'16 വർഷം കൊണ്ട് ദാമ്പത്യം പലതും പഠിപ്പിച്ചു, തടസം നിൽക്കുന്നതിനേക്കാൾ പിന്തുണയ്ക്കും'; ദേവി ചന്ദന
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. ദാമ്പത്യ ജീവിതം പതിനാറ് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റുള്ളർക്ക് മാതൃകയാക്കാവുന്ന തരത്തിലാണ് ദേവി ചന്ദനയുടേയും കിഷോറിന്റേയും ജീവിതം.
Also Read: 'നായിക നൈറ്റിയിട്ട് വന്നാൽ അംഗീകരിക്കുമോ? കുറ്റപ്പെടുത്തുന്നവർ ഉത്തരം പറയണം'; രാക്കുയിൽ താരം അപ്സര
16 ആം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പാണ് വിവാഹ ജീവിതത്തെ കുറിച്ച് ദേവി ചന്ദന പങ്കുവെച്ചത്. 'ഒരുമിച്ച് 16 വർഷം പൂർത്തിയാക്കി. എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിവാഹ വാർഷികാശംസകൾ' എന്നായിരുന്നു ദേവി ചന്ദന കിഷോറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ സീരിയലിലെ ദേവി ചന്ദനയുടെ പ്രകടനം ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. സീരിയൽ, സ്റ്റേജ് പരിപാടികൾക്ക് പുറമെ ഇപ്പോൾ കിഷോറും ദേവി ചന്ദനയും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

ജീവിതത്തിൽ മാറ്റങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും ദേവി ചന്ദന തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇടയ്ക്കിടെ ശരീരത്തിന് വരുത്തുന്ന മേക്കോവറുകളെ കുറിച്ചും ദേവി ചന്ദന മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. 'ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. അവ നീണ്ടുപോകാതെ എത്രയും പെട്ടെന്ന് പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. മനസ് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ട് പോകും.'

'ഞങ്ങൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ... വ്യക്തി ജീവിതത്തിലേതാകട്ടെ... ഞാനും കിഷോറും ചർച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക. അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിർത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാൻ യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ അതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചാനൽ തുടങ്ങുമ്പോൾ അതെല്ലാം നേരിടാൻ തയാറാകണമെന്നും കിഷോർ ഓർമിപ്പിച്ചു. ചാനൽ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങൾ ഒന്നിച്ച് കവർ സോങ് ചെയ്തിരുന്നു. ഇന്റർവ്യൂ ആയാലും ട്രാവൽ വ്ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകും.'
Recommended Video

'രണ്ടര വർഷം മുമ്പാണ് വെയിറ്റ് ലോസ് മേക്കോവർ ചെയ്തത്. ഇപ്പോൾ ഹെയർസ്റ്റൈൽ ഒന്നുമാറ്റി. അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തിൽ മാറ്റം വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോൾ സ്വയം ശ്രദ്ധിക്കാൻ സമയം കിട്ടി. അതാണ് ഇപ്പോഴുള്ള മാറ്റത്തിന് കാരണം. നമ്മൾ നമ്മളെ ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോൾ യുട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തിൽ ഇതിന കാരണമാണ്' ദേവി ചന്ദന പറയുന്നു.


Click it and Unblock the Notifications











