'ഒരിക്കൽ പ്രണയിച്ചയാളാണ്..., മഞ്ജുവിന് കാര്യം മനസിലായി; ഒരു കുടുംബബന്ധവും നോക്കാതെ അവർ മൊഴി നൽകി'
നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പമാണ് നടി മഞ്ജു വാര്യർ. കേസിൽ എട്ടാം പ്രതിയായിരുന്ന മുൻഭർത്താവ് ദിലീപിനെതിരെ മാെഴി നൽകാനും മഞ്ജു വാര്യർ തയ്യാറായി. മഞ്ജു വാര്യരെക്കുറിച്ച് സംസാരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി. മഞ്ജു ശക്തമായി അതിജീവിതയ്ക്കൊപ്പം നിന്നെന്ന് ടിബി മിനി പറയുന്നു. സമയം മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.
ആദ്യം തന്നെ മഞ്ജു വാര്യർ ഇക്കാര്യം പറയുന്നുണ്ട്. കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ എന്ന് പറഞ്ഞത് പോലെ അവർക്ക് അറിയാമായിരുന്നിരിക്കും. കഴിഞ്ഞ ദിവസം ആ പ്രസ്താവന അവർ ആവർത്തിച്ചു. അതിന്റെ പ്രത്യാഘാതങ്ങൾ നന്നായി അറിഞ്ഞിട്ടാണ് അവർ പറഞ്ഞത്. മഞ്ജു വാര്യർ ഡിവോഴ്സ് കഴിഞ്ഞ് കോടതിയിൽ നിന്ന് കണ്ണീരോടെ ഇറങ്ങി പോകുന്നത് നമ്മൾ കണ്ടതാണ്. അന്ന് മുതൽ ഇന്ന് വരെയും അയാളുമായുള്ള ഒരു പ്രശ്നത്തെക്കുറിച്ചും അവർ ലോകത്തോട് പറഞ്ഞിട്ടില്ല.

ഒരിക്കൽ ഞാൻ പ്രണയിച്ചയാളാണ്. അയാളുടെ ഒരു കുറവും ഞാൻ ലോകത്തോട് പറയില്ല എന്നായിരുന്നു തീരുമാനം. എന്തൊരു മനോഹരമാണത്. സാധാരണ ഭാര്യയും ഭർത്താവും പിരിഞ്ഞാൽ വലിയ ശത്രുക്കളാകും. എന്നാൽ മഞ്ജു അതിൽ കാണുന്ന പേഴ്സണാലിറ്റിയെന്നത് ലോകത്തിലെ മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. സിവിലെെസ്ഡ‍് സമൂഹത്തിന്റെ ഏറ്റവും ഉയർന്ന ബോധമാണ്. അങ്ങനെയൊരാൾ 19ാം തിയതി ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് പറയുന്നു. മഞ്ജുവിന് കാര്യം മനസിലായി. ദിലീപിനെ അറസ്റ്റ് ചെയ്തു. എല്ലാ ഫാമിലി ബന്ധങ്ങളുണ്ടായാലും എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടായാലും ആ പെൺകുട്ടിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു.
അതിജീവിതയെ അവർ കെെ വിട്ടില്ലെന്നും ടിബി മിനി പറയുന്നു.കോടതി കുറ്റവിമുക്തനാക്കിയ ശേഷം ദിലീപ് പ്രതികരിച്ചപ്പോൾ എടുത്ത് പറഞ്ഞ പേര് മഞ്ജു വാര്യരുടേതാണ്. മഞ്ജുവിന്റെ വാക്കുകളാണ് തന്റെ നേരെ അന്വേഷണം നീങ്ങാൻ കാരണമായതെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ മഞ്ജു പ്രതികരിച്ചില്ല. അതേസമയം കോടതി വിധിയിലെ അതൃപ്തി മഞ്ജു പ്രകടിപ്പിച്ചു. ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പാക്കി എന്ന് പറയാനാകില്ല.
കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും പുറത്ത് പകൽവെളിച്ചത്തിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഡമാകാൻ അത് കൂടി കണ്ടെത്തിയേ തീരൂ.
ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും സധെെര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രസ്താവന. കേസിൽ അന്വേഷണം ദിലീപിലേക്ക് ആദ്യം വരുന്നത് മഞ്ജു വാര്യരുടെ പ്രസ്താവനയ്ക്ക് ശേഷമാണ്. ഈ കുറ്റകൃത്യത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ തുറന്നടിച്ചു. വെെകാതെ ദിലീപിലേക്ക് അന്വേഷണം വരുന്ന സാഹചര്യമുണ്ടായി.


Click it and Unblock the Notifications











