അയാളെ പോലൊരു ക്രിക്കറ്ററെ ഭര്‍ത്താവായി വേണമെന്ന് പറഞ്ഞു! അഭിമുഖം കണ്ട് ആള് തന്നെ വിളിച്ചു, പിന്നെ ഭര്‍ത്താവായി
ചെറുതും വലുതുമായി ഒത്തിരി കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ച പ്രിയങ്കരിയായി മാറിയ നടിയാണ് ശിവാനി ഭായ്. അണ്ണന്‍ തമ്പി ചൈന ടൗണ്‍ തുടങ്ങി നിരവധി സിനിമകളിലും വെളുത്ത കത്തറീന, വിക്രമാദിത്യന്‍ തുടങ്ങിയ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തില്‍ തിളങ്ങി നിന്ന കാലത്ത് വിവാഹിതയാവുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്ത ശിവാനി ബ്രേക്ക് എടുത്തെങ്കിലും വീണ്ടും അഭിനയത്തില്‍ സജീവമായി. സന്തോഷകരമായ ജീവിതം മുന്നോട്ട് പോയെങ്കിലും തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന അസുഖം നിരാശയിലേക്ക് എത്തിച്ചു.

ഇതിനിടയില്‍ പഠിക്കണമെന്ന് തോന്നല്‍ ഉണ്ടായി. അങ്ങനെ പഠനത്തിലൂടെ അസുഖത്തെ മറികടന്നത് എങ്ങനെയാണെന്നും ക്രിക്കറ്ററായ ഭര്‍ത്താവ് പ്രശാന്തിനെ കണ്ടെത്തിയ കഥയും പറയുകയാണ് നടിയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവാനി ഭായ്.
'2022ല്‍ തന്റെ ജീവിതത്തില്‍ ക്ഷണിക്കാതെ വന്ന അതിഥിയാണ് കാന്‍സര്‍ എന്നാണ് ശിവാനി പറയുന്നത്. അന്ന് കേരളത്തില്‍ സാനിറ്റൈസറിന്റെ മണമാണ്. നാടാകെ കോവിഡ് പടര്‍ന്നു പിടിച്ചു. ആദ്യം കോവിഡ് വന്നവരൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നീട് കോവിഡ് വരാത്തവരായി ആരുമില്ലെന്ന് അവസ്ഥയെത്തി. എന്തുകൊണ്ടോ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് പറഞ്ഞു അന്ന് സുഹൃത്തുക്കളൊക്കെ എന്നെ കളിയാക്കി.
പക്ഷേ വലിയ വില്ലന്റെ വരവിന് മുന്‍പുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാന്‍ കൂടി പങ്കാളിയായ 'വര്‍ക്ക് ഫ്രം ഹോം' എന്ന സിനിമയുടെ എഡിറ്റിംഗ് നടക്കുന്ന സമയത്താണ് ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. ചില അസ്വസ്ഥതകള്‍ കൊണ്ട് ആശുപത്രിയില്‍ എത്തി. ബയോപ്‌സി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അത് കേട്ട് ഞാന്‍ തകര്‍ന്നു പോയി. ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ക്യാന്‍സര്‍ മൂന്നാംഘട്ടത്തില്‍ എത്തി. പിന്നെ ചികിത്സയുടെ നാളുകള്‍.
8 കീമോയും 21 റേഡിയേഷനും ചെയ്തു. അന്നാണ് ഭര്‍ത്താവായ പ്രശാന്തിന്റെ യഥാര്‍ത്ഥ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞത്. രാവും പകലും ഒക്കെ പ്രശാന്ത് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. പ്രശാന്തുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും ശിവാനി അഭിമുഖത്തില്‍ പറഞ്ഞു.
'ജീവിതത്തില്‍ ചിലതൊക്കെ ആഗ്രഹിക്കുന്നതുപോലെ തേടി വരുമെന്ന് പറയാറില്ലേ, അങ്ങനെയാണ് പ്രശാന്ത് പരമേശ്വരന്‍ എന്ന ക്രിക്കറ്റര്‍ എന്റെ ജീവിതത്തിലേക്ക് വരുന്നത്. എനിക്ക് സിനിമയില്‍ അത്യാവശ്യം തിരക്കുള്ള സമയമാണ്. അന്ന് പ്രശാന്ത് ഐപിഎല്‍ ക്രിക്കറ്റര്‍ ആയിരുന്നു. ഒരു അഭിമുഖത്തില്‍ എന്നോട് വിവാഹ സങ്കല്‍പത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചു. എങ്ങനെയുള്ള ആള്‍ ആയിരിക്കണം ഭാവി വരന്‍ എന്നായിരുന്നു ചോദ്യം.

ക്രിക്കറ്റര്‍ പ്രശാന്ത് പരമേശ്വരനെ പോലെ ഉയരമുള്ള ഒരാളെയാണ് എനിക്കിഷ്ടമെന്ന് ഒട്ടും ആലോചിക്കാതെയാണ് ഞാന്‍ മറുപടിയായി പറഞ്ഞത്. അഭിമുഖം കഴിഞ്ഞ് വീട്ടിലെത്തി വീണ്ടും സിനിമയുടെ തിരക്കുകളിലേക്ക് കടന്നു. പിന്നീട് എനിക്കൊരു ഫോണ്‍ കോള്‍ വന്നു, എടുത്തപ്പോള്‍ പ്രശാന്ത് പരമേശ്വരന്‍ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. പിന്നെയും ഫോണ്‍ വിളികള്‍ തുടര്‍ന്നു. പ്രണയം വിവാഹത്തില്‍ എത്തി.
2011ല്‍ വിവാഹം കഴിഞ്ഞതോടെ ഞങ്ങള്‍ ചെന്നൈയില്‍ സ്ഥിരതാമസമാക്കി. മകന്‍ ജനിച്ചതിനുശേഷം നാലുവര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. അതിനുശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി.
ആശുപത്രിക്കാലം എന്നെ സംബന്ധിച്ച് നിരാശയുടെ ദിനങ്ങളായിരുന്നു എന്നാണ് ശിവാനി പറയുന്നത്. അതില്‍നിന്ന് എങ്ങനെ പുറത്തു കടക്കണം എന്നൊന്നും അറിയാത്ത അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് പഠിക്കണമെന്ന തോന്നലുണ്ടായതെന്നും' നടി പറഞ്ഞു.


Click it and Unblock the Notifications











