'നവീനാണ് മകൻ എന്നാണ് അമ്മ പറയാറ്, ഞാൻ മരുമകളും'; വിവാഹ ജീവിതത്തെക്കുറിച്ച് ഭാവന
മലയാള സിനിമയിലെ ജനപ്രിയ നായികയാണ് ഭാവന. അഞ്ച് വർഷം മലയാളത്തിൽ ഒരു സിനിമ പോലും ചെയ്യാതിരുന്നിട്ടും നടി മലയാളികളുടെ മനസ്സിലെ പ്രിയപ്പെട്ട താരമായി തുടർന്നു. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഭാവന മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ട്വന്റി ട്വന്റി, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിൽ ഭാവന മലയാളത്തിൽ അഭിനയിച്ചു. തൃശൂർ സ്വദേശിനിയായ ഭാവന മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും വരാനൊരുങ്ങുകയാണ് ഭാവന. ആദിൽ മൈമൂനാത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ന്റെക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്. ഷഫറുദീനാണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

2018 ജനുവരിയിലാണ് കന്നഡ സിനിമാ രംഗത്തെ നിർമാതാവായ നവീനുമായി ഭാവന വിവാഹിതയാവുന്നത്. അഞ്ച് വർഷത്തിലേറെ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം കന്നഡ സിനിമകളിലാണ് ഭാവന കൂടുതലും അഭിനയിച്ചത്. ചില ടെലിവിഷൻ പരിപാടികളിലും മറ്റും മാത്രമേ ഭാവനയെ മലയാളികൾക്ക് കാണാനായിരുന്നുള്ളൂ. ഇപ്പോൾ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭാവന.

ഭർത്താവ് കന്നഡ നിർമാതാവ് ആണെങ്കിലും വീട്ടുകാർ തെലുങ്ക് പശ്ചാത്തലമുള്ളവരാണ്. തെലുങ്ക് കുറച്ചു പ്രയാസപ്പെട്ടാണെങ്കിലും സംസാരിക്കുമെന്ന് ഭാവന പറയുന്നു. നവീന് മലയാളം ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്. തന്റെ അമ്മയും നവീനും തമ്മിലുള്ള സംസാരം രസകരമാണെന്നും ഭാവന പറയുന്നു. അമ്മയോട് തമിഴിലാണ് നവീൻ സംസാരിക്കുക. അമ്മ മലയാളത്തിലും. രണ്ട് പേർക്കും പറയുന്നത് മനസ്സിലാവുമെന്നും ഭാവന പറയുന്നു.
എന്റെ അമ്മയും നവീനും തമ്മിലുള്ള സംഭാഷണം കോമഡി ആണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലും ആണ് സംസാരിക്കുക. പക്ഷെ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ളത് കറക്ടായി കമ്മ്യൂണികേറ്റ് ചെയ്യും. അതെങ്ങനെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. നവീൻ ആണ് മകൻ ഞാൻ മരുകമകളാണെന്നാണ് എന്റെ അമ്മ പറയാറ്, ഭാവന പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം.
Recommended Video

2012 ലാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. റോമിയോ എന്ന കന്നഡ സിനിമയ്ക്കിടെയായിരുന്നു കണ്ടുമുട്ടൽ. അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുന്ന ഭാവന അപൂർവമായി മാത്രമേ തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുള്ളൂ.
തന്റെ അടുത്ത സുഹൃത്തുക്കളെ പറ്റിയും ഭാവന സംസാരിച്ചു. ശിൽപ ബാല തന്റെ ബെസ്റ്റി ആണ്. രണ്ട് പേരും രണ്ട് തിരക്കുകളിലായതിനാൽ കാണാൻ പറ്റാറില്ല. പക്ഷെ മിക്ക ദിവസവും ഫോണിൽ സംസാരിക്കാറുണ്ട്. മൃദുല മുരളി കൊച്ചിയിലായതിനാൽ നാട്ടിൽ വരുമ്പോൾ കാണാൻ എളുപ്പമാണ്. അവളെ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും ഭാവന പറയുന്നു.


Click it and Unblock the Notifications