'ആ സിനിമ കാലത്തിനുമപ്പുറമുള്ള ചിത്രം, ഗീതു പറഞ്ഞതിനോട് യോജിക്കുന്നു..., ദീപ മോളും ലാലേട്ടനും കരയിച്ചു...'
മലയാളികള്‍ക്ക് മാത്രമല്ല സിനിമയെ ഗൗരവത്തോടെ സമീപിക്കുന്ന മറുഭാഷാ പ്രേക്ഷകരില്‍ പലര്‍ക്കും അറിയാവുന്ന പേരാണ് ഗീതു മോഹന്‍ദാസിന്‍റേത്. നിവിന്‍ പോളി നായകനാവുന്ന മൂത്തോന് മുമ്പ് അരങ്ങേറ്റ ചിത്രമായി ഗീതു സംവിധാനം ചെയ്തത് 2014ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം ലയേഴ്സ് ഡൈസ് ആയിരുന്നു. മികച്ച നടിക്കും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടിയിരുന്നു.
കേൾക്കുന്നുണ്ടോ എന്നൊരു ഹ്രസ്വ ചിത്രവും സിനിമ സംവിധാനം ചെയ്യും മുമ്പ് ഗീതു മോഹൻദാസ് സംവിധാനം ചെയ്തിട്ടുണ്ട്. മലയാളികൾക്ക് ഗീതു മോഹൻദാസ് സംവിധായിക മാത്രമല്ല അഭിനേത്രി കൂടിയാണ്. ബാലതാരമായി സിനിമയിലേക്ക് എത്തിയ ഗീതു വളർന്നശേഷം നായികയായും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. ശേഷമാണ് സംവിധാന രംഗത്തേക്ക് കടന്നത്.

ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ദീപ മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഗീതു മോഹൻദാസ് ബാലതാരമായി അരങ്ങേറിയത്. മലയാളികൾ ക്ലാസിക്ക് സിനിമകളുടെ പട്ടികയിലാണ് ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രഘുനാഥ് പാലേരിയുടെ സംവിധാനത്തിൽ മോഹൻലാൽ, ആശ ജയറാം എന്നിവരായിരുന്നു ഗീതു മോഹൻദാസിനെ കൂടാതെ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചത്.
1986ൽ റിലീസായ സിനിമയിൽ മോഹൻലാൽ ഗസ്റ്റ്റോളിൽ എത്തി അതിശയിപ്പിച്ചു. ഈ സിനിമ കണ്ട് തീർക്കുമ്പോൾ മനസിൽ ഒരു വിങ്ങലായി മോഹൻലാലിന്റെ കഥാപാത്രവും ഗീതുവിന്റെ ദീപ മോളും ഉണ്ടാവും. നാലര വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഒന്ന് മുതൽ പൂജ്യം വരെയിലെ ദീപ മോളായി ഗീതു മോഹൻദാസ് അഭിനയിച്ചത്.
വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഗീതു മോഹൻദാസ് ഒരിക്കൽ ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒന്ന് മുതൽ പൂജ്യം വരെ സിനിമയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കരിയറിൽ ഏറ്റവും നന്നായി അഭിനയിച്ച ആദ്യത്തേയും അവസാനത്തേയും ചിത്രം ഒന്ന് മുതൽ പൂജ്യം വരെയാണെന്നാണ് താരം പറയുന്നത്.
നാലര, അഞ്ച് വയസിൽ ഞാൻ ഒന്നു മുതൽ പൂജ്യം വരെ എന്നൊരു സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നടി എന്ന നിലയിൽ എന്നെക്കുറിച്ച് അഭിമാനം തോന്നിയ ആദ്യത്തെയും അവസാനത്തെയും സിനിമ അതായിരുന്നു. പക്ഷെ അത് എന്താണെന്ന് എനിക്കറിയില്ല. ഞാനിപ്പോഴും ആ സിനിമ ഇഷ്ടപ്പെടുന്നു. ഓരോ തവണ അത് ടിവിയിൽ വരുമ്പോഴും കാണുമ്പോഴും എനിക്ക് എപ്പോഴും തോന്നും ആ സിനിമ കാലത്തിനുമപ്പുറമുള്ള ചിത്രമാണെന്ന് എന്നാണ് ഗീതു മോഹൻദാസ് പറഞ്ഞത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആരാധകരും ഗീതുവിന്റെ വാക്കുകളെ ശരിവെച്ചു. ഗീതു പറഞ്ഞതിനോട് യോജിക്കുന്നുവെന്നും ദീപ മോളും ലാലേട്ടനും തങ്ങളെ കരയിപ്പിച്ചുവെന്നുമാണ് ഏറെയും കമന്റുകൾ. ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണെന്നും കരഞ്ഞുകൊണ്ടാണ് കണ്ട് തീർത്തിട്ടുള്ളതെന്നുമെല്ലാം കമന്റുകളുണ്ട്.
ഒന്ന് മുതൽ പൂജ്യം വരെ ആദ്യമായി കാണുമ്പോൾ ഈ സിനിമയിലെ ഗീതുവിന്റെ പ്രായമെ തങ്ങൾക്കുണ്ടായിരുന്നുള്ളുവെന്നും ചിലർ ഓർത്തെടുത്ത് കുറിച്ചിട്ടുണ്ട്. ഒന്ന് മുതൽ പൂജ്യം വരെയിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഗീതു മോഹൻദാസിന് ലഭിച്ചിരുന്നു. കെജിഎഫ് നായകൻ യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് ടോക്സിക് എന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ടാഗ്‌ലൈനോടെയുള്ള ചിത്രത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാഗമായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ശ്രുതി ഹാസനാണ് ടോക്‌സിക്കിൽ നായികയായെത്തുന്നത്. 2025 ഏപ്രിൽ 10ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.


Click it and Unblock the Notifications