അമ്മ അച്ഛനെ വിളിക്കുന്നത് ലാലേട്ടനെന്നാണ്! മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് നടി ദുര്‍ഗ കൃഷ്ണ
പൃഥ്വിരാജ് നായകനായി അഭിനയിച്ച വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ. ആദ്യ ചിത്രത്തില്‍ തന്നെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദുര്‍ഗ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്. മാഹന്‍ലാലിന്റെ കടുത്ത ആരാധിക കൂടിയാണ് ദുര്‍ഗ.
നേരത്തെ താരരാജാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടനെ ആദ്യം കണ്ട ദിവസത്തെ ഓര്‍മ്മകള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.

എട്ടാം വയസിലാണ് ഗുരു ഇല്ലാതെയായിരുന്നു ദുര്‍ഗ ഭരതനാട്യം പഠിച്ച് തുടങ്ങിയത്. കസിന്‍സിനെ പഠിപ്പിക്കാനെത്തുന്ന ടീച്ചര്‍മാര്‍ പറഞ്ഞ് കൊടുക്കുന്നത് കണ്ടു പഠിച്ചു. പാട്ടും സ്വന്തമായി പഠിച്ച് തുടങ്ങി. പിന്നെയാണ് വീട്ടിലേക്ക് ഗുരുവിനെ വരുത്തി ഇതെല്ലാം പഠിച്ച് തുടങ്ങിയത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊന്നും മത്സരത്തിനൊന്നും പോയിരുന്നില്ല. അമ്പലങ്ങളില്‍ ഭരതനാട്യം അവതരിപ്പിച്ചു. പലയിടത്തും ഒപ്പനകളില്‍ സ്ഥിരമായി മണവാട്ടിയായി നിന്നു.

പിന്നീട് കണ്ണൂരില്‍ പോയി ഭരതനാട്യത്തില്‍ ബിരുദമെടുക്കാന്‍ തീരുമാനിച്ചു. ദുര്‍ഗ ഇങ്ങനെയൊരു വഴിക്ക് പോകുമെന്നാരും കരുതിയില്ല. അറിയപ്പെടുന്നൊരു നര്‍ത്തകിയാകുക എന്ന സ്വപ്‌നം പതുക്കേ വിരിയുകയായിരുന്നു. അതിനിടയിലാണ് കാലിലെ മസില്‍ വലിഞ്ഞ് മുറുകി വേദന തുടങ്ങിയത്. പിന്നീട് ഒരു വര്‍ഷത്തോളം വേദികളില്‍ എത്തിയിരുന്നില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന ദിവസങ്ങള്‍. തിരിച്ച് വരാനാകുമോ എന്ന ആശങ്കയായിരുന്നു എല്ലാ ദിവസവും. അതിനിടയില്‍ ഒരു ബ്യൂട്ടി ഷോ യ്ക്ക് കാറ്റ് വാക്കിന് വിളിച്ചു. പുറത്ത് ഇറങ്ങാന്‍ കിട്ടിയ വലിയൊരു അവസരമായിരുന്നു.

അവിടെ നിന്നും എടുത്ത ചില ഫോട്ടോകള്‍ പരിചയം പോലുമില്ലാത്ത സിനിമാ പ്രവര്‍ത്തകനായ സ്റ്റാലിന്റെ കൈയിലുണ്ടായിരുന്നു. വിമാനം എന്ന സിനിമയ്ക്ക് വേണ്ടി നായികയെ തേടുന്ന സമയത്ത് സ്റ്റാലിന്‍ ആ പടങ്ങള്‍ അയച്ച് കൊടുത്തു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്. വീട്ടിലെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അച്ഛനും അമ്മയും സമ്മതം മൂളി. പിന്നീടാണ് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ആണെന്ന് അറിയുന്നത്.

മോഹന്‍ലാലിനെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്‌നം. പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ അമ്മ ഷോ യിലേക്ക് ഡാന്‍സിന് ക്ഷണിച്ചു. പരിശീലനം നടത്തുന്നതിനിടയില്‍ മോഹന്‍ലാല്‍ ഹാളിലേക്ക് വന്നു. ഷോക്കടിച്ചത് പോലെ നിന്ന എന്നെ കൂടെയുള്ളവരായിരുന്നു തട്ടി വിളിച്ചത്. കൂടെ നിന്ന് പടമെടുക്കാന്‍ പോലുമായില്ല. കണ്ണില്‍ വെള്ളം നിറഞ്ഞാണ് പരിശീലനം തുടര്‍ന്നത്. ഇതിനിടെ ആരോ സ്‌കിറ്റില്‍ പങ്കെടുക്കാന്‍ എന്നെ കൂട്ടി പോയി. പെട്ടെന്ന് ഹാള്‍ നിശബ്ദമായി. സ്‌കിറ്റിലെ നായകന്‍ കടന്ന് വന്നപ്പോള്‍ ഞെട്ടി.

നായകന്‍ മോഹന്‍ലാലാണ്. ഓരോരുത്തരെയായി പരിചയപ്പെട്ട് എന്റെ അടുത്തെത്തി. ഞാന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞ് തൊഴുതപ്പോള്‍ മുന്നിലുള്ളതൊന്നും കാണാന്‍ കഴിയുന്നില്ലായിരുന്നു. പിന്നെ പൊട്ടിക്കരഞ്ഞു. കാത്ത് കാത്തിരുന്ന മനുഷ്യന്‍ സ്വയം പരിചയപ്പെടുത്തി മുന്നില്‍ നില്‍ക്കുന്നു. ലാലേട്ടനെ കണ്ട് കരഞ്ഞ് ബോധം നഷ്ടമായ അവസ്ഥയിലെത്തിയതില്‍ എനിക്കൊരു നാണവും തോന്നിയില്ല. എന്റെ ഡ്രീമാണ് മുന്നില്‍ നിന്നത്.

അതും ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഡ്രീം. അപ്പോള്‍ ആരായാലും കരഞ്ഞ് പോകും. ലാല്‍ സാറിനെ അത്രയധികം ആരാധിച്ചിരുന്നു. എന്റെ അച്ഛനെ അമ്മ വിളിക്കുന്നതും ലാലേട്ടന്‍ എന്നാണ്. ഞാനും പലപ്പോഴും ലാലേട്ടാന്ന് വിളിക്കാറുണ്ട്. അത് സത്യത്തില്‍ മോഹന്‍ലാല്‍ സാറിനോടുള്ള ആരാധന കൊണ്ടായിരുന്നു. ഇപ്പോള്‍ ശരിക്കുമുള്ള മോഹന്‍ലാലിനെ ലാലേട്ടനെന്ന് വിളിക്കാനുള്ള അവസരം ദൈവമെനിക്ക് സമ്മാനിച്ചിരിക്കുന്നു. എന്നും ദുര്‍ഗ പറയുന്നു.


Click it and Unblock the Notifications