന്ന് സ്ഥാപിക്കാൻ ദിലീപ് ശ്രമിക്കുന്നതായും ജയശങ്കർ പറഞ്ഞു. പി ടി തോമസ് അന്ന് ലാലിന്റെ വീട്ടിൽ ചെന്നില്ലായിരുന്നുവെങ്കിൽ സിനിമാ രംഗത്തുള്ള മാഫിയ ഒരു പരാതി പോലും ഇല്ലാതെ ഈ കേസ് ഒത്തുതീർപ്പാക്കിയേനെ. അതൊക്കെ ചെയ്യാൻ പറ്റിയ കാലന്മാരാണ് ഇതിന് പിന്നിലുള്ളത്. സിനിമ രംഗത്ത് വലിയൊരു മാഫിയ പ്രവർത്തിക്കുന്നുണ്ട്.

അതിന്റെ കാണപ്പെട്ട ഒരു അറ്റമാണ് പൾസർ സുനി. നിശ്ചയമായും കേസിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പിടി തോമസ് അന്ന് ലാലിന്റെ വീട്ടിൽ നിന്നും പോയത്. കേസിന്റെ ന്യായാധിപകയ്ക്ക് പക്ഷപാതമുണ്ടെന്നും കേസ് ശരിയായ രീതിയിലല്ല പോകുന്നതെന്നും പി ടി തോമസ് പറഞ്ഞിരുന്നു. പ്രോസിക്യൂട്ടർ അന്ന് രാജിയുടെ വക്കിലായിരുന്നു.
പ്രോസിക്യൂട്ടർ അയാളുടെ ദുരനുഭവവും പങ്കുവെച്ചു. കോടതി മാറ്റാൻ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. അവസാനം ആ പ്രോസിക്യൂട്ടർ രാജിവെച്ചു. രണ്ടാമത് വന്ന പ്രോസിക്യൂട്ടറും രാജിവെച്ചു. ഈ കേസിൽ പലവിധ കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്. വിധി വരും മുമ്പ് തന്നെ ഉറപ്പായിരുന്നു കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾക്ക് ശിക്ഷ കിട്ടുമെന്നത്. ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് പറയുന്ന ദിലീപ് അടക്കമുള്ള പ്രതികളെന്ന് ആരോപിക്കുന്നവർക്ക് എതിരെ തെളിവുകൾ ശക്തമല്ല.
പല സാക്ഷികളും കൂറുമാറുകയും ചെയ്തു. അതുകൊണ്ടാണ് ദിലീപ് അടക്കമുള്ളവർ രക്ഷപ്പെട്ടത്. ഈ കേസിൽ ദിലീപിനുള്ള പങ്കാളിത്തത്തെ കുറിച്ച് എനിക്ക് ഒരു സംശയവുമില്ല. പക്ഷെ കോടതിക്ക് തെളിവാണല്ലോ മുഖ്യം. വിധിയെ സംബന്ധിച്ച് പലർക്കും എതിർ അഭിപ്രായമുണ്ട്. അതിനുള്ള പരിഹാരമാർഗം ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുക എന്നതാണ്. ഹൈക്കോടതിയിൽ പുതിയ തെളിവുകൾ അനുവദനീയമല്ല. തെളിവുകൾ പുനപരിശോധിക്കും, വിശദമായി വാദം കേൾക്കും.
പ്രഗത്ഭരായ പ്രോസിക്യൂട്ടർമാരും വിദഗ്ദരായ സാക്ഷികളും ഏത് കേസിനായാലും വേണം. എന്നാലെ കുറ്റം തെളിയിക്കാൻ കഴിയൂ. മറുഭാഗത്തിന്റെ വാദം ശരിയായില്ലെന്ന് പറയാൻ പറ്റില്ല. കാരണം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ ശിക്ഷിച്ചുവല്ലോ. പക്ഷെ ദിലീപുമായി കോർത്തിണക്കുന്ന പ്രോസിക്യൂഷന്റെ വാദം അത്ര ബലവത്തായിരുന്നില്ലെന്ന് മനസിലാക്കാം ഇപ്പോൾ. സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തു.

ഒരു പ്രതിയെ ശിക്ഷിക്കുക എന്നത് നമ്മുടെ രാജ്യത്ത് എളുപ്പമല്ല. കാരണം നമ്മുടെ രാജ്യത്തെ നിയമ സംവിധാനം പ്രതിയുടെ ഭാഗത്താണ് നിൽക്കുന്നത് പ്രോസിക്യൂഷന്റെ ഭാഗത്തല്ല. മോശക്കാരനായ വക്കീലൊന്നുമല്ല ആദ്യം പ്രോസിക്യൂട്ടറായിരുന്നത്. അദ്ദേഹമാണ് സൗമ്യ കേസ് വാദിച്ച് ഗോവിന്ദ ചാമിക്ക് വധശിക്ഷ വാങ്ങി കൊടുത്തത്. ദിലീപ് അല്ലെങ്കിൽ മറ്റാരെങ്കിലുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കോടതിക്ക് അന്വേഷിക്കേണ്ട കാര്യമില്ല.
കൂട്ടിൽ നിൽക്കുന്ന പ്രതികളുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ നടിയെ ആക്രമിച്ചു. പക്ഷെ അത് ആരുടെ പ്രേരണ പ്രകാരണമാണെന്നത് വ്യക്തമല്ല. ഒന്നുകിൽ ദിലീപായിരിക്കാം. അല്ലെങ്കിൽ മറ്റാരെങ്കിലും ആയിരിക്കാം. നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നത് ദിലീപിന്റെ ഉണ്ടയില്ലാ വെടികൾ. പരമ പരിശുദ്ധ പുണ്യാളനാണ് താനെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് പുള്ളിയും ഒപ്പം ചില സൈബർ ഗുണ്ടകളും ചേർന്ന് നടത്തുന്നത്.
ഒരുപാട് കാലമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന പ്രതികരണങ്ങൾ നോക്കിയാൽ മനസിലാകും ദിലീപ് പുണ്യവാളനാണെന്ന് പറയുന്നത് നമ്മുടെ നാട്ടിലെ ഹിന്ദുത്വ സൈബർ തീവ്രവാദികളാണ്. ഞാനും ദിലീപും അയൽവാസികളും ബന്ധുക്കളുമാണ്. അതുകൊണ്ട് സംഭവം അറിഞ്ഞപ്പോൾ തന്നെ പിന്നിൽ പുള്ളിയാകുമെന്ന് ഊഹിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഇങ്ങനൊരു എലമെന്റുണ്ട്. പിന്നെ പിന്നെ കൂടുതൽ പ്രകടമായി എന്നും ജയശങ്കർ പറഞ്ഞു.


Click it and Unblock the Notifications











