'അമ്മയ്ക്ക് വീട്ടിൽ മലയാളം പറയാൻ പറ്റില്ല, നില എന്റെ ബെസ്റ്റിയായി മാറി കഴിഞ്ഞു, ഞാൻ ചെന്നാൽ പേളിക്ക് സുഖമാണ്'
മലയാള സിനിമയ്ക്ക് മറ്റൊരു കാഴ്ച്ചപ്പാട് പകര്‍ന്ന് നല്‍കിയ ചിത്രമായിരുന്നു നീന. ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്തത് ദീപ്തി സതിയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ദീപ്തി മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. മലയാളത്തിന്റെ മാത്രമല്ല ഇന്ന് തെന്നിന്ത്യന്‍ സിനിമയ്ക്കും പ്രിയപ്പെട്ട താരമാണ് ദീപ്തി. മോഡലിങ്ങില്‍ തിളങ്ങുന്ന ഘട്ടത്തിലാണ് ദീപ്തി സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ദീപ്തിയെ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കി.
2016ൽ കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗർ എന്ന ചിത്രത്തിൽ അഭിനിയിച്ച് അന്യഭാഷകളിലും ചേക്കേറി. 2012ൽ ദീപ്തി സതി മിസ് കേരള കിരീടം നേടിയിരുന്നു. 2014ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു.

ഭരതനാട്യത്തിനൊപ്പം ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലും പരിശീലനം ലഭിച്ച നർത്തകിയാണ് ദീപ്തി സതി. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ നിരന്തരം വൈറലാകാറുണ്ട്. ഇരുപത്തിയൊമ്പതുകാരിയായ ദീപ്തി ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മോഡലിങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ദീപ്തിയുടെ അമ്മ മലയാളിയാണെങ്കിൽ കൂടിയും മലയാളം സിനിമ ചെയ്യും മുമ്പ് ഒരു വാക്ക് പോലും മലയാളം പറയാൻ ദീപ്തിക്ക് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ദീപ്തി മനോഹരമായി മലയാളം സംസാരിക്കും. സിനിമയിൽ വന്നശേഷം ദീപ്തിക്ക് ലഭിച്ച സുഹൃത്തുക്കളിൽ ഒരാളാണ് പേളി മാണി. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് സൗഹൃദം ആരംഭിച്ചത്.
പേളിയുമായി മാത്രമല്ല പേളിയുടെ മകൾ നിലയുടെ ഉറ്റ ചങ്ങാതിയാണ് ഇപ്പോൾ ദീപ്തി. അടുത്തിടെ നിലയും നടി ദീപ്തി സതിയും ഒന്നിച്ചുള്ളൊരു വീഡിയോ ശ്രദ്ധ നേടയിരുന്നു. ദീപ്തിയുടെ മുടിക്കെട്ടി കൊടുക്കുന്ന നിലയെയാണ് വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോഴിതാ പുതിയ സിനിമ താനാരയുടെ പ്രമോഷന്റെ ഭാഗമായി ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പേളി മാണിയുമായുള്ള സൗഹൃദത്തെ കുറിച്ചും മലയാള സിനിമയിൽ ടൈപ്പ് കാസ്റ്റഡായി പോകുന്നതിനെ കുറിച്ചും ദീപ്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
നീനയ്ക്കുശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്നും തനിക്ക് ബോൾഡ് ക്യാരക്ടേഴ്സ് മാത്രമെ ചേരൂവെന്നും അതേ ഞാൻ ചെയ്യൂവെന്നും പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. നീനയ്ക്കുശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അഭിനേത്രിയകണമെന്ന് മാത്രമെ ആഗ്രഹിച്ചിട്ടുള്ളു. ആദ്യമായി ഒരു ഷൂട്ടിങ് സെറ്റും ക്യാമറയും കണ്ടതും നീനയിൽ അഭിനയിച്ചപ്പോഴാണ്.

എനിക്ക് ബോൾഡ് ക്യാരക്ടേഴ്സ് മാത്രമെ ചേരൂവെന്നും അതേ ഞാൻ ചെയ്യൂവെന്നും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏത് റോളും ചെയ്യാൻ ഇഷ്ടമാണ്. എന്നെ പോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്ന ഒരുപാട് താരങ്ങളുണ്ട്. ഞാൻ രണ്ടാമത്തെ സിനിമ ചെയ്യുമ്പോൾ മുതൽ പേളിയെ എനിക്ക് അറിയാം. പുള്ളിക്കാരൻ സ്റ്റാറാ എന്നതായിരുന്നു സിനിമയുടെ പേര്. പേളി അതിൽ എന്റെ സുഹത്തിന്റെ കഥാപാത്രം ചെയ്തിരുന്നു. പേളി ഒരുപാട് ഇൻസ്പെയറിങാണ്.
അതുപോലെ തുടക്കകാലത്ത് ഒരു മലയാളം വാക്കുപോലും പറയാൻ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഇത്രയും നന്നായി മലയാളം സംസാരിക്കുന്നത് വലിയ കാര്യമാണ്. എന്റെ അമ്മ മലയാളിയാണ്. അച്ഛനാണ് നോർത്ത് ഇന്ത്യക്കാരൻ. അമ്മയ്ക്ക് വീട്ടിൽ മലയാളം പറയാൻ പറ്റില്ല. കാരണം അച്ഛനോ ബന്ധുക്കളിൽ ആർക്കുമോ മലയാളം മനസിലാവില്ല.
ഇംഗ്ലീഷും ഹിന്ദിയുമാണ് വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. അതുപോലെ നില എന്റെ ബെസ്റ്റിയായി മാറി കഴിഞ്ഞു. ഞാൻ എപ്പോഴും പേളിയുടെ വീട്ടിൽ പോയി നിലയ്ക്കൊപ്പം സമയം ചിലവിടാറുണ്ട്. ആ സമയത്ത് പേളിക്കും സുഖമാണ്. കാരണം ഞാൻ നിലയെ എൻഗേജ്ഡാക്കി ഇരുത്തുമെന്നും ദീപ്തി പറയുന്നു.


Click it and Unblock the Notifications