രണ്ടാമത്തെ ജഡ്ജിയും പിന്മാറിയതിന് കാരണമിത്? എന്തോ തകരാറു പോലെ തോന്നുന്നില്ലേയെന്ന് ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസിൽ വീണ്ടും ജഡ്ജിയുടെ പിന്മാറ്റം. മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി. കഴിഞ്ഞ ദിവസം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറിയത്. ഹെെക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി ആയിരുന്നു കൗസർ എടപ്പകത്ത്.
ആ പദവിയിലിരിക്കെയാണ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ഒരു തവണ മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതെന്ന സൂചനയുണ്ട്. ഇതോടൊപ്പം തന്നെ മെമ്മറി കാർഡ് വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് പറഞ്ഞ് ഹെെക്കോടതി രജിസ്ട്രിക്ക് അതിജീവിത നേരത്തെ പരാതി നൽകിയിരുന്നു. അന്ന് ജുഡീഷ്യൽ രജിസ്ട്രിയുടെ ചുമതലയിലുണ്ടായിരുന്ന ആളാണ് ജസ്റ്റിസ് ജോബി സെബാസ്റ്റിൻ. അതുകൊണ്ടാണ് അദ്ദേഹവും പിന്മാറിയത്. മറ്റൊരു ബെഞ്ച് ഹർജി പരിഗണിക്കും.

അതിജീവിതയ്ക്ക് നീതി നിഷേധം എന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരിച്ചു. ആരെയാണ് കോടതി ഭയക്കുന്നത്? എവിടെയോ എന്തോ തകരാറു പോലെ തോന്നുന്നില്ലേ? അവൾക്ക് വേണ്ടി സംസാരിക്കുന്നവരെ തെറി വിളിക്കുന്നവർ ആലോചിക്കൂ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അതേസമയം നേരത്തെ ഒന്നിലേറെ തവണ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്. നേരത്തെ ഈ ഹർജിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ ഹർജി പരിഗണിച്ചവരോ ആണെങ്കിൽ അവർ പൊതുവെ പിന്മാറുകയാണ് പതിവ്.
താൻ ആക്രമിക്കപ്പെട്ട കേസിൽ നീതി ലഭിച്ചില്ലെന്ന് കീഴ്ക്കോടതിയുടെ വിധിക്ക് ശേഷം അതിജീവിത പ്രതികരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് കൊണ്ട് ഞാൻ ബഹുമാനപ്പെട്ട ഹെെക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിൽ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും നിഷേധിക്കുകയായിരുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു.
നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല.
തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിതയുടെ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക ഞാൻ കാണുന്നു. പ്രതികളിൽ ആറ് പേർശിക്ഷിക്കപ്പെട്ടിരിക്കുന്നു!!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അൽപ്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഈ വിധി പലരെയും ഒരുപക്ഷെ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു.
കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ കേസ് അതുവരെ കെെകാര്യം ചെയ്ത് വന്ന രീതിയിൽ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പ്രോസിക്യൂഷനും മനസിലായിരുന്നു എന്നും അതിജീവിത അന്ന് തുറന്നടിച്ചു.


Click it and Unblock the Notifications
