'ഇന്നലെ കൂടി രാജേഷേട്ടനെ കണ്ടതാണ് ഒന്നും പറഞ്ഞില്ല', ഇനി ജാതകം നോക്കില്ല; ചിത്ര പറയുന്നു
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടിയാണ് ചിത്ര നായര്‍. സിനിമയിലെ സുമലതയെയും സുരേഷേട്ടനെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ 'വയസ്സെത്രയായി, മുപ്പത്തി....' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് ചിത്ര.
ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിത്തെക്കുറിച്ചും സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ എന്ന ചിത്രത്തിന്റെ ഭാഗമായി രാജേഷ് മാധവനൊപ്പമുള്ള വിവാഹ ചിത്രത്തെക്കുറിച്ചുമുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുയാണ് ചിത്ര നായര്‍.

'20,21 വയസിലൊക്കെ കല്യാണം കഴിഞ്ഞിരുന്നു. ഒന്നാമത് സാധാരണ കുടുംബമാണ്. ജാതകം നോക്കുന്നുണ്ടായിരുന്നു. കല്യാണത്തിന്റെ വലിയ കാര്യങ്ങള്‍ ഒന്നും അറിയില്ല. വീട്ടുകാര്‍ തീരുമാനിച്ചു കല്യാണം കഴിഞ്ഞു. അങ്ങനെയായിരുന്നു. പ്ലസ് ടു കഴിഞ്ഞു ടിടിസി കഴിഞ്ഞപ്പോഴേക്കും എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ ഡിവോഴ്‌സ് ആയി. അത് കഴിഞ്ഞിട്ട് ഇപ്പോള്‍ എട്ട് വര്‍ഷമായി. സിനിമയിലേക്ക് വന്നിട്ട് ഒന്നര വര്‍ഷം ഒക്കെ ആയതേ ഉള്ളു,' ചിത്ര നായര്‍ പറയുന്നു.
ഞാന്‍ പിന്നെ നാട്ടുകാരെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കി പോവുക എന്നേ ഉള്ളു. ജാതകം ഒക്കെ നോക്കി തന്നെയായിരുന്നു അന്ന് കല്യാണം. അതിലൊന്നും ഒരു കാര്യവുമില്ല, മാനസികമായ പൊരുത്തം തന്നെയാണ് വലുത് എന്ന് മനസിലായി. രാജേഷ് മാധവനുമൊത്തുള്ള ആ ഫോട്ടോ കണ്ട് കുറേപേര്‍ അഭിനന്ദനങ്ങള്‍ ഒക്കെ അയച്ചിരുന്നു. നിങ്ങള്‍ ഒന്നാവേണ്ടവര്‍ തന്നെ ആയിരുന്നു. ഇത് ഇങ്ങനെ തന്നെയേ വരൂ എന്ന് അറിയാമായിരുന്നു എന്നൊക്കെ കുറച്ചു പേര്‍ കമന്റിടുകയും വിളിച്ച് പറയുകയും ഒക്കെ ചെയ്തു.
രാജേഷേട്ടന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് വിളിച്ച് പറഞ്ഞു, ഇന്നലെ കൂടി രാജേഷേട്ടനെ കണ്ടതാണ്. എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ല. അങ്ങനെ ചിലരും പറഞ്ഞു. പക്ഷെ ഇപ്പോള്‍ എല്ലാവര്‍ക്കും മനിസലായിട്ടുണ്ട്. സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ ഒക്കെ വന്നിട്ടും കല്യാണം തന്നെ ആണെന്ന് വിചാരിക്കുന്നവര്‍ ഉണ്ട്.

യഥാര്‍ത്ഥ ജീവിതത്തില്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് വല്ലാതെ ചിന്തിച്ചിട്ടില്ല. വീട്ടുകാര്‍ ഒക്കെ നിര്‍ബന്ധിക്കുമ്പോള്‍, എന്നെ സപ്പോര്‍ട്ട് ചെയ്യുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാളാണ് വരുന്നതെങ്കില്‍ തീര്‍ച്ചായയും നോക്കും. ഇനി ജാതകമേ നോക്കാന്‍ പ്ലാന്‍ ഇല്ല.വയസ്സെത്രയായി, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ, പൊറാട്ട് നാടകം എന്നീ മൂന്ന് ചിത്രങ്ങളാണ് പുതുതായി കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശന്‍- സുമലത പ്രണയത്തിന്റെ സ്പിന്‍ ഓഫ് ആയി എടുത്ത ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രത്തില്‍ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനും സുമലതയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. മുഴുനീള കാസര്‍ഗോഡ് ഭാഷയിലെടുത്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.


Click it and Unblock the Notifications