ആ സംഭവമാണ് കാരണം, ഹീറോ പോസിറ്റീവ് റോളുകളെ അഭിനയിക്കാൻ പാടുള്ളൂവെന്ന് ഞാൻ പറയില്ല; ഭാവനയും എതിർപക്ഷത്ത്?
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ കെജിഎഫ് താരം യഷിനെ നായകനാക്കി റിലീസിന് തയ്യാറെടുക്കുന്ന ടോക്സിക്കിന്റെ ടീസർ അടുത്തിടെ വലിയ ചർച്ചയായിരുന്നു. കസബ സിനിമയിൽ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള സ്ത്രീവിരുദ്ധത വർഷങ്ങൾക്ക് മുമ്പ് ഗീതു മോഹൻദാസും പാർവതിയും കൂട്ടരും ചേർന്ന് വിമർശിച്ചിരുന്നു. സിനിമകളിൽ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതിന് എതിരെയുള്ള പ്രതിഷേധവും ഇവർ പ്രകടിപ്പിച്ചിരുന്നു.
അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവർ സ്വന്തം സിനിമയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്നതായിരുന്നു ടോക്സിക്കിന്റെ ടീസർ ചർച്ചയാകാൻ കാരണം. ഇപ്പോഴിതാ ടോക്സിക്കിന്റെ ടീസർ ചർച്ചയായതുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് നടി ഭാവന. ഹീറോ പോസിറ്റീവ് റോളുകളെ അഭിനയിക്കാൻ പാടുള്ളൂവെന്ന പക്ഷക്കാരിയല്ല താനെന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

ടോക്സിക്ക് സിനിമയുടെ കോൺസെപ്റ്റ് എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീസർ മാത്രം വെച്ച് ആ സിനിമയെ പറ്റി പറയാനും പറ്റില്ല. ആ സിനിമയ്ക്ക് നല്ലതായാലും ചീത്തയായാലും ട്രാക്ഷൻ കിട്ടുന്നുണ്ട്. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ട്. അത് പറയുന്നതിൽ യാതൊരു തെറ്റുമില്ല.
മുമ്പ് പറഞ്ഞൊരു കാര്യത്തിൽ നിന്നാണ് ഇത് വന്നിരിക്കുന്നത്. ഒരു ഹീറോയാണെങ്കിൽ അയാൾ ഇങ്ങനെ മാത്രമെ അഭിനയിക്കാൻ പാടുള്ളൂവെന്ന് ഞാൻ പറയില്ല. അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അത് ചിലപ്പോൾ നെഗറ്റീവായിരിക്കാം. ഭാവിയിൽ ഞാൻ ചിലപ്പോൾ ഒരു നെഗറ്റീവ് റോൾ ചെയ്തുവെന്ന് ഇരിക്കും.
അതുകൊണ്ട് ഇത് ചെയ്യാൻ പാടില്ലെന്നൊന്നും പറയാൻ പറ്റില്ല. സിനിമ എന്ന വിഷ്വൽ മീഡിയം അങ്ങനെയാണ്. നല്ലതും നടക്കുന്നുണ്ട് മോശവും നടക്കുന്നുണ്ട്. ഞാൻ നല്ല കഥാപാത്രം മാത്രമെ ചെയ്യൂവെന്ന് ഒരു അഭിനേതാവ് തീരുമാനിച്ചാൽ അത് നല്ല തീരുമാനായിട്ട് എനിക്ക് തോന്നുകയില്ല. ഒരു സിനിമ എന്ന രീതിയിൽ മാത്രമെ ടോക്സിക്കിനെ കാണുന്നുള്ളു. ആ സിനിമ ചർച്ചയാകാനുള്ള കാരണം അതിന് മുമ്പ് നടന്ന ചില സംഭവങ്ങൾ കാരണമാണ്.
ഹോളിവുഡ് സിനിമ വരെ കാണുന്നവരല്ലേ നമ്മൾ എല്ലാവരും. ആളുകളുടെ മൈന്റ്സെറ്റൊക്കെ മാറിയില്ലേ. വളരെ ഓപ്പണായിട്ടുള്ള ഓഡിയൻസല്ലേ നമുക്കുള്ളത്. പണ്ട് ലിപ് കിസ് സീൻ സ്ക്രീനിൽ വരുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലായിരുന്നു. ഇപ്പോൾ ആളുകൾ മാറി. നല്ല സിനിമയാണെങ്കിൽ ഓഡിയൻസ് സ്വീകരിക്കും.

നല്ലതല്ലെങ്കിൽ സ്വീകരിക്കില്ല. അതിന് ഇടയിൽ വരുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഓരോരുത്തരുടേയും വ്യക്തിപരമായ വിശദീകരണങ്ങളാണ് എന്നാണ് ഭാവന പറഞ്ഞത്. മുമ്പ് ഒരു വിഷയം വന്നതുകൊണ്ടാണ്. അല്ലെങ്കിൽ ആരും ഈ സിനിമയെ കുറിച്ച് ചർച്ച ചെയ്യുമായിരുന്നില്ലെന്ന് അനോമിയിൽ ഭാവനയുടെ സഹതാരമായ സെബിൻ ബെൻസണും പറഞ്ഞു. കസബയിൽ മമ്മൂട്ടി ചെയ്ത റോളിനോട് തനിക്ക് എതിർപ്പില്ലെന്ന് ഭാവന പറയാതെ പറയുകയായിരുന്നു.
ടോക്സിക്കിന്റെ ടീസർ ചർച്ചയായശേഷം പാർവതി തിരുവോത്ത് ഗീതു മോഹൻദാസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തയായിരുന്നു. ടീസർ ചർച്ചയായപ്പോൾ ഗീതുവിനെ പിന്തുണച്ച് റിമ കല്ലിങ്കൽ എത്തിയിരുന്നു. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടായിരുന്നു റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് സിനിമയാണ് റിലീസിന് ഒരുങ്ങുന്ന അനോമി. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന സിനിമയിൽ എത്താൻ പോകുന്നതെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്.


Click it and Unblock the Notifications











