നായികയാകാൻ ആറ് ഇഞ്ചക്ഷൻ എടുത്തു; പിന്നീടുണ്ടായ ബുദ്ധിമുട്ട്; ഡോക്ടർ പറഞ്ഞതാണ്; ഭാഗ്യ ലക്ഷ്മി
ഒരു കാലത്ത് മലയാള സിനിമാ രംഗത്ത് സജീവമായിരുന്നു നടി ഭാഗ്യ ലക്ഷ്മി. ഭാഗ്യശ്രീ,ഭ ഭാഗ്യ ലക്ഷ്മി എന്നീ രണ്ട് പേരുകളിലാണ് ഇവർ തെന്നിന്ത്യൻ ഭാഷകളിൽ അറിയപ്പെട്ടത്.പത്മരാജന്റെയും ഭരതന്റെയും സിനിമകളിൽ മിതച്ച വേഷങ്ങൾ ഭാഗ്യ ലക്ഷ്മിക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലുമാണ് നിരവധി സിനിമകൾ ഭാഗ്യ ലക്ഷ്മി ചെയ്തത്. മോഹൻലാൽ, മമ്മൂട്ടി, റഹ്മാൻ, രജിനികാന്ത്, രതീഷ് തുടങ്ങിയവർക്കൊപ്പമെല്ലാം ഭാഗ്യ ലക്ഷ്മി അഭിനയിച്ചു. 1990 ൽ വിവാഹം ചെയ്തതോടെയാണ് നടി സിനിമാ രംഗം വിട്ടത്.
ഇപ്പോഴിതാ കരിയറിലെ ഓർമകൾ പങ്കുവെക്കുകയാണ് ഭാഗ്യ ലക്ഷ്മി. വണ്ണം വെക്കാൻ വേണ്ടി അക്കാലത്ത് താൻ കുത്തിവെപ്പ് എടുത്തിരുന്നെന്ന് ഭാഗ്യ ലക്ഷ്മി തുറന്ന് പറഞ്ഞു. അതേസമയം ഇത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അന്ന് ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. മലയാളത്തിൽ നിന്നും കുറച്ച് കൂടെ വണ്ണം വേണമെന്ന് പറഞ്ഞു.

ലാലേട്ടനോടൊപ്പമെല്ലാം നായികയായി അഭിനയിക്കാമല്ലോ എന്ന് കരുതി ആറ് ഇഞ്ചക്ഷൻ എടുത്തു. അമ്മയ്ക്ക് അറിയാമായിരുന്നു. അച്ഛൻ അറിഞ്ഞില്ല. ഇങ്ങനെ ചെയ്യരുത്, കുറച്ച് കഴിഞ്ഞാൽ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർ പറഞ്ഞതാണ്. പക്ഷെ നായികയായി അഭിനയിക്കാനുള്ള മോഹം കൊണ്ട് ഇഞ്ചക്ഷൻ ചെയ്തു. പിന്നീട് ഗർഭിണിയായ സമയത്ത് ബുദ്ധിമുട്ടായി. പെട്ടെന്ന് വണ്ണം വെച്ചു. ക്ഷീണം തോന്നി. ഇഞ്ചക്ഷൻ എടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.
പക്ഷെ അത് കൊണ്ട് ഗുണവും ഉണ്ടായി. ഉടനെ നായികയായി അഭിനയിക്കാൻ സാധിച്ചെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കി. വിവാഹ ശേഷം കരിയറിൽ വന്ന ഇടവേളയെക്കുറിച്ചും ഭാഗ്യ ലക്ഷ്മി സംസാരിച്ചു. വിവാഹം കഴിഞ്ഞ് ഗുജറാത്തിലേക്ക് പോയി. എന്നെ എല്ലാവരും മറന്ന് കാണുമെന്ന് കരുതി. പക്ഷെ മുഖം നോക്കി ആരാധകർ കണ്ടുപിടിക്കുമായിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

തന്റെ വിവാഹത്തെക്കുറിച്ചും ഭാഗ്യ ലക്ഷ്മി സംസാരിച്ചു. പ്രണയ വിവാഹമായിരുന്നു. അദ്ദേഹമാണ് ആദ്യം പ്രണയം പറയുന്നത്. സ്റ്റാർ നൈറ്റ് പ്രോഗ്രാമുകൾ അദ്ദേഹം ചെയ്യാറുണ്ടായിരുന്നു. ഗുജറാത്തിൽ നടന്ന മലയാളി സ്റ്റാർ നൈറ്റിൽ ഞാനും പോയി. എന്നെ കണ്ട് അദ്ദേഹം അമ്മയോട് ചോദിച്ചു.
ഇപ്പോൾ പറ്റില്ലെന്ന് അമ്മ പറഞ്ഞു. പിന്നീട് വിവാഹം ചെയ്തു. വിവാഹം കുറച്ച് നേരത്തെയാണ് ഞാൻ ചെയ്തത്. കരിയറിൽ തിരക്കേറിയ സമയത്ത് വിവാഹം ചെയ്തത് തെറ്റായിപ്പോയി. 21 വയസിലാണ് വിവാഹം ചെയ്തത്. ഇങ്ങനെയൊരു സന്ദർഭം വരുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അമ്മ പറഞ്ഞു.
അവസാനമായി ചെയ്തത് മലയാളം സിനിമയാണെന്നും ഭാഗ്യ ലക്ഷ്മി വ്യക്തമാക്കി. 25 ഓളം മലയാള സിനിമകൾ ഭാഗ്യ ലക്ഷ്മി ചെയ്തിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നും മാറിയ ശേഷം സീരിയലുകളിലും ഭാഗ്യ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. വിശ്വജിത്ത് എന്നാണ് നടിയുടെ മകന്റെ പേര്.


Click it and Unblock the Notifications