ജീവിതം മാറി മറിഞ്ഞത് ഇവിടെ മുതൽ..., ഉണങ്ങാത്ത മുറിവ്... അച്ഛനില്ലാതെ ഒമ്പത് വർഷങ്ങൾ; കുറിപ്പുമായി ഭാവന
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം പിന്നീട് മലയാളവും കടന്ന് തമിഴിലും കന്നഡയിലുമെല്ലാം തിരക്കുള്ള അഭിനേത്രിയായി മാറുകയായിരുന്നു. വളരെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ജീവിതത്തിലുണ്ടായശേഷം അഞ്ച് വർഷത്തോളം മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന താരം കഴിഞ്ഞ വർഷമാണ് വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. അന്നും ഇന്നും മറ്റൊരു അഭിനേത്രിയ്ക്കും ലഭിക്കാത്ത സ്നേഹവും പിന്തുണയും ഭാവനയ്ക്ക് മലയാളികൾ നൽകുന്നുണ്ട്.
കന്നഡ സിനിമാ നിർമാതാവ് നവീനെ വിവാഹം ചെയ്തശേഷം ബെംഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. എങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നാണ് സിനിമയിലേക്കുള്ള ഭാവനയുടെ വരവ്.

ആദ്യ സിനിമ നമ്മൾ മുതൽ ഭാവനയ്ക്ക് ഏറ്റവും പിന്തുണ നൽകിയിരുന്നത് അച്ഛൻ ബാലചന്ദ്രനായിരുന്നു. ഭാവനയുടെ അച്ഛൻ ഒരു ഫോട്ടോഗ്രാഫറായിരുന്നു. അച്ഛൻ വേർപാട് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നതുകൊണ്ട് തന്നെ അതുണ്ടാക്കിയ മുറിവ് തന്റെ മരണം വരെ നിലനിൽക്കുമെന്ന് ഭാവന മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛന്റെ വേർപാടിന് ഒമ്പത് വർഷം തികയുമ്പോൾ ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സമയമാണ് രോഗശാന്തി നൽകുന്നതെന്ന് ആളുകൾ പറയുന്നു... എന്നാൽ യാഥാർത്ഥ്യം എല്ലായ്പ്പോഴും ഒരുപോലെയല്ല... ഓരോ ചെറിയ നിമിഷങ്ങളിലും കടന്നുപോകുന്ന ഓരോ ദിവസവും ഉയർച്ച താഴ്ചയുണ്ടാകുമ്പോഴുമെല്ലാം ഞങ്ങൾ നിങ്ങളെ മിസ് ചെയ്യുന്നു... എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നാണ് ഭാവന അച്ഛനൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചത്.
കൂടാതെ മുന്നോട്ട് പോവുക... സ്വർഗത്തിലിരിക്കുന്ന ആ വ്യക്തിക്ക് നിങ്ങൾ പിന്മാറുന്നത് ഇഷ്ടമല്ലെന്നുള്ള ഒരു ഉദ്ധരണിയും ഭാവന പങ്കുവെച്ചിരുന്നു. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഭാവനയുടെ വാക്കുകൾ ഇടറും. അത്രയേറെ ആത്മബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നു. അച്ഛന്റെ മരണം തന്റെ ജീവിതം മാറ്റി മറിച്ചുവെന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ ഭാവന പറഞ്ഞത്. 58 വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.
പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഒരു രാത്രി അച്ഛൻ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമുക്ക് ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ച് വരുമെന്ന് കരുതിയിരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അച്ഛന്റെ മരണവാർത്ത അറിയുന്നു. ഇത് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നു.

അതിനുമുമ്പ് വരെ കുട്ടിക്കളിപോലെയായിരുന്നു ജീവിതം. അതിനുശേഷം ജീവിതം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങൾ കൂടി. അച്ഛൻ മരിക്കുന്നതിന് ഒരുമാസം മുമ്പാണ് നവീന്റെ കുടുംബം എന്റെ വീട്ടിൽ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. അത്രയെങ്കിലും അച്ഛനുള്ള സമയത്ത് ചെയ്യാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്. അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് വേണമെങ്കിൽ പറയാം.
ഒരുപക്ഷെ എന്റെ അമ്മയ്ക്കും ചേട്ടനുമൊക്കെ എന്നേക്കാളും ഇഷ്ടം നവീനോടായിരിക്കുമെന്നാണ് അച്ഛനെ കുറിച്ച് മുമ്പ് ഭാവന പറഞ്ഞത്. മരണം വരെ എവിടേയും എപ്പോഴും ഭാവനയ്ക്കൊപ്പം പോയിരുന്നത് അച്ഛൻ ബാലചന്ദ്രനായിരുന്നു. വിവാഹ ദിവസം പോലും ഭാവനയെ വേദനിപ്പിച്ചത് അച്ഛന്റെ അസാന്നിധ്യമായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ ആറാം വർഷത്തിലൂടെയാണ് ഭാവനയും നവീനുമിപ്പോൾ കടന്നുപോകുന്നത്.
2018 ജനുവരി 22നാണ് അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഭാവനയും നവീനും വിവാഹിതരായത്. നവീൻ സോഷ്യൽമീഡിയയിൽ സജീവമല്ല. ഇടയ്ക്ക് ഭാവനയ്ക്ക് ഭർത്താവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ ആരാധർക്കായി പങ്കിടാറുണ്ട്. മുപ്പത്തിയെട്ടുകാരിയായ ഭാവനയുടെ അവസാനം റീലിസായ സിനിമ ഹണ്ടാണ്.


Click it and Unblock the Notifications











