അഭിനയം എന്താണെന്ന് അറിയില്ല, കുറേ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്തു; തന്നെ സജസ്റ്റ് ചെയ്തത് എം.ടി
മലയാളിയല്ലെങ്കിലും മലയാളത്തനിമയോടെ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് ഗീത. പഞ്ചാഗ്നി ഉള്‍പ്പെടെ മലയാളികള്‍ ഇന്നും ഓര്‍ത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളാണ് നടി ചെയ്തത്. അഭിമന്യു, അമൃതം ഗമയ, വൈശാലി, ലാല്‍ സലാം, സുഖമോ ദേവി തുടങ്ങി നിരവധി സിനിമകള്‍ നടി ചെയ്തു.
സലാല മൊബൈല്‍സ്, മല്ലൂ സിംഗ്, സക്കറിയായുടെ ഗര്‍ഭിണികള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിലും ഗീത ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു. എന്നാല്‍ ഗീത ഒരു കാലത്ത് തമിഴിലും തെലുങ്കിലും സജാവമായിരുന്നെങ്കിലും ഗ്ലമാറസ് റോളുകളാണ് കൂടുതലും ചെയ്തിരുന്നത്.

എന്നാല്‍ അതില്‍ നിന്നും മാറി തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ വന്നതിന് ശേഷമാണെന്നും ഗീത പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരു അവാര്‍ഡ് പോലും ലഭിക്കാത്തതില്‍ ഇന്നും സങ്കടമുണ്ടെന്നും ഗീത പറയുന്ന വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
'എനിക്ക് അഭിനയിക്കാന്‍ കഴിയും എന്ന് കരുതിയിട്ടൊന്നുമല്ല സിനിമയില്‍ അഭിനയിക്കാനെത്തിയത്. ആദ്യമൊക്കെ കന്നട തെലുഗു തമിഴ് സിനിമകളിലാണ് അഭിനയിച്ചത്. അവിടെ ഞാന്‍ ചെയ്തതെല്ലാം ഗ്ലാമര്‍ റോളുകളായിരുന്നു. കുറേ മുമ്പ് ബാലചന്ദര്‍ സാറിന്റെ ഇരു കോഡുകള്‍ എന്ന സിനിമയുണ്ടായിരുന്നു. അതിലെ കന്നഡ പതിപ്പില്‍ നടി ജയന്തി ചെയ്ത റോള്‍ ഞാനാണ് ചെയ്തത്,' ഗീത പറയുന്നു.
അതൊരു കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയായി ചെയ്യണമായിരുന്നു. അത് എംടി സാര്‍ കണ്ടിട്ടാണ് പഞ്ചാഗ്നിയില്‍ ഗീതയെ കാസ്റ്റ് ചെയ്താല്‍ നന്നായിരിക്കും എന്ന് പറയുന്നത്. അങ്ങനെയാണ് ഹരിഹരന്‍ സാര്‍ വിളിക്കുന്നത്. അന്ന് ഭാഷ വലിയ പ്രശ്‌നമായിരുന്നു. അത് പറഞ്ഞപ്പോള്‍ എന്നെ ട്രെയിന്‍ ചെയ്യിക്കാമെന്നും എനിക്ക് എപ്പോള്‍ ഓക്കെയാണോ അപ്പോള്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പഞ്ചാഗ്നിയിലേക്ക് എത്തുന്നതെന്നും ഗീത പറഞ്ഞു.
ആ സിനിമ ചെയ്ത് അതിന്റെ ഫസ്റ്റ് കോപി കണ്ട സമയത്താണ് ഞാനും ഒരു നടിയാണ്. ഞാന്‍ ഇത്രയും നാള്‍ ഒരു സ്റ്റാര്‍ ആയിരുന്നു. ഇപ്പോഴാണ് ഒരു നടിയായത് എന്ന് തനിക്ക് തോന്നിയെന്നും ഗീത പറഞ്ഞു. അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് താന്‍ പഠിച്ചത് മലയാളത്തില്‍ വന്നപ്പോഴാണെന്നും ഗീത പറഞ്ഞു. ഇങ്ങനെ സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ച് പഠിച്ച് വരുന്നതിന് തന്നെ എനിക്ക് ഒരു ആറ് വര്‍ഷം എടുത്തു.
1997ലാണ് വിവാഹിതയാകുന്നത്. പക്ഷെ സിനിമ ചെയ്യില്ലാ എന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ നല്ല റോളാണെങ്കില്‍ ചെയ്യും എന്ന് തന്നെയാണ് പറഞ്ഞത്. ഭര്‍ത്താവും പറഞ്ഞത് തന്നെയാണ്. നിന്റെ പ്രൊഫഷനാണ്. നിനക്ക് ചെയ്യണം എന്ന് തോന്നുന്നുണ്ടെങ്കില്‍ ചെയ്യാം എന്ന് എന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും ഗീത പറഞ്ഞു.
പക്ഷെ ഡെലിവറി ടൈം ഒക്കെയായപ്പോള്‍ രണ്ട് വര്‍ഷത്തെ ബ്രേക്ക് എടുത്തു. അതൊക്കെ കഴിഞ്ഞാണ് ബാലചന്ദ്ര മേനോന്റെ മേലേ വാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രം ചെയ്തത്. മലയാളം അറിയാത്ത കാലത്ത് ഡയലോഗുകള്‍ എഴുതി വെച്ച് പഠിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ വേണ്ട. അത്യാവശ്യം ഫ്‌ളുവന്‍സിയുണ്ട്. മലയാളത്തില്‍ ഗീത നല്ല നടിയാണെന്ന് പറയുമെങ്കിലും ഒരു അവാര്‍ഡും ഇതുവരെ കിട്ടിയിട്ടില്ല. അത് തനിക്ക് വലിയ സങ്കടമുള്ള കാര്യമാണ്.

പഞ്ചാഗ്നി വന്നപ്പോള്‍ നിനക്കാണ് നാഷണല്‍ ആവാര്‍ഡും സ്‌റ്റേറ്റ് അവാര്‍ഡുമൊക്കെ ലഭിക്കാന്‍ പോകുന്നതെന്ന് പറഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. ഒരു മലയാളി എന്ന ചിന്ത പോലെ തന്നെ തനിക്ക് നല്ല കഥാപാത്രങ്ങള്‍ തരുന്നുണ്ട്. അത് തന്നെ വലിയ കാര്യമായാണ് കാണുന്നതെന്നും ഗീത പറഞ്ഞു. മലയാളത്തില്‍ തന്നെ ഇപ്പോഴും നല്ല നടിയായി തന്നെയാണ് തന്നെ കാണുന്നതെന്നും ഗീത പറയുന്നു.
ഏത് വേഷം കിട്ടിയാലും ചെയ്യും. അത് അമ്മ വേഷമായാലും ചെയ്യും. പക്ഷെ എന്ന് വിചാരിച്ച് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നും അമ്മ വേഷം ചെയ്യില്ല. അവരുടെ കൂടെ നായികയായി അഭിനയിച്ചിട്ട് അവരുടെ അമ്മയായി ചെയ്യാന്‍ പറ്റുമോ എന്ന് അറിയില്ലെന്നും ഗീത പറഞ്ഞു.


Click it and Unblock the Notifications











