'അടുത്ത സുഹൃത്തുക്കളായിരുന്നു, നിറം സിനിമയിലെ കുഞ്ചാക്കോ ബോബനേയും ശാലിനിയേയും പോലെ'; ബീന ആന്റണി
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. സിനിമകളിൽ നിന്നും സീരിയലിൽ വേരുറപ്പിച്ച നടിയാണ് ബീന ആന്റണി.
പത്തൊമ്പത് വർഷമായി മുറിയാതെ കുറയാതെ മുന്നോട്ട് പോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബീനയും മനോജും സീരിയൽ ടുഡെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.

'ഞങ്ങൾ തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രണയമെന്നൊരു സംഭവം അന്നുണ്ടായിരുന്നില്ല. പഴയ പൊട്ടിയ പ്രണയങ്ങളെ കുറിച്ച് അടക്കം ഞങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിരുന്നു.'
'നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നുവെന്നും പറയാം. നാളുകളോളം നിർത്താതെ ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു ദിവസം ഞങ്ങൾ തീരുമാനമെടുത്തു.'
'ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിയുമായിരുന്നില്ല.'
'അത്തരം ഒരു അവസ്ഥ വന്നപ്പോഴാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. രണ്ടുപേർക്കും ഉള്ളിന്റെയുള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല' ബീന ആന്റണിയും മനോജ് നായരും പറഞ്ഞു. വിവാഹശേഷം പല തവണ തങ്ങളുടെ ഡിവോഴ്സ് വാർത്തകൾ പ്രചരിച്ചിരുന്നുവെന്ന് മനോജും ബീന ആന്റണിയും മുമ്പ് പറഞ്ഞിട്ടുണ്ട്.
വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും താരദമ്പതികൾ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അന്ന് ഇരുവരും പറഞ്ഞത് ഇങ്ങനെയായിരുന്നു. 'വിവാഹശേഷം പല തവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു.'

'വളരെ വേഗത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ വിളിക്കുന്നവരും നിരവധിയായിരുന്നു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി. എന്നാൽ വിവാഹത്തിന് മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവൾ ഒരുപാട് സഹിച്ചിട്ടുണ്ട്.'
'തിളങ്ങി നിൽക്കുന്ന സമയത്ത് എന്തെല്ലാം കഥകളാണ് പ്രചരിച്ചത്. ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെ ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇത്തരം കഥകൾ.'
'മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വദിക്കുന്ന ചില മനുഷ്യരുണ്ട്. അവർ എന്തും പറയും. അത് ശ്രദ്ധിക്കാതിരുന്നാൽ മതി' എന്നായിരുന്നു ഇരുവരും മുമ്പ് വിവാഹ ജീവിതത്തെ കുറിച്ചും പ്രചരിച്ചിരുന്ന വ്യാജ വാർത്തകളെ കുറിച്ചും പറഞ്ഞത്.


Click it and Unblock the Notifications