ദിലീപിന് വേണ്ടി നിരന്തരം സംസാരിച്ച അനുശ്രീ; അതിജീവിതയ്ക്കൊപ്പം, എന്നാൽ ദിലീപിനുമൊപ്പം എന്ന് പറഞ്ഞവർ
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടര വർഷത്തിന് ശേഷം വിധി വരുമ്പോൾ കേരളം ഓർക്കുന്നത് കേസിലെ കഴിഞ്ഞ് പോയ സംഭവങ്ങളാണ്. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളെടുക്കാൻ ക്വട്ടേഷൻ കൊടുത്ത കേസാണിത്. ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവമായ കേസ്. പക്ഷെ സിനിമാ ലോകത്തിന് ഞെട്ടലേ ഉണ്ടായില്ല. കേസ് ദിലീപിലേക്ക് വരുന്നത് കണ്ടതോടെ പല പ്രമുഖരും ദിലീപിനൊപ്പം നിന്നു. താരസംഘടനയായ അമ്മ ദിലീപിന് വേണ്ടി വാദിച്ചു. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും തുടക്കത്തിൽ മടിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ മൗനം ആരാധകരെ പോലും ചൊടിപ്പിച്ചു.
സിദ്ദിഖ്, മുകേഷ്, ഗണേശ് കുമാർ തുടങ്ങിയവർ ദിലീപിന് വേണ്ടി ശക്തമായി വാദിച്ചു. എന്നാൽ ഇവർക്കാർക്കും ദിലീപിനെ സംരക്ഷിച്ച് നിർത്താൻ പറ്റിയില്ല. അമ്മയിൽ നിന്ന് ദിലീപ് പുറത്തായി. കരിയറിൽ തകർന്നടിഞ്ഞു. താരപദവി നഷ്ടപ്പെട്ടു. പ്രതിച്ഛായ പോയി. ദിലീപ് കുറ്റവിമുക്തനായാൽ ഇവരെല്ലാം വീണ്ടും ദിലീപ് അനുകൂല നിലപാടുമായി രംഗത്ത് വരാനിടയുണ്ട്. നടിമാരിൽ ചിലർ പോലും ദിലീപിന് വേണ്ടി ശക്തമായി വാദിച്ചു എന്ന താണ് യാഥാർത്ഥ്യം.

ഇതിൽ പ്രധാനിയായിരുന്നു നടി അനുശ്രീ. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിൽ ദിലീപിനും അനുശ്രീയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപ് തന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും ദിലീപ് ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും അനുശ്രീ പറഞ്ഞു. പിന്നീട് പല ചാനൽ ഷോകളിലും അഭിമുഖങ്ങളിലും അനുശ്രീ ദിലീപിനെ വാഴ്ത്തി.
ദിലീപിന് വേണ്ടി ശക്തമായി സംസാരിച്ച സിദ്ദിഖ്, മുകേഷ് എന്നിവരെല്ലാം പിന്നീട് ലെെംഗിക പീഡനകേസുകളിൽ അകപ്പെട്ടെന്നും കാലത്തിന്റെ നീതിയാണിതെന്നും ബെെജു കൊട്ടാരക്കര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദിലീപിനെ അനുകൂലിച്ച പലർക്കും പ്രകൃതി ശിക്ഷ നൽകിയെന്നും രാഹുൽ ഈശ്വർ അതിന്റെ ഒടുവിലത്തെ ഉദാഹരണമാമെന്നും അതിജീവിതയ്ക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷക ടിബി മിനി പറഞ്ഞിരുന്നു.


Click it and Unblock the Notifications











