'പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങൾ എന്നിവയിൽ നിന്നും മാറി സീരിയലുകളുടെ കണ്ടന്റ് മെച്ചപ്പെടണം'; ഗൗതമി
സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് ഗൗതമി നായർ. സെക്കന്റ് ഷോയ്ക്ക് ശേഷം ഡയമണ്ട് നെക്ലേസ് അടക്കം നിരവധി കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായിരുന്നു ഗൗതമി നായർ.
സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഒന്നും തന്നെ പുറത്ത് പറഞ്ഞ് നടക്കാനോ തന്റെ ആരാധകരെ അറിയിക്കാനോ ഗൗതമി താൽപര്യപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഗൗതമി വിവാഹമോചതിയായ കാര്യം ആരാധകർ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്.
സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥിനെയായിരുന്നു ഗൗതമി വിവാഹം ചെയ്തത്. 2017 ലായിരുന്നു ഇരുവരുടേയും വിവാഹം. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനമെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി പറഞ്ഞിരുന്നു.
സംഭവം വലിയ ചർച്ചയാകുകയും പലരും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങൾ നിത്യസംഭവമാണെന്ന് പരിഹസിക്കുകയും ചെയ്തപ്പോൾ എല്ലാവർക്കും കൃത്യമായ മറുപടിയും ഗൗതമി നൽകിയിരുന്നു.

ഇപ്പോഴിത മലയാളം ടിവി സീരിയലുകൾക്കും സെൻസറിങ് വേണമെന്നും കണ്ടന്റുകളുടെ നിലവാരം മെച്ചപ്പെടണമെന്നും പറയുകയാണ് ഗൗതമി നായർ.
പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങൾ എന്നിവയിൽ നിന്നും മാറി നല്ല കണ്ടന്റുകൾ സീരിയലാക്കാൻ അണിയറപ്രവർത്തകർ തയ്യാറാകണമെന്നും ഇത്തരം സീരിയലുകൾ കുട്ടികളെ സ്വാധീനിക്കുമെന്നും ഗൗതമി ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച് പറഞ്ഞു.

'ഞാൻ വളരെ ഹൈപ്പർ ആക്ടീവാണ്. അതുകൊണ്ട് തന്നെ മെഡിറ്റേഷനൊന്നും ചില സമയത്ത് ശരിയാവാറില്ല. എന്നെ സംബന്ധിച്ച് എന്നെ കാംഡൗൺ ചെയ്യാൻ പെട്ടന്ന് സാധിക്കുന്നത് സിനിമയ്ക്കും മ്യൂസിക്കിനുമാണ്. 2021ൽ പാനിക്ക് അറ്റാക്ക് വരുന്ന അവസ്ഥയിലെത്തിയിരുന്നു.'
'ആ സമയത്ത് ഞാൻ എന്റെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചതോടെ ഞാൻ അതിൽ നിന്നും പതിയെ മുക്തയായി. കൊവിഡ് സമയത്ത് എനിക്ക് സ്ട്രെസ് ഉണ്ടായിരുന്നില്ല. ആ സമയത്ത് എനിക്ക് ജോലിയുണ്ട്.'

'എന്റെ വയറ് അപ്സെറ്റാകുമ്പോൾ എനിക്ക് മനസിലാകും എനിക്ക് ആങ്സൈറ്റി പ്രശ്നങ്ങൾ ആരംഭിച്ചുവെന്ന്. എനിക്ക് എന്നോട് എപ്പോഴും സത്യസന്ധതയോടെ ഇരിക്കണമെന്ന നിർബന്ധമുണ്ട്. ആരും പെർഫക്ടല്ല. മെന്റൽ ഡിസോഡറുകൾ എല്ലാം ഒരിക്കലും ഭ്രാന്ത് അല്ല.'
'വയറിനും കിഡ്നിക്കും എല്ലാം പ്രശ്നം വരുമ്പോൾ ഡോക്ടറെ കാണുന്നപോലെ തന്നെ വളരെ സിംപിളാണ് മനസിന് പ്രശ്നം വരുമ്പോൾ ഡോക്ടറെ കാണുന്നതും. അത് അങ്ങനെ എടുത്താൻ മതി.'

'മാത്രമല്ല ചില ടിവി സീരിയലുകളും ആളുകളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. സിനിമകൾക്ക് സെൻസർ ബോർഡുണ്ട്. പക്ഷെ അത് ടിവി സീരിയലുകൾക്ക് ഇല്ല.'
'ഒട്ടനവധി വിഷയങ്ങൾ സമൂഹത്തിലുണ്ട് എന്നിട്ടും എന്തിനാണ് ടിവി സീരിയലുകൾ എപ്പോഴും പെണ്ണിന്റെ നിറം, വിവാഹശേഷമുള്ള ബന്ധങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനപ്പെടുത്തി ചിത്രീകരിക്കുന്നത്. ഇതെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ടോക്സിക്കാണ്. ഞാനും ഇന്റർനാഷണൽ ടിവി സീരിയലുകൾ കാണാറുണ്ട്.'

'പക്ഷെ ഇവിടുത്തെ സീരിയലുകളുടെ കണ്ടന്റ് കുറച്ച് കൂടി മെച്ചപെടേണ്ടതുണ്ട്. മുതിർന്നവർ കാണുമ്പോൾ കുട്ടികളും സീരിയലുകൾ കാണാനും അത് അവരെ സ്വാധീനിക്കാനും കാരണമാകും. ആദ്യത്തെ വിവാഹബന്ധം പിരിഞ്ഞതിൽ എനിക്കിപ്പോൾ സങ്കടമല്ല.'
'അദ്ദേഹത്തോട് ഒപ്പമുള്ള എന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. മറ്റാരെങ്കിലും വിചാരിച്ചാൽ നമ്മളെ എല്ലാത്തിൽ നിന്നും തടയാൻ പറ്റില്ല. അതിന് നമ്മൾ തന്നെ വിചാരിക്കണം' ഗൗതമി നായർ പറഞ്ഞു. ജൂഡ് ആന്റണിയുടെ 2018 ആണ് ഇനി റിലീസിനെത്താനുള്ള ഗൗതമിയുടെ സിനിമ.


Click it and Unblock the Notifications











