'പിറന്നാൾ ആഘോഷിക്കാൻ ഭർത്താവും മകളും വന്നില്ലേ?'; ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി നടി ഭാമ!
സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ പ്രേക്ഷകർക്ക് അറിയാൻ താൽപര്യം അവരുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളാണ്. അതുകൊണ്ട് തന്നെയാണ് താരങ്ങളുടെ വിവാഹം, പ്രണയം, പ്രസവം, കുടുംബം, വിവാഹമോചനം എന്നിവയെല്ലാം വളരെ അധികം ചർച്ച ചെയ്യപ്പെടുന്നതും. അതുപോലെ തന്നെ സെലിബ്രിറ്റികളും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആദ്യം സോഷ്യൽമീഡിയയിലാണ് അറിയിക്കുന്നത്.
നടൻ ധനുഷ്, സാമന്ത തുടങ്ങിയവരെല്ലാം വിവാഹ ബന്ധം വേർപ്പെടുത്താൻ പോകുന്നുവെന്ന വിവരം പോലും ഓഫീഷ്യലായി ആദ്യം അറിയിച്ചത് സോഷ്യൽമീഡിയ വഴിയാണ്. നയൻതാരയുടെ താരനിബിഢമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ വിഘ്നേഷ് ശിവന്റെ സോഷ്യൽമീഡിയ പേജ് വഴിയാണ് പുറത്ത് വന്നത്.
സോഷ്യൽമീഡിയ വഴി താരങ്ങൾ എന്തെങ്കിലും ഔദ്യോഗികമായി പറഞ്ഞാൽ മാത്രമെ ആരാധകർ അത് വിശ്വസിക്കൂവെന്ന സ്ഥിതിയാണ് ഇപ്പോൾ. അടുത്തിടെ പ്രിയങ്ക ചോപ്ര സോഷ്യൽമീഡിയ പേജുകളിലെ തന്റെ പേരിൽ നിന്നും ഭർത്താവ് നിക്കിന്റെ പേര് നീക്കം ചെയ്തപ്പോൾ ഉടൻ വന്ന വാർത്ത ഇരുവരും വേർപിരിയുന്നുവെന്നാണ്.

കാരണം ജീവിതത്തിൽ നിന്നും നീക്കം ചെയ്യുന്നതിന്റെ മുന്നോടിയാണ് സോഷ്യൽമീഡിയയിൽ വരുത്തുന്ന മാറ്റങ്ങൾ എന്ന കാഴ്ചപ്പാട് സമൂഹത്തിന് വന്ന് കഴിഞ്ഞുവെന്നതാണ്. സാമന്ത നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ പോകുന്നുവെന്നത് പ്രഖ്യാപിക്കും മുമ്പ് ആദ്യം നാഗചൈതന്യയുടെ കുടുംബപേര് സ്വന്തം പേരിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു.
അപ്പോൾ തന്നെ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന് ആരാധകരും ഉറപ്പിച്ചിരുന്നു. അത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി മലയാള നടി ഭാമയുടെ കുടുംബ ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. അതിന് കാരണം ഭാമയുടെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തുവെന്നതാണ്.

മാത്രമല്ല ഇപ്പോൾ താരം ഒറ്റയ്ക്കാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നത്. ഭർത്താവ് അരുൺ ഒപ്പമുണ്ടാകാറില്ല. ഭാമ-അരുൺ വിവാഹമോചനം വാർത്തകളിൽ നിറയുമ്പോൾ ഭാമ വീണ്ടും സോഷ്യൽമീഡിയയിൽ ഒരു കുടുംബ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരും കൺഫ്യൂഷനിലായി.
കഴിഞ്ഞ ദിവസമായിരുന്നു ഭാമയുടെ പിറന്നാൾ. ഗംഭീരമായാണ് താരം പിറന്നാൾ ആഘോഷിച്ചത്. സുഹൃത്തുക്കളാണ് ഭാമയ്ക്ക് വേണ്ടി ആഘോഷം സംഘടിപ്പിച്ചത്. ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ താരം പങ്കുവെക്കുകയും ചെയ്തിരുന്നു. പക്ഷെ ഒന്നിൽ പോലും ഭർത്താവിന്റേയോ മകളുടേയോ സാന്നിധ്യമുണ്ടായിരുന്നില്ല.
ഇതോടെ ഭർത്താവും മകളും വന്നില്ലേയെന്ന ചോദ്യങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്തവണ ഭാമ മറുപടി പറയാതെ ഒഴിഞ്ഞ് മാറിയില്ല. കൃത്യമായി മറുപടി കുറിച്ചു. താൻ ഒരു ഷൂട്ടിങ്ങിനായി പോയവേളയിലായിരുന്നു പിറന്നാൾ ആഘോഷമെന്നും അത് നടന്നത് കോഴിക്കോട് വെച്ചായിരുന്നുവെന്നും ഭർത്താവും മകളും കൊച്ചിയിലുണ്ടെന്നുമാണ് ഭാമ മറുപടിയായി എഴുതിയത്.
വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാമ. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിൽ താരം അതിഥിയായി വന്നിരുന്നു. മകൾ ഗൗരിയാണ് ഭാമയുടെ ലോകം. കുഞ്ഞിന് ഒരു വയസായപ്പോഴാണ് ആദ്യമായി മകളുടെ ചിത്രം ഭാമ പുറത്തുവിട്ടത്. വാസുകി ബൈ ഭാമ എന്ന സാരി ബ്രാൻഡും ഭാമ ആരംഭിച്ചിട്ടുണ്ട്. അതിന്റെ തിരക്കുകളും താരത്തിനുണ്ട്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് ഭാമ ചെയ്തിരിക്കുന്നത്. നടിയുടെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications