മൂത്തച്ചേട്ടനാണ് എന്നെ തല്ലിയത്; ഷാജുവേട്ടനും അദ്ദേഹവും സുഹൃത്തുക്കളായിരുന്നു! ഒളിച്ചോടിയതിനെ പറ്റി ചാന്ദ്നി
വിപ്ലവകരമായ പ്രണയവിവാഹം കഴിച്ച് ഒന്നായവരാണ് ഷാജു ശ്രീധറും നടി ചാന്ദനിയും. ഒരുമിച്ച് അഭിനയിച്ച കാലത്തായിരുന്നു താരങ്ങള്‍ വിവാഹിതരാവുന്നത്. വീട്ടുകാരുടെ സമ്മതക്കുറവ് ഉണ്ടായിരുന്നതിനാല്‍ ഒളിച്ചോടി വിവാഹിതരുമായി. ഇപ്പോഴും സന്തുഷ്ടരായി ജീവിക്കുകയാണ് ഇരുവരും.
ഫോണ്‍ ബില്ല് കാരണമാണ് തങ്ങളുടെ പ്രണയം വീട്ടില്‍ പിടിച്ചതെന്ന് പറയുകയാണ് ചാന്ദ്‌നിയിപ്പോള്‍. ഇതോടെ ഷാജുവേട്ടനൊപ്പം പോവുക എന്നൊരു തീരുമാനത്തിലേക്ക് വളരെ പെട്ടെന്ന് എത്തി പോയെന്നും നടി പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കല്യാണം ഇരുപത്തിയൊന്നമത്തെ വയസിലായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അത് എപ്പോഴോ റൂട്ട് മാറി പ്രണയത്തിലേക്ക് എത്തി. ആ സമയത്ത് എനിക്ക് ഫോണുണ്ടായിരുന്നു. ഷാജുവേട്ടന് ഫോണില്ല. ആ ഫോണിന്റെ ബില്ലാണ് ഞങ്ങളുടെ പ്രണയം പിടിക്കാന്‍ കാരണമായത്. ഇന്ന് ഇന്‍കമിങ്ങിനും ഔട്ട് ഗോയിങ്ങിനും ബില്ലുണ്ടാവും.
ആദ്യമൊക്കെ ബില്ലുകള്‍ വരുമ്പോള്‍ ഞാന്‍ കീറി ക്ലോസറ്റിലിടും. ആ സമയത്ത് അച്ഛന്‍ ചോദിക്കും, ഇതെന്താ നമുക്ക് ഡീറ്റെയില്‍ഡായിട്ടുള്ള ബില്ല് വരാത്തതെന്ന്. അയാള് മറന്ന് പോയതായിരിക്കുമെന്ന് പറഞ്ഞ് ഞാനത് ഒഴിവാക്കി വിട്ടു. പക്ഷേ അച്ഛന്‍ ഡീറ്റെയില്‍ഡ് ബില്ല് വരുന്നില്ലെന്ന് പറഞ്ഞ് പരാതി കൊടുത്തു. ഞാന്‍ പോസ്റ്റുമാനെ കാത്തിരുന്ന് ആ ബില്ല് വാങ്ങി കളയുകയാണ് ചെയ്തിരുന്നത്.
എന്നാല്‍ ഞാന്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ആയിരിക്കുമ്പോഴാണ് ബില്ല് വരുന്നത്. എന്റെ സഹോദരന്റെ കൈയ്യിലാണ് ബില്ല് കിട്ടുന്നത്. നോക്കുമ്പോള്‍ ഒരു നമ്പറിലേക്കാണ് നിരന്തരം കോള്‍ പോയിരിക്കുന്നത്. അതും ഒരു ലാന്‍ഡ് ലൈന്‍ നമ്പറാണ്. മൂത്തസഹോദരന്‍ ആ നമ്പറിലേക്ക് വിളിച്ച് നോക്കി. അപ്പോഴാണ് അത് ആരുടെ വീടാണെന്ന് മനസിലാവുന്നത്.

നിറം റിലീസായ ദിവസമാണ് പ്രണയം പിടിക്കുന്നത്. വട്ടത്തില്‍ ഇരുത്തി ചോദ്യം ചെയ്തു. രണ്ട് തല്ല് കിട്ടിയിട്ടുണ്ടെന്നാണ് ഓര്‍മ്മ. തല്ലിയത് അച്ഛനല്ല, മൂത്തചേട്ടനാണ്. അദ്ദേഹം ഷാജുവേട്ടനുമായി നല്ല സൗഹൃദത്തിലായിരുന്നു. എന്നെ വീട്ടില്‍ പിടിച്ചുവെന്ന കാര്യം പുള്ളിയോട് പറയാന്‍ പറ്റിയില്ല. കാരണം എന്റെ ഫോണൊക്കെ അവര്‍ പിടിച്ച് വെച്ചു.
ആ സമയത്ത് സമയം സീരിയല്‍ ചിത്രീകരണം നടക്കുകയാണ്. ശ്രീനാഥേട്ടനും ലത ചേച്ചിയും തമ്മിലുള്ള വിവാഹം അപ്പോഴായിരുന്നു. അങ്ങനെ സെറ്റിലിരിക്കുമ്പോള്‍ ലത വിളിക്കുന്നുണ്ട്. ചാന്ദ്‌നിയോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നിട്ട് ഫോണ്‍ തന്നു. ഇവിടെ റേഞ്ച് ഇല്ല, അങ്ങോട്ട് മാറി നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെ ഫോണെടുത്ത് സംസാരിച്ചപ്പോള്‍ അപ്പുറത്ത് ഷാജുവേട്ടനാണ്.
വീട്ടില്‍ സമ്മതിക്കുന്നില്ലെങ്കില്‍ നമുക്ക് വിവാഹം കഴിക്കാന്‍ ആലോചിച്ചാലോ എന്ന് പുള്ളി ചോദിച്ചു. എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മുഹുര്‍ത്തമുള്ള ദിവസമുണ്ട്. നീ അന്ന് ഇറങ്ങുകയാണെങ്കില്‍ നമുക്ക് ബാക്കി പ്ലാന്‍ ചെയ്ത് ചെയ്യാം. അതില്ലെങ്കില്‍ ഇവിടെ വെച്ച് അവസാനിപ്പിക്കാമെന്നും പറഞ്ഞു. അങ്ങനെ സെപ്റ്റംബറിലാണ് വീട്ടില്‍ പ്രണയം പിടിച്ചു. ഒക്ടോബറില്‍ ഞങ്ങള്‍ കെട്ടിയെന്നും ചാന്ദ്‌നി പറയുന്നു.


Click it and Unblock the Notifications











