സ്വയം പ്രദർശന വസ്തുവാകരുത്, സ്ത്രീ തെറ്റ് ചെയ്താലും അത് തെറ്റ്, അവരുടെ മുന്നോട്ടുള്ള യാത്ര എളുപ്പമാകില്ല; ഫറ
ഒരിടയ്ക്ക് വലിയ രീതിയിൽ ചർച്ച വിഷയമായ ഒന്നായിരുന്നു ഉദ്ഘാടന വേദികളിൽ എത്തുമ്പോഴുള്ള ഹണി റോസിന്റെ വസ്ത്രധാരണം. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഹണിയെ നടി ഫറ ഷിബിലയും വിമർശിച്ചിരുന്നു. ഹണി റോസിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നാണ് അന്ന് ഫറ കുറിച്ചത്. എന്നാൽ ബോഡി പോസിറ്റിവിറ്റി എന്ന ആശയം പ്രചരിപ്പിക്കാൻ വേണ്ടി സ്വിം സ്യൂട്ടിൽ ഫോട്ടോഷൂട്ട് ചെയ്ത ഷിബിലയുടെ പഴയ ചിത്രങ്ങൾ കുത്തിപ്പൊക്കി കൊണ്ടുവന്നാണ് അന്ന് ഒരു വിഭാഗം ഷിബിലയ്ക്കെതിരെ പ്രതിഷേധിച്ചത്.
ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അന്ന് താൻ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് എന്താണെന്ന് വ്യക്തമാക്കുകയാണ് നടി. ഉപ്പയും ഉമ്മയുമൊക്കെ പറയാറുണ്ട്... ഇത്തിരി വിപ്ലവവും സ്വാതന്ത്ര്യ ബോധവും എന്നിൽ പണ്ട് മുതലെ കാണാറുണ്ടെന്ന്. എന്റെ ലൈഫിലെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും മറ്റാരെകൊണ്ടും ഞാൻ എടുപ്പിക്കാറില്ല. ഞാൻ തന്നെയാണ് എടുക്കാറ്. ആ സമയത്ത് ഞാൻ കുറച്ച് റിബലുമാണ്.

പക്ഷെ ഇപ്പോൾ ഞാൻ കുറച്ച് കാം ആണ്. അതുപോലെ ബോഡി ഷെയ്മിങ്ങിന് എതിരെ എന്ന രീതിയിലാണ് ഞാൻ ബോഡി പോസിറ്റിവിറ്റി ഫോട്ടോഷൂട്ട് ചെയ്തത്. പണ്ട് ഞാനും ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ട്. പക്ഷെ അന്ന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. മുറിവേൽപ്പിക്കുന്ന കമന്റായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് അത് കേട്ട് നിൽക്കുമായിരുന്നു. ശരീരത്തിലെ പല കാര്യങ്ങളും നമ്മുടെ കൺട്രോളിൽ ഉള്ളതുപോലുമല്ല.
അതുകൊണ്ട് തന്നെ അത്തരം കമന്റുകൾ വേദനിപ്പിക്കും. കണ്ണാടിയിൽ നമുക്ക് തന്നെ നമ്മുടെ മുഖം കാണാൻ താൽപര്യമില്ലാതെ വരും. അത് ശരിയായ ഒന്നല്ലെന്ന് മനസിലായപ്പോഴാണ് ബോഡി പോസിറ്റിവിറ്റി എന്ന ആശയത്തിലേക്ക് ഞാൻ എത്തിയത്. ഇന്നത്തെ കാലത്ത് എല്ലാ കാര്യത്തിലും എല്ലാവർക്കും അഭിപ്രായമുണ്ട്. അങ്ങനൊരാൾ തന്നെയാണ് ഞാനും.
എന്നിരുന്നാലും എല്ലാവർക്കും അഭിപ്രായമുണ്ട്. അതുകൊണ്ട് പലതിലും അഭിപ്രായം പറയേണ്ടെന്ന് ഞാൻ വിചാരിക്കാറുണ്ട്. അതുകൊണ്ട് കൂടുതൽ അഭിപ്രായങ്ങൾ പറയാതിരിക്കാനാണ് ശ്രദ്ധിക്കാറ്. അപ്പോഴും ചില കാര്യങ്ങൾ വളരെ തെറ്റായി തോന്നും. ഹണി റോസിന്റെ വിഷയം എടുക്കുകയാണെങ്കിൽ അവർ ചിലപ്പോൾ ലൈഫിൽ സ്ട്രഗിളിങ് ആയിരിക്കും ഒരുപാട് കാര്യങ്ങളിലൂടെ കടന്ന് പോകുന്നുണ്ടാകും അതിൽ എല്ലാം എനിക്ക് അവരോട് സഹാനുഭൂതിയുണ്ട്.
പക്ഷെ എല്ലാവരും സ്ട്രഗിളിങ്ങാണ്. ആ സമയത്ത് നമ്മൾ എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നത് പിറകെ വരുന്ന മറ്റുള്ളവർക്ക് ഉദാഹരണമാണ്. സ്ട്രഗിളിനെ നെഗറ്റീവായും പോസിറ്റീവായും ടാക്കിൾ ചെയ്യുന്നവരുണ്ട്. ഹണി റോസ് വിഷയത്തിൽ പ്രതികരിക്കും മുമ്പ് ഈ വിഷയത്തിൽ ഒരു വർഷം മുമ്പ് ഞാൻ സംസാരിച്ചിട്ടുണ്ട്.

