'വീടിന് പ്രതിമാസം അഞ്ച് ലക്ഷം വാടക... പണക്കെട്ടിന് മുകളിൽ ഉറങ്ങി, ആഢംബര ജീവിതമായിരുന്നു'; ഡിസ്കോ ശാന്തി
ഒരു കാലത്ത് തെന്നിന്ത്യ അടക്കി ഭരിച്ചിരുന്ന നടിയും നർത്തകിയുമാണ് ഡിസ്കോ ശാന്തി. ബ്രേക്ക് ഡാൻസിൽ അഗ്രഗണ്യനായ ചിരഞ്ജീവി പോലും ഡിസ്കോ ശാന്തിക്കൊപ്പം നൃത്തം ചെയ്യുമ്പോൾ സൈഡായി പോകുമായിരുന്നു. കാരണം എല്ലാവരുടെയും ശ്രദ്ധ ശാന്തിയിലാകും. ആക്ഷൻ പറഞ്ഞാൽ പിന്നെ ഓരോ ചുവടും മെയ്വഴക്കത്തോടെ ഹൈ ലെവൽ എനർജിയിലാണ് ശാന്തി വെയ്ക്കുക. നായികയാകാനാണ് സിനിമാക്കാരുള്ള കുടുംബത്തിൽ നിന്നും ശാന്തി സിനിമയിലേക്ക് എത്തിയത്.
പക്ഷെ നായിക വേഷങ്ങളിൽ ശോഭിക്കാൻ ഭാഗ്യം തുണച്ചില്ല. ഐറ്റം ഡാൻസുകളിലായിരുന്നു ശാന്തിയുടെ ഭാഗ്യമിരുന്നിരുന്നത്. തെലുങ്ക് നടന്‍ ശ്രീഹരിയാണ് ശാന്തിയെ ജീവിത പങ്കാളിയാക്കിയത്. ബാബ എന്നാണ് ഭര്‍ത്താവിനെ ശാന്തി വിളിച്ചിരുന്നത്. ഇരുവർക്കും മൂന്ന് മക്കളായിരുന്നു. അതിൽ മകൾ ചെറുപ്പത്തിൽ തന്നെ മരിച്ചു.

മകൾ നഷ്ടപ്പെട്ടതിന്റെ വേദന മാറും മുമ്പ് തന്നെ ഭർത്താവിനേയും ശാന്തിക്ക് നഷ്ടപ്പെട്ടു. ശ്രീഹരിയുടെ മരണശേഷം ഏറെക്കാലം വിഷാദ രോഗത്തിന് അടിമയായിരുന്നു നടി. ശ്രീഹരിയുടേയും ശാന്തിയുടേയും മൂത്തമകൻ നായകനായി അഭിനയിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോൾ ശാന്തിയടെ മക്കൾ രണ്ടുപേരും ബിസിനസ് ചെയ്യുകയാണ്.
അഭിനയത്തിൽ നിന്നും നൃത്തത്തിൽ ഏറെക്കാലമായി വിട്ടുനിൽക്കുകയാണ് ശാന്തി. അതേസമയം സിനിമയിൽ സജീവമായിരുന്ന സമയത്ത് സില്‍ക് സ്മിതയ്‌ക്കൊപ്പം മത്സരിച്ച് നിന്ന നടി എന്ന വിശേഷണവും ഡിസ്‌കോ ശാന്തിക്കുണ്ടായിരുന്നു. എന്നാൽ സിൽക്ക് സ്മിതയെ ഒരിക്കലും ശാന്തി എതിരാളിയായി കണ്ടിരുന്നില്ല. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവുമുണ്ടായിരുന്നു.
അടുത്തിടെ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെച്ച് സിൽക്കുമായുള്ള സൗഹൃദത്തെ കുറിച്ചും സിൽക്കിന്റെ ആഢംബര ജീവിതത്തെ കുറിച്ചും ശാന്തി വെളിപ്പെടുത്തിയിരുന്നു. സിൽക്ക് സ്മിത വളരെ നല്ല വ്യക്തിയാണ്. എന്നോടൊക്കെ വളരെ സാധാരണക്കാരിയെ പോലെയാണ് സംസാരിച്ചിരുന്നത്. അക്കാ എന്നാണ് ഞാൻ വിളിച്ചിരുന്നത്. സഹോദരിയുടെ സ്ഥാനമായിരുന്നു. മാത്രമല്ല ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്നോട് പങ്കുവെക്കുമായിരുന്നു.
ലക്ഷങ്ങളാണ് അന്ന് സിൽക്ക് സ്മിതയ്ക്ക് പ്രതിഫലം കിട്ടിയിരുന്നത്. ഒരു ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ഒരു ദിവസം പ്രതിഫലമായി സിൽക്ക് ആ സമയത്ത് വാങ്ങിയിരുന്നു. ഞാനും അന്ന് അഭിനയത്തിൽ സജീവമായിരുന്നുവെങ്കിലും സിൽക്കിന്റെ താരമൂല്യത്തിലേക്ക് എത്താൻ എനിക്ക് പത്ത് വർഷമെടുത്തു. അത്യാഡംബരത്തോടെയാണ് സിൽക്ക് ജീവിച്ചത്.

അഞ്ച് ലക്ഷം രൂപ മാസവാടക വരുന്ന വീട്ടിലായിരുന്നു താമസം. സ്വന്തമായി വീട് വാങ്ങിക്കൂടെയെന്ന് ഞാൻ തന്നെ പലവട്ടം ചോദിച്ചിട്ടുണ്ടെങ്കിലും സിൽക്കിന് അതിനോട് താൽപര്യമില്ലായിരുന്നു. സിൽക്കിന്റെ ബെഡ്റൂമിൽ പണം കെട്ടുകളായി അടുക്കിവെച്ചിട്ടുണ്ടാകും. അതിന് മുകളിൽ കിടന്നാണ് ഉറങ്ങിയിരുന്നത്. ആദ്യമായി ഇത് കണ്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ച് പോയി.
ഷൂട്ടിങ്ങിനെത്തുമ്പോൾ എല്ലാവരും സിൽക്ക് സ്മിതയെ ബഹുമാനിച്ചിരുന്നുവെന്നും ശാന്തി ഓർമകൾ പൊടിതട്ടിയെടുത്ത് സംസാരിക്കവെ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം വരെ അഭിനയിച്ചിട്ടുള്ള സിൽക്ക് സ്മിത വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 1996 സെപ്റ്റംബർ 23ന് കോടമ്പാക്കത്തെ വസതിയിൽ സിൽക്ക് സ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുപ്പത്തി ആറാം വയസിലായിരുന്നു സിൽക്ക് സ്മിതയുടെ മരണം. പതിനേഴ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 450 ലേറെ സിനിമകളിലാണ് സിൽക്ക് അഭിനയിച്ചത്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ സിൽക്കിന്റെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിർത്തിയ സിൽക്ക് പക്ഷെ അതിമനോഹരമായി ഇംഗ്ലീഷ് അടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു.


Click it and Unblock the Notifications