For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതേ അവസ്ഥയില്‍ കടന്ന് പോയ പെണ്‍കുട്ടിയുടെ അനുഭവം ഞാന്‍ മനസില്‍ വരച്ചിരുന്നു; നടി ദര്‍ശന രാജേന്ദ്രന്‍

  |

  ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം നിരാശ ലഭിച്ചത് സിനിമാപ്രേമികള്‍ക്കാണ്. തിയറ്ററുകളെല്ലാം അടച്ചതോടെ പുത്തന്‍ സിനിമകള്‍ കാണാന്‍ സാധിക്കാതെ വരികയായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകളുടെ റിലീസ് തുടങ്ങിയതോടെ അതും വലിയ വിജയമായി തുടങ്ങി. ഓണത്തിന് ഒടിടി റിലീസ് ആയിട്ടെത്തിയ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

  എന്നാല്‍ ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ വലിയൊരു പ്രതീക്ഷ നല്‍കി കൊണ്ടെത്തിയ ചിത്രമാണ് സീ യൂ സൂണ്‍. ഫഹദ് ഫാസില്‍, റോഷന്‍ മാത്യൂസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹോഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സീ യൂ സൂണ്‍. അനു സെബാസ്റ്റിയന്‍ എന്ന ശക്തയായ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത ദര്‍ശന സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.

  സീ യൂ സൂണ്‍ സിനിമയുടെ കഥ കേട്ട് വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ ഷൂട്ട് തുടങ്ങിയിരുന്നു. സിനിമയുടെ കഥ കേട്ട സമയത്ത് തന്നെ ഇതേ അവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ ദുരനുഭവങ്ങള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ ഞങ്ങളെല്ലാവരും കണ്ടിരുന്നു. വലിയ അസ്വസ്ഥതയായിരുന്നു അത് കണ്ടപ്പോള്‍. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഇങ്ങനെയുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് കുറേ ആലോചിച്ചു. ആ കഥാപാത്രം സഞ്ചരിക്കുന്ന ഗ്രാഫ് മനസില്‍ ചിന്താരൂപത്തില്‍ തന്നെ ഉണ്ടായിരുന്നു എന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ദര്‍ശന പറഞ്ഞിരിക്കുന്നത്.

  ചെറിയ ചെറിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു. ഞാന്‍ ആലോചിച്ചതിനെക്കാള്‍ കൂടുതല്‍ മഹേഷേട്ടന്‍ പറഞ്ഞ് തരും. അതില്‍ നിന്നും ആവശ്യമുള്ളത് എടുത്തിട്ടുണ്ട്. എല്ലാവരുടെയും മനസില്‍ ഉണ്ടാകുമല്ലോ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍. അങ്ങനെ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ ഇടം തന്നെ സിനിമയാണ്. അതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എല്ലാവരും ഒരു സ്ഥലത്ത് നിന്നാണ് ഷൂട്ട് നടത്തിയതെങ്കിലും വെവ്വേറേയാണ് ഓരോ ആള്‍ക്കാരെയും ചിത്രീകരിച്ചത്.

  ഒരു വീഡിയോ കോളില്‍ ഒരു കഥാപാത്രം സംസാരിക്കുന്നത് മുഴുവന്‍ ഷൂട്ട് ചെയ്യും. ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുകമ്പോള്‍ റോഷനാണെങ്കിലും ഫഹദ് ആണെങ്കിലും മറുവശത്ത് അഭിനയിക്കും. പക്ഷേ അത് ചിത്രീകരിക്കില്ല. അടുത്ത സീനില്‍ റോഷന്‍ അഭിനയിക്കുമ്പോള്‍ റോഷനെ മാത്രം ചിത്രീകരിക്കുകയും ഞാന്‍ ഷൂട്ട് ചെയ്യാതെ റെസ്‌പോണ്‍സ് കൊടുക്കുകയുമായിരുന്നു. സാധാരണയായി ഒരു വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒരു യഥാര്‍ഥ ലോകത്തെയാണ് നമ്മള്‍ക്ക് കണ്ട് പരിചയമുള്ളത്. ഇന്റര്‍നെറ്റ് ഒരു വലിയ സ്‌പേസാണ്. ആ സ്‌പേസില്‍ കുറച്ച് പെര്‍ഫോമന്‍സുകള്‍ വന്നാല്‍ പോലും ഒരു ചേര്‍ച്ചക്കുറവ് തോന്നാറുണ്ട്.

  ഏറ്റവും സത്യസന്ധമായിട്ട് ചെയ്യണം, റിയലായിട്ട് തോന്നണം ഇതായിരുന്നു ഞാന്‍ മനസില്‍ പറഞ്ഞ് കൊണ്ടിരുന്നത്. എല്ലാവരും ചേര്‍ന്നതാണ് സിനിമ. അഭിനയത്തിന്റെ ഏത് തലത്തില്‍ നിന്ന് നോക്കിയാല്‍ പോലും നല്‍കലും വാങ്ങലുമുണ്ട്. ഇത് നമുക്ക് അത്ര പരിചയമില്ലാത്ത മറ്റൊരു രീതിയാണ്. വേറൊരു ലോകമാണ്. മറ്റൊരു മെത്തേഡ് ആണെന്നും പറയാം. ആക്ഷന്‍, കട്ട് ഇല്ലാതെ ഫുള്‍ സീനുകളായാണ് നമ്മള്‍ സിനിമ എടുത്തത്. ഒരു സീന്‍ എടുത്താല്‍ ഒരു ടേക്കില്‍ അത് മുഴുവന്‍ തീര്‍ക്കും. ആ ഒരു തുടര്‍ച്ച പുതിയൊരു രീതിയെ സ്വീകരിക്കാന്‍ എന്നെ പാകപ്പെടുത്തി എന്ന് പറയാം.

  പാളിച്ചകളില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത്. ഏതെങ്കിലും ഒരു രീതി വര്‍ക്ക് ആകുന്നില്ലെങ്കില്‍ അടുത്തത് നോക്കും. എല്ലാ ദിവസവും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കാന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പരിഹിക്കുന്നതിന് എല്ലാവരും ഒന്നിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തും. ആ ഒരു സ്‌പേസ് ഞങ്ങള്‍ എല്ലാവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. അത് തന്നെയാണ് മുന്നോട്ട് പോകാനുള്ള ധൈര്യമായതും. വൈകാരിക രംഗങ്ങള്‍ അല്ലാത്ത സീനുകള്‍ അങ്ങനെ അഭിനയിക്കുമ്പോള്‍ എനിക്ക് വേര്‍തിരിവ് തോന്നിയിട്ടില്ല. എല്ലാ സീനുകളിലുമുള്ള ഗ്രാഫ് കൃത്യമാകണമെന്നാണ് ഞാന്‍ ചിന്തിച്ചത്. പല രംഗങ്ങളിലുമുള്ള കരച്ചിലുകള്‍ തന്നെ വേറെ വേറെയാണ്. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ കൂടുതലും ശ്രദ്ധിച്ചത്. അതേ അവസ്ഥയില്‍ കടന്ന് പോയ പെണ്‍കുട്ടിയുടെ അനുഭവത്തില്‍ നിന്നും അഭിനയിക്കാനുള്ള കാര്യങ്ങള്‍ ഞാന്‍ മനസില്‍ വരച്ച് വച്ചിരുന്നു.

  English summary
  Actress Darshana Rajendran About Her Movie See U Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X