ഉദ്ഘാടനങ്ങളിൽ ഇത്ര വിചിത്രമായ ട്രെന്റ് വരുന്നത് ഇപ്പോഴാണ്. മോറൽ സൈഡ് അല്ല ഞാൻ പറയുന്നത്. നമ്മുടെ സംസ്കാരം എന്നതിനെ കുറിച്ചൊന്നുമല്ല ഞാൻ സംസാരിക്കുന്നത്. സ്വയം ഒരു പ്രദർശന വസ്തുവാകുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല പണ്ടൊന്നും ഉദ്ഘാടനങ്ങൾക്ക് ആളുകളെ ക്ഷണിച്ചിരുന്നത്. മുമ്പ് കലാകാരന്മാരെ വളരെ ബഹുമാനത്തോടെ വിളിച്ച് ചെയ്യിപ്പിക്കുന്ന പരിപാടിയായിരുന്നു.
ഹണി റോസിന്റെ വിഷയം വന്നപ്പോൾ ഞാൻ പറയാൻ ശ്രമിച്ചത് സെൽഫ് ഒബ്ജക്ടിഫിക്കേഷൻ എന്ന് പറയുന്നത് ഒരു സ്ത്രീയെ കാണുമ്പോൾ ഒരു പുരുഷൻ നോക്കുന്നത് എത്ര മോശമാണോ അത്ര തന്നെ മോശമായ കാര്യമാണ് നമ്മുടെ ശരീരത്തെ നമ്മൾ തന്നെ പ്രദർശന വസ്തു ആക്കുന്നു എന്നത് എന്നാണ്. കഥപാത്രത്തിനോ ഒരു കോൺസപ്റ്റിന്റെ ഭാഗമായോ എക്സ്പോസ് ചെയ്യുന്നതിനെ കുറിച്ചല്ല ഞാൻ പറയുന്നത്. ന്യൂഡ് ഫോട്ടോഷൂട്ട് ചെയ്യുന്ന സ്ത്രീകളുണ്ട്. അവർ അത് ചെയ്യുന്നത് എന്തെങ്കിലും കാരണം ഉള്ളതുകൊണ്ടാകും. ബ്രെസ്റ്റ് ഫീഡിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡ് ഫോട്ടോഷൂട്ട് ചെയ്യുന്നവരുണ്ട്.
ഇതൊന്നും അല്ലാതെ അവനവനെ സെൽഫ് ഒബ്ജക്ടിഫൈ ചെയ്ത് കാണിക്കുന്നത് നമ്മുടെ ശരീരത്തിൽ അതിന് അനുസരിച്ച് മാറ്റം വരുത്തുന്നതും ശരിയായി തോന്നിയിട്ടില്ല. സ്ത്രീ തെറ്റ് ചെയ്താലും അത് തെറ്റ് തന്നെയാണ്. ഹണി റോസ് കഴിഞ്ഞാൽ അതുപോലെ പോയി ഉദ്ഘാടനങ്ങൾ ചെയ്യുന്ന വേറെയും അഞ്ച് പേരെ പറയാൻ പറ്റും. അതൊരു ട്രെന്റായി. അവരുടെ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമാകില്ലെന്നതിൽ എനിക്ക് ഉത്കണ്ഠയുണ്ടെന്നും ഫറ ഷിബില പറഞ്ഞു.


Click it and Unblock the Notifications











