'ആദ്യ ചിത്രത്തില്‍ ഒരു പാട്ട് ഒരുമിച്ച് ഉണ്ടായിരുന്നു'; കലാഭവന്‍ മണിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദിവ്യ ഉണ്ണി!
നാടൻ പാട്ടുകളും നർമവുമായി മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട് ഏഴ് വർഷം പിന്നിടുന്നു. മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവെച്ച് പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരേയും മണി ഹൃദയത്തോട് ചേർത്തുവെച്ചിരുന്നു.
ദാരിദ്ര്യത്തിന്റെ ദിനങ്ങളിൽ നിന്ന് ആരാധക മനസിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്ന് കയറിയത്. തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകൾ ചെയ്തു കലാഭവൻ മണി. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകർന്നാട്ടങ്ങൾ നടത്തി.
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിൻ കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് എത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

പിന്നീട് നായക വേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ഇന്നും കലാഭവൻ മണി മലയാള സിനിമയിൽ വരുത്തിയ വിടവ് നികത്താൻ ഒരു നടനും സാധിച്ചിട്ടില്ല.
ഇപ്പോഴിതാ തൊണ്ണൂറുകളിൽ മലയാളത്തിൽ നായികയായി തിളങ്ങിയിരുന്ന നടി ദിവ്യ ഉണ്ണി കലാഭവൻ മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിയെ കുറിച്ച് ദിവ്യ ഉണ്ണി സംസാരിച്ചത്. വിവാഹിതയായതോടെ അഭിനയത്തിൽ നിന്നും വിട്ട് കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു ദിവ്യ ഉണ്ണി.
എന്നാൽ ഇപ്പോഴും നൃത്തത്തിൽ സജീവമാണ് താരം. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ പത്താം ക്ലാസിലായിരുന്നു. യൂണിറ്റ് ടെസ്റ്റൊക്കെ നടക്കുന്ന സമയം തന്നെയായിരുന്നു ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കാരണം സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിയ്ക്കുമായിരുന്നു.
രാവിലെ പോയി പരീക്ഷ എഴുതിയിട്ട് എല്ലാമാണ് സെറ്റില്‍ എത്തുന്നത്. അന്ന് സിനിമയുടേയും അഭിനയത്തിന്റേയും ഡെ്പത് അറിഞ്ഞിട്ടൊന്നും ആയിരുന്നില്ല അഭിനയിച്ചത്. കൂടെ അഭിനയിച്ചിരുന്നവര്‍ അത്രയും വലിയ ലെജന്റ്‌സ് ആയിരുന്നു. അവര് തരുന്ന ആക്ഷന് റിയാക്ഷന്‍ ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്.

അത് വലിയൊരു പാഠം തന്നെയായിരുന്നു ദിവ്യ ഉണ്ണി പറഞ്ഞു. കല്യാണ സൗഗന്ധികത്തിൽ ദിവ്യ ഉണ്ണിയുടെ മുറച്ചെറുക്കനായിരുന്നു കലാഭവൻ മണി. സിനിമയില്‍ മികച്ച ഒരു റോള്‍ ചെയ്ത നടനായിരുന്നല്ലോ മണിച്ചേട്ടന്‍.... അദ്ദേഹത്തിനൊപ്പമുള്ള അനുഭവം എങ്ങിനെയായിരുന്നുവെന്ന് ആങ്കര്‍ ചോദിച്ചപ്പോള്‍ ദിവ്യ ഉണ്ണി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു....
ഭയങ്കര എന്റര്‍ടൈനിങ് ആയിരുന്നു പുള്ളി. ഒരുപാട് നല്ല മെമ്മറീസ് അദ്ദേഹത്തിനൊപ്പമുണ്ട്. ഒരു പാട്ട് രംഗം ഉണ്ടായിരുന്നു. ഒരുപാട് കോമഡി രംഗങ്ങള്‍ ഉണ്ടായിരുന്നു. മണിച്ചേട്ടന്‍ മാത്രമല്ല ജഗതി അങ്കിള്‍, ഇന്നസെന്റേട്ടനുണ്ട് ലളിതചേച്ചിയുണ്ട് ജഗതീഷേട്ടന്‍ രാജു അങ്കിള്‍ അങ്ങനെ ഭയങ്കര വലിയ സ്റ്റാര്‍ കാസ്റ്റ് ആയിരുന്നു. ഒരു കല്യാണ വീട് പോലെയായിരുന്നു സെറ്റ്.
ഒരു പുതുമുഖ നടിയാണ് എന്ന സ്ട്രസ്സ് ഒന്നും എനിക്ക് ആരും തന്നിട്ടില്ല. ദിലീപേട്ടന്‍ എല്ലാം വളരെ നന്നായി സഹായിച്ചിട്ടുണ്ട് ദിവ്യ ഉണ്ണി പറഞ്ഞു. അഭിനയവും നൃത്തവും ഒരുപോലെയാണ് ദിവ്യ ഉണ്ണിയ്ക്ക്. മൂന്ന് വയസ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട് താരം. സിനിമയിലുണ്ടായിരുന്നപ്പോഴും ഡാന്‍സ് പ്രോഗ്രാമിന് പോകുമായിരുന്നു താരം. ഇപ്പോള്‍ മുഴുവന്‍ സമയ നര്‍ത്തകിയാണ്. ആളുകളിന്നും നെഞ്ചിലേറ്റുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷമെന്ന് ദിവ്യ ഉണ്ണി പറയാറുണ്ട്.


Click it and Unblock the Notifications