ഷൂട്ടിങ്ങിൻ്റെ ദിവസവും സ്ഥലവും പറഞ്ഞ് ഉറപ്പിച്ചതാണ്, പക്ഷെ അയാളുടെ ഇടപെടൽ മൂലം ആ സിനിമയിലെ അവസരം നഷ്ടമായി: ഗീത
മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഗീതാ വിജയൻ. ഇൻ ഹരിഹർ നഗറിലൂടെ മായയായി എത്തിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ഗീത സിനിമയിൽ എത്തിയിട്ട് 32 വർഷങ്ങളായി. 85 ലേറെ മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹിന്ദി സിനിമകളിലും ഗീത അഭിനയിച്ചിട്ടുണ്ട്. ഇടക്ക് അഭിനയത്തിൽ നിന്ന് ഒരുടവേള എടുത്തെങ്കിലും നടി തിരിച്ച് വരവ് നടത്തി. ഇപ്പോഴും ചെറിയ വേഷങ്ങളിലാണ് ഗീതയെ കാണാൻ കഴിയുന്നത്.
അടുത്തിടെ താരം ശ്രീകണ്ഠൻ നായരുടെ ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ എത്തിയിരുന്നു. വേദിയിൽ വെച്ച് തൻ്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം അഭിനയ ജീവിതത്തിലുണ്ടായ ചില മോശം സംഭവങ്ങളെക്കുറിച്ചും പറഞ്ഞു. സിനിമയിലേക്കുള്ള കടന്ന് വരവ് വളരെ ആകസ്മികമായിരുന്നു. അതിനു വഴിയൊരുക്കിയത് പ്രശസ്ത നടി രേവതിയാണ്. നല്ല വിശേഷങ്ങൾ മാത്രമല്ല സിനിമയിൽ നിന്ന് കിട്ടിയിട്ടുള്ളത്.

ഗീതക്ക് അവസരം കിട്ടാതെ നാലഞ്ച് സിനിമ പൊട്ടിപ്പോയി എന്ന് കേൾക്കുന്നുണ്ടല്ലോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയവെയാണ് സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് താരം മറുപടി പറഞ്ഞത്. 'ഒരു ദിവസം സിനിമയുടെ സംവിധായകൻ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞ് ശരിയാക്കി ഷൂട്ടിങ്ങിൻ്റെ ദിവസവും ഒക്കെ പറഞ്ഞ് ഫോൺ വെച്ചു. ബാക്കിയുള്ള വിവരങ്ങൾ പ്രൊഡക്ഷൻ കൺട്രോളറാണ് അറിയിക്കുന്നത്'.
'ഇത്രയുമൊക്കെ നമ്മളെ വിളിച്ച് അറിയിക്കുമ്പോൾ നമുക്കും ഒരു കണക്ക് കൂട്ടൽ ഉണ്ടാകും. സാമ്പത്തികമായും അല്ലാതെയും. അങ്ങനെ പെട്ടൊന്നൊരു ദിവസം അത് ഇല്ലാതെ പോവുമ്പോൾ വലിയ വിഷമം ആണ്. അതും ഒരു കാരണവുമില്ലാതെ', ഗീത പറയുന്നു.

'നമ്മളെക്കാൾ മികച്ച ആളെയാണ് പകരക്കാരിയാക്കുന്നതെങ്കിൽ കുഴപ്പമില്ല, അതിൽ വിഷമം വരില്ല, പക്ഷെ നമ്മുക്ക് ഒപ്പം ഉള്ളവരെ ആ സ്ഥാനത്തേക്ക് കൊണ്ട് വരുമ്പോൾ വിഷമം തന്നെയാണ്. 2013 ൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. സംവിധായകൻ വിളിച്ച് ഷൂട്ടിങ് ദിവസവും സ്ഥലവും അറിയിച്ച് സപ്പോർട്ട് ചെയ്യണം എന്നൊക്കെ പറഞ്ഞ് വെച്ചിട്ട് പിന്നെ ഒരു വിവരവും കിട്ടിയിട്ടില്ല'.

'ഒരു പ്രൊഡക്ഷൻ കൺട്രോളറുടെ ഇടപെടൽ മൂലമാണ് എനിക്ക് കിട്ടിയ സിനിമയിൽ നിന്ന് നീക്കം ചെയ്തത്. പത്ത് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങും റെഡിയായി ഇരിക്കാൻ ഡയറക്ടറും കൺട്രോളറും അറിയിച്ചതാണ്'.
'എന്നാൽ സിനിമയിൽ നിന്ന് എന്നെ വിളിച്ച പ്രൊഡക്ഷൻ കൺട്രോളർ മാറി പുതിയ ആൾ വന്നതോടെ എൻ്റെ അവസരവും നഷ്ടമായി. ഷൂട്ടിങ് പറഞ്ഞ ദിവസം എത്തുന്നതിന് തലേദിവസം ഡയറക്ടറെ വിളിച്ചിട്ട് എടുക്കുന്നില്ല. പിറ്റേന്നും വിളിച്ചും അപ്പോൾ എന്റെ കോൾ കട്ട് ചെയ്തു. പിന്നീട് അയാളെ ഞാൻ വിളിച്ചിട്ടില്ല'.
Recommended Video

'എന്നാൽ ആ സിനിമക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അതേ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന ദിവസം സകുടുംബം ശ്യാമള എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒന്നും ആലോചിച്ചില്ല, അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. എന്നെ വേദനിപ്പിച്ചവരോട് ഒരു ദേഷ്യം ഉണ്ടായിരുന്നു'.
'അവർ എന്നോട് ചെയ്തതിന് അവർക്കും തിരിച്ചടി കിട്ടി. അവരുടെ സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് റിലീസായത്. അതും 2 ദിവസം മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു', ഗീത വ്യക്തമാക്കി.


Click it and Unblock the Notifications











