നവീന് ഇപ്പോൾ കുറച്ച് മനസ്സിലാവുന്നുണ്ട്; വഴക്ക് കൈയിൽ നിന്ന് പോവുമ്പോൾ ചെയ്യുന്നത്; ഭാവന പറയുന്നു
നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമയിലെ മുൻനിര നായിക നടിമാരിലൊരാളായി മാറിയ നടിയാണ് ഭാവന. തൃശൂർ സ്വദേശിനിയായ ഭാവനയ്ക്ക് വളരെ പെട്ടെന്ന് തന്നെ സിനിമാ രംഗത്ത് ഒരിടം ലഭിച്ചു.
തുടക്ക കാലത്ത് സഹനടിയായി ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് താരമൂല്യമുള്ള നായിക നടിയായി ഭാവന മാറി. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ഭാവന അഭിനയിച്ചു. കന്നഡ സിനിമയിലാണ് നടി കൂടുതൽ സജീവമായത്.
മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത സമയത്തും കന്നഡ സിനിമകളിൽ നടി അഭിനയിച്ചിരുന്നു. കന്നഡ സിനിമാ രംഗത്ത് നിന്ന് തന്നെയാണ് ഭാവന തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും. നിർമാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. 2018 ലാണ് ഇരുവരും വിവാഹം കഴിച്ചത്. അഞ്ച് വർഷത്തിലേറെ നീണ്ട പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയ രംഗത്ത് തുടർന്ന ഭാവന പക്ഷെ സിനിമകളിൽ കൂടുതൽ സെലക്ടീവായി.

ഇപ്പോഴിതാ ഭർത്താവ് നവീനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. നവീന് മലയാള ഭാഷ കാര്യമായി അറിയില്ലെന്ന് ഭാവന പറയുന്നു. താൻ കുറച്ച് വേഗത്തിൽ സംസാരിച്ചാൽ അദ്ദേഹം ഒന്നും മനസ്സിലാവാതെ ഇരിക്കുമെന്നും നടി വ്യക്തമാക്കി. 'ഞാനും നവീനും വഴക്ക് കൂടി എന്റെ കൈയിൽ നിന്ന് പോവുമെന്ന് തോന്നിയാൽ ഞാൻ മലയാളത്തിൽ പറയാൻ തുടങ്ങും'
'അപ്പോൾ ഒന്നും മനസ്സിലാവില്ലല്ലോ. പക്ഷെ നീ എന്ന പേസിരതെന്ന് തെരിയുമെന്ന് നവീൻ പറയും. മനസ്സിലായെങ്കിൽ ഓക്കെയെന്ന് പറഞ്ഞ് 90 സിലെ ഉർവശി ചേച്ചിയെ പോലെ പിറുപിറുത്ത് ഞാൻ പോവും. പക്ഷെ ഇപ്പോൾ ഞാൻ നവീന് കുറച്ചൊക്കെ മനസ്സിലാവും. ഞാൻ പറയേണ്ട എന്ന് പറഞ്ഞാൽ വാട്ട് പറയേണ്ട എന്നൊക്കെ ചോദിക്കും,' ഭാവന പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് ഭാവന. ഷറഫുദീനാണ് സിനിമയിലെ നായകൻ. പ്രണയ കഥ പറയുന്ന സിനിമയുടെ ട്രെയ്ലർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഭാവനയുടെ തിരിച്ചു വരവ് എന്ന നിലയിൽ റിലീസിന് മുമ്പേ സിനിമ ശ്രദ്ധ നേടി. കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നെങ്കിലും മലയാള സിനിമയിൽ നിന്ന് നടി പൂർണമായും മാറി നിൽക്കുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ വീണ്ടും സജീവമാവുകയാണ് ഭാവന. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നു. നടിയുടെ മറ്റ് സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ, ഒഴിമുറി, ചിന്താമണി കൊലക്കേസ്, തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനമായിരുന്നു ഭാവന കാഴ്ച വെച്ചത്.
ഭർത്താവിൽ ഇഷ്ടപ്പെട്ട കാര്യത്തെക്കുറിച്ച് നേരത്തെ ഭാവന സംസാരിച്ചിരുന്നു. താനഭിനയിച്ച കന്നഡ സിനിമയുടെ നിർമാതാവായിരുന്നു നവീൻ അന്ന് പരിചയം മാത്രമേയുള്ളൂ. തന്നോടും അമ്മയോടും വളരെ മാന്യമായാണ് നവീൻ പെരുമാറിയത്.
തന്റെ നമ്പർ കൈവശമുണ്ടായിട്ടും അനാവശ്യമായി തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നവീനെക്കുറിച്ച് അമ്മയും നല്ലത് പറഞ്ഞിരുന്നെന്നും ഭാവന മുമ്പൊരിക്കൽ പറഞ്ഞു. വ്യക്തി ജീവിതത്തിൽ വളരെ സ്വകാര്യത പുലർത്തുന്ന നടി അപൂർവമായേ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ളൂ.


Click it and Unblock the Notifications