ഞങ്ങളെ അടക്കി നിർത്താൻ പറ്റില്ലായിരുന്നു, അത്രയും എനർജി; ഇന്ന് ആസിഫിനെ കാണുമ്പോൾ...; ഭാവന
പുതിയ ചിത്രം അനോമിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ഭാവന. നടിക്ക് ഏറെ പ്രതീക്ഷയുള്ള ത്രില്ലർ സിനിമയാണിത്. ഭാവന അഭിനയിച്ച 90ാമത്തെ സിനിമയാണ് അനോമി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ നായികമാരായി വന്നവരിൽ വളരെ കുറച്ച് പേരെ ഇന്നും നായിക നിരയിൽ താരമൂല്യത്തോടെ നിലനിൽക്കുന്നുള്ളൂ. അതിലൊരാളാണ് ഭാവന. അക്കാലത്തെയും ഇക്കാലത്തെയും നായക നടൻമാർക്കൊപ്പം ഭാവന സിനിമകൾ ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവർക്കൊപ്പമെല്ലാം ഭാവന സിനിമകൾ ചെയ്തു.
ആസിഫലിയും ഭാവനയും അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധിക്കപ്പെട്ടതാണ്. ആസിഫ് അലിയെക്കുറിച്ച് പുതിയ അഭിമുഖത്തിൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആസിഫ് ഓരോ സിനിമയിലൂടെയും ബെറ്ററായി വരുന്ന ആക്ടറാണ്. ഒഴിമുറി എന്ന സിനിമ ചെയ്യുമ്പോൾ ആസിഫ് താരതമ്യേന വളരെ പുതിയ നടനാണ്. ആദ്യത്തെ രണ്ട് ദിവസം എന്റെ കൂടെ അഭിനയിക്കുമ്പോൾ അവനൊരു ടെൻഷൻ പോലെയുണ്ടായിരുന്നു. കാരണം ഞാൻ കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. മൂന്ന് നാല് ദിവസം കഴിഞ്ഞ് ഞങ്ങളുടെ വെെബ് ഭയങ്കരമായി സെറ്റായി. അവനെപ്പോലെയുള്ള ഫീമെയിൽ വെർഷനാണ് ഞാനെന്ന് അവൻ പറയും.

രണ്ട് പേരും ഈക്വൽ എനർജിയായിരിക്കും. അവിടെ ഞങ്ങളെയൊന്ന് അടക്കി നിർത്തുക, വർത്തമാനം പറയിക്കാതിരിക്കുക എന്നത് ഭയങ്കര എഫെർട്ട് ആയിരുന്നു. പിന്നെ ഹണി ബീ, അഡ‍്വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ എന്നീ സിനിമകൾ ചെയ്തു. കുറേ നാൾ കണ്ടില്ലെങ്കിലും കാണുമ്പോൾ എന്താടാ, എന്താടീ എന്നൊരു കാര്യമുണ്ടാകും. ഇപ്പോൾ ആസിഫ് ഓരോ സിനിമകളിലൂടെയും ഇവോൾവ് ചെയ്യുന്നത് കാണുന്നത് വളരെ നല്ലതാണെന്നും ഭാവന പറഞ്ഞു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റ്പ്പൂപ്പക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് തിരിച്ചെത്തിയ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഭാവനയെ തേടി സിനിമകളെത്തി. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. 2017 ൽ പൃഥിരാജ് ചിത്രം ആദം ജോണിൽ അഭിനയിച്ച ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഭാവന. അതേസമയം കന്നഡ സിനിമാ രംഗത്ത് സജീവമായിരുന്നു. ഭാവനയും ആസിഫ് അലിയും ഒരുമിച്ചെത്തുന്ന സിനിമ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഫെബ്രുവരി 6 നാണ് ഭാവനയുടെ പുതിയ സിനിമ അനോമി റിലീസ് ചെയ്യുന്നത്. റഹ്നാനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. റിയാസ് മാറാത്ത് ആണ് സംവിധായകനും തിരക്കഥാകൃത്തും. ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, വിഷ്ണ അഗസ്ത്യ തുടങ്ങിയവർ അനോമിയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ബോളിവുഡ് ചിത്രം അനിമലിലൂടെ ശ്രദ്ധേയനായ ഹർഷവർധൻ രമേശ്വറാണ് അനോമിയുടെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











