'കുത്തിനോവിച്ചിട്ട് അതിൽ സുഖം കണ്ടെത്തുന്നു, നിങ്ങൾക്കുള്ള മരുന്ന് എത്രയും പെട്ടെന്ന് എത്തിച്ച് തരുന്നതാണ്'
വളരെ വർഷങ്ങളായി മലയാള സീരിയൽ രംഗത്ത് സജീവമാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. പക്ഷെ ഇരുവരേയും മലയാളികൾ കൂടുതൽ സ്നേഹിച്ച് തുടങ്ങിയതും അടുത്ത് അറിഞ്ഞ് തുടങ്ങിയതും ഇരുവരും വിവാഹത്തിലൂടെ ഒന്നാകാൻ തീരുമാനിച്ചശേഷമാണ്. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ദിവ്യ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി സിംഗിൾ പാരന്റിങും സീരിയൽ അഭിനയവുമായി മുന്നോട്ട് പോവുകയായിരുന്നു.
അതിനിടയിലാണ് ക്രിസ് വേണുഗോപാൽ ജീവിതത്തിലേക്ക് കടന്നുവരുന്നതും ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നുവെങ്കിലും ആഘോഷമായി തന്നെയാണ് ചടങ്ങുകൾ എല്ലാം നടന്നത്. അതുകൊണ്ട് സോഷ്യൽമീഡിയ ആഘോഷിച്ച വിവാഹം കൂടിയായിരുന്നു ഇരുവരുടേയും. അതുപോലെ പ്രായം, രൂപം എന്നിവയുടെ പേരിൽ എല്ലാം വലിയ വിമർശനങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു.

അടുത്തിടെയായി ക്രിസും ദിവ്യയും വേർപിരിയാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനെതിരെ ഇരുവരും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കമന്റ് ബോക്സിൽ വന്ന് തന്റെ കുടുംബത്തെ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവർക്കുമുള്ള മറുപടി പോസ്റ്റായി എഴുതി പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ശ്രീധർ.
ഒപ്പം ഒരു വീഡിയോയും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. മക്കൾക്കൊപ്പമുള്ള തന്റെ ഫോട്ടോകൾക്ക് അരികിൽ നിന്ന് മന്ദാരചെപ്പുണ്ടോയെന്ന ഗാനം ആലപിക്കുന്ന ദിവ്യയാണ് വീഡിയോയിലുള്ളത്. തങ്ങളെ കുത്തിനോവിച്ച് പലരും സുഖം കണ്ടെത്തുന്നുവെന്ന് പോസ്റ്റിൽ ദിവ്യ കുറിച്ചു. മുന്നേ എടുത്ത ഫോട്ടോസാണ്. അതാണ് ഏട്ടനെ കാണാത്തത്. ഇനി ഇതിന്റെ പേരിൽ ആരും ഡിവോഴ്സ് ആക്കരുത്.
ഞങ്ങൾക്ക് പിരിയാൻ താൽപര്യം ഇല്ല. പറഞ്ഞ് പരത്താൻ എല്ലാർക്കും പറ്റും. മറ്റുള്ളവരുടെ വേദന ആർക്കും അറിയണ്ട. കുത്തിനോവിച്ചിട്ട് അതിൽ സുഖം കണ്ടെത്തുന്നവരാണ് പലരും. തുനിഞ്ഞിട്ടിറങ്ങിയവരോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല. അവർ അനുഭവിക്കാൻ സമയം അടുത്തുകൊണ്ടിരിക്കുന്നു. അനുഭവിക്കുമ്പോൾ പഠിച്ചോളും.
താൽപര്യം ഇല്ലാത്തവർ കാണേണ്ട, കമന്റ് ഇടരുത് എന്ന് പറഞ്ഞാലും വിളിക്കാത്ത കല്യാണത്തിന് വരുംപോലെ എന്തോ നേർച്ച ഉള്ളപോലെ കമന്റ് രോഗികൾ വന്നോളും. ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് ഞങ്ങളെ ഒരുപാട് പേര് അറിയുന്നതും ലക്ഷക്കണക്കിന് ആളുടെകളുടെ സ്നേഹം ഞങ്ങൾക്ക് കിട്ടിയതും. ഞങ്ങൾ ഒത്തിരി ഹാപ്പിയാണ് അതിൽ. ഇത്രേം ആൾക്കാർ ഞങ്ങളെ സ്‌നേഹിക്കുമ്പോൾ അതിൽ മൂന്നോ നാലോ കമന്റ് മാനസികരോഗികൾ.

ആ രോഗികളുടെയൊക്കെ ലിസ്റ്റ്, സ്ക്രീൻ ഷോട്ട് കയ്യിലുണ്ട്. നിങ്ങളുടെ മരുന്ന് എത്രയും പെട്ടെന്ന് എത്തിച്ച് തരുന്നതാണ്. ഞങ്ങളെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി... സ്നേഹം എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദിവ്യയുടേയും ക്രിസിന്റെയും വിവാഹം. ദിവ്യയുടെ മക്കളെ സ്വന്തം കുഞ്ഞുങ്ങൾ എന്നപോലെയാണ് ക്രിസ് സ്നേഹിക്കുന്നത്. പത്തരമാറ്റ് എന്ന സീരിയലിൽ ദിവ്യയും ക്രിസ്സും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
മക്കൾ തന്നെയാണ് ക്രിസ്സുമായുള്ള ദിവ്യയുടെ വിവാഹത്തിന് മുന്നിൽ നിന്നത്. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ട് പോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications