എന്റെ ശരീരത്തിൽ തൊട്ടാൽ ഏതവനായാലും തല്ലും; ദേഹം വേദനിപ്പിക്കരുത്; ദിവ്യ എം നായർ പറയുന്നു
ചെറിയ വേഷങ്ങൾ ചെയ്ത് വന്ന ദിവ്യക്ക് ഭീമന്റെ വഴി എന്ന സിനിമയിൽ ചെയ്ത കഥാപാത്രം കരിയറിൽ വഴിത്തിരിവായി. തന്റെ ഡബിംഗ്, ആങ്കറിംഗ് കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയിപ്പോൾ.
ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് സുപിരിചിതയാണ് ദിവ്യ എം നായർ. റേഡിയോ രംഗത്ത് നിന്നും ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ദിവ്യക്ക് പിന്നീട് സിനിമകളും ലഭിച്ചു. ചെറിയ വേഷങ്ങൾ ചെയ്ത് വന്ന ദിവ്യക്ക് ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബൻ സിനിമയിലാണ് ശ്രദ്ധേയ വേഷം ലഭിച്ചത്. സിനിമയിലെ ദിവ്യയുടെ സീനുകൾ വലിയ ശ്രദ്ധ നേടി.
ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ ദിവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അവതാരകയായും ഡബിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തതിനെക്കുറിച്ചും ഇപ്പോൾ സിനിമാ നടിയായതിനെക്കുറിച്ചും ദിവ്യ സംസാരിച്ചു.
'അന്യ ഭാഷാ നടിമാർക്ക് ഡബ് ചെയ്യുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. അവർക്ക് മലയാളം ഒട്ടുമറിയില്ലായിരിക്കും. ഇവർ ചിലപ്പോൾ സംസാരിച്ച് തുടങ്ങുന്നത് മലയാളത്തിലായിരിക്കും, അവസാനിപ്പിക്കുന്നത് ഇംഗ്ലീഷിലും. ഭയങ്കര പാടാണ്. ചിലപ്പോൾ അവരുടെ മുഖത്ത് ഭാവങ്ങളുണ്ട്'
'പല അസോസിയേറ്റ്സും എന്നോട് പറഞ്ഞിട്ടുണ്ട് ദിവ്യ അവരുടെ മുഖത്ത് സാധനമില്ല ഒന്ന് ശബ്ദത്തിൽ കൊണ്ട് വരണമെന്ന്. ഡബിംഗിൽ ഏറ്റവും എളുപ്പം ദേഷ്യപ്പെടുന്നതാണ്. ദേഷ്യത്തിൽ ഏത് സൗണ്ടിലും റിയാക്ട് ചെയ്യാനുള്ള സ്പേസുണ്ട്'

മുരളി ഗോപിയെ ഇന്റർവ്യൂ ചെയ്തത് മറക്കാൻ പറ്റില്ലെന്നും ദിവ്യ എം നായർ പറഞ്ഞു. 'എനിക്ക് വളരെ ആരാധനയുള്ള മനുഷ്യനാണ്. അദ്ദേഹത്തെ കുറേ നാൾ മുമ്പ് ഇന്റർവ്യൂ ചെയ്തപ്പോൾ വളരെ ഹാപ്പിയായിരുന്നു. അദ്ദേഹം ഇത്തിരി ലോക വിവരവും ബുദ്ധിയുമാെക്കെയുള്ളയാളായത് കൊണ്ട് തയ്യാറെടുപ്പോടെയാണ് പോയത്'
'അങ്ങനെയുള്ളവരിൽ നിന്നും നമുക്കൊരു പ്രശംസ കിട്ടുന്നത് സന്തോഷമാണ്. പിന്നെ പൃഥിരാജിനെയാെക്കെ ഇന്റർവ്യൂ ചെയ്യാൻ ഇഷ്ടമാണ്. അവരെയൊക്കെ നോക്കിയിരിക്കാൻ നല്ല രസമാണ്. ചോദ്യങ്ങൾ മറന്ന് പോയിട്ടുണ്ട്'
'ദുൽഖർ, ചാക്കോച്ചനൊഴിച്ച് ബാക്കി ഒരുവിധം പേരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. മമ്മൂക്കയെ എട്ട് പത്ത് പ്രാവശ്യം അഭിമുഖം ചെയ്തിട്ടുണ്ട്. ഞാൻ റേഡിയോ വിട്ട സമയത്ത് മമ്മൂട്ടിയുടെ സിനിമാ പ്രൊമോഷന്റെ അഭിമുഖത്തിന് ഏഷ്യാനെറ്റിൽ നിന്നും എന്നെ വിളിക്കും. ഇപ്പോഴാണ് സിനിമകൾ ചെയ്യുമ്പോൾ ടെൻഷൻ'
'ഭീമന്റെ വഴി മുതലാണ് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ പേടി. കാരണം അതിന് മുമ്പ് സീരിയസായി ചെയ്യുന്നില്ലല്ലോ, ഇപ്പോൾ പക്ഷെ ഉത്തരവാദിത്തമെന്ന ഫീലാണ്,' ദിവ്യ എം നായർ പറഞ്ഞു. ഭീമന്റെ വഴി എന്ന സിനിമയിൽ ജിനു ജോസഫിനെ ചവിട്ടുന്ന രംഗത്തെക്കുറിച്ചും ദിവ്യ സംസാരിച്ചു.

കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ജിനുവിനെ ചവിട്ടേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ തന്നെ ആലോചിച്ചിരുന്നു. എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന തോന്നലായിരുന്നു. ജിനു നന്നായി സഹകരിച്ചു. റിഹേഴ്സൽ ചെയ്തപ്പോൾ ഞാൻ ചെരുപ്പൊക്കെ ഊരി പതുക്കെ ചവിട്ടി.
ചെരുപ്പിട്ട് ചവിട്ടാൻ പറഞ്ഞു. റിഹേഴ്സൽ ചെയ്തയാളെ നന്നായി ചവിട്ടി. പക്ഷെ ജിനു സുഹൃത്തും കൂടെയാണ്. ഒന്നും നോക്കേണ്ട നന്നായി ചവിട്ടിക്കോയെന്ന് പറഞ്ഞു. ടേക്കിനും നല്ല ചവിട്ടാണ് കൊടുത്തതെന്നും നടി ഓർത്തു.
'കോളേജിൽ പഠിക്കുമ്പോൾ ബസിൽ വെച്ച് തോണ്ടുന്നവർക്കൊക്കെ നല്ലത് കൊടുത്തിട്ടുണ്ട്. എന്റെ ശരീരത്തിൽ തൊട്ടാൽ ആരാണെങ്കിലും ഉറപ്പായും കൊടുക്കും. എന്റെ കുഞ്ഞുങ്ങളോടും പറയും ദേഹം വേദനിപ്പിക്കരുത്, എനിക്ക് നൊന്താൽ തിരിച്ച് കിട്ടുമെന്ന്'
'ഏതവനാണെങ്കിലും. അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കി ആരെയും ഞാൻ തല്ലും' പക്ഷെ ഇതുവരെ ഒരാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